ജനതിക എന്‍ജിനീയറിങ് അഥവാ ജനതിക പരിഷ്‌കരണം -ജീവജാലങ്ങളുടെ ജീനില്‍ ഘടനാമാറ്റം വരുത്തുന്ന ജീവശാസ്ത്ര ശാഖയാണിത്. ജന്തുക്കളിലെ കൃത്രിമ പ്രത്യുല്‍പാദനം, അവയില്‍ പുതിയതും മികവാര്‍ന്നതുമായ വര്‍ഗ്ഗങ്ങളുടെ സൃഷ്ടി എന്നിവ കൈകാര്യം ചെയ്യന്ന ഈ ശാസ്ത്രമേഖല 1970കളിലാണ് ആരംഭിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ നോവലിസ്റ്റായ ജാക്ക് വില്യംസണ്‍ 1951ല്‍ പ്രസിദ്ധീകരിച്ച ഡ്രാഗണ്‍സ് ഐലന്‍ഡ് എന്ന നോവലിലാണ് ജനറ്റിക് എന്‍ജിനീയറിങ് എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്.
മൃഗങ്ങളിലെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനും കന്നുകാലികളുടെ ആരോഗ്യവും ഉല്‍പാദനശേഷിയും വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. കാര്‍ഷിക രംഗത്ത് വിളവ് വര്‍ദ്ധിപ്പിക്കുവാനും വലിയ തോതില്‍ ജനതിക എന്‍ജിനീയറിങ് ഉപയോഗിക്കുന്നുണ്ട്. ജനിതക മാറ്റം വരുത്തിയ ധാന്യവിളവുകള്‍ക്ക് വിളവു നശിപ്പിക്കുന്ന പ്രാണികളില്‍നിന്നും കീടാണുക്കളില്‍നിന്നുമുള്ള പ്രതിരോധം ഉണ്ടായിരിക്കും. കാലാവസ്ഥാ വ്യതിയാനങ്ങളെ മറികടന്നു മികച്ച വിളവു നല്‍കാനും സാധിക്കും. വിവിധതരം രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, വാക്‌സിനുകള്‍, ഹോര്‍മോണുകള്‍ തുടങ്ങിയവ ഉല്‍പാദിപ്പിക്കുവാനും ഈ മേഖല അത്യാവശ്യമാണ്.
മിക്ക സര്‍വ്വകലാശാലകളിലും ജനിതക എജിനീയറിങ്ങ് ഒരു പ്രത്യേക കോഴ്സായി ഇല്ലെങ്കിലും ബയോടെക്‌നോളജി, മൈക്രോ ബയോളോജി, ബയോ കെമിസ്ട്രി എന്നിവയുടെ ഉപപഠന ശാഖയായിട്ടാണുള്ളത്. ബിരുദപഠനത്തിനു ജനറ്റിക് എന്‍ജിനീയറിങ് കോഴ്സുകള്‍ വിരളമാണ്. എന്നാല്‍ ബയോ ടെക്‌നോളജിയിലോ ബയോകെമിക്കല്‍ എന്‍ജിനീയറിങ്ങിലോ ബി.ടെക്. ബിരുദം എടുക്കാവുന്നതാണ്. ജനറ്റിക്സ്, ലൈഫ് സയന്‍സസ്,ബയോളജിക്കല്‍ സയന്‍സസ് എന്നിവയില്‍ ബിരുദ്ധം എടുത്തതിനുശേഷം ജനറ്റിക്സില്‍ ബിരുദാനന്തര ബിരുദം എടുക്കുന്നതാണ് മറ്റൊരു വഴി.
തിരുവനന്തപുരത്തെ ശ്രീചിത്ര കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി പാപ്പനംകോട്, മോഹന്‍ദാസ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി ആനാട്, തൃശൂരിലെ എം.ഇ.ടീസ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്, കൊടകര സഹൃദയ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി, നൂറനാട് ശ്രീബുദ്ധാ കോളേജ് ഓഫ് എന്‍ജിനീയറിങ് എന്നിവിടങ്ങളില്‍ ബയോടെക്‌നോളജിയിലും ബയോകെമിക്കല്‍ എന്‍ജിനീയറിങ്ങിലും ബി.ടെക്ക് ബിരുദം പഠിക്കാവുന്നതാണ്. പ്ലസ് ടൂവില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് എടുക്കുകയും സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ ലഭിച്ച റാങ്ക് അടിസ്ഥാനമാക്കിയുമായിരിക്കും മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനം.
കോഴിക്കോട് സര്‍വ്വകലാശാലയുടെ കീഴിലുള്ള കല്ലായിയിലെ എ.ഡബ്‌ള്യു.എച്ച് സ്പെഷ്യല്‍ കോളേജ് ബയോടെക്‌നോളജിയും ബയോകെമിസ്ട്രിയും സങ്കലിപിച്ചു ബി.എസ്.സി. ജനറ്റിക്സ് കോഴ്സ് നടത്തുന്നുണ്ട്. പ്ലസ് ടൂവില്‍ ഫിസിക്സും കെമിസ്ട്രിയും ഒപ്പം ജീവശാസ്ത്രത്തിലെ മറ്റൊരു ശാഖയെടുത്തവര്‍ക്ക് അപേക്ഷിക്കാം. ബെംഗളൂരു യൂണിവേഴ്‌സിറ്റിയ്ക്ക് കീഴിലുള്ള പത്മശ്രീ ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട്‌സിലും ബി.എസ്.സി ജനറ്റിക്സ് പഠിക്കാവുന്നതാണ് (www.padmashree.org).
ചെന്നൈ എസ്.ആര്‍.എം സര്‍വ്വകലാശാലയുടെ രാമപുരം ക്യാമ്പസ്സില്‍ ജനറ്റിക് എന്‍ജിനീയറിങ്ങില്‍ ബി.ടെക് കോഴ്സുണ്ട്. പ്ലസ് ടൂ സയന്‍സില്‍ 70 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ദേശീയാടിസ്ഥാനത്തിലുള്ള പ്രവേശന പരീക്ഷയാണ് മാനദണ്ഡം. തിരുവനന്തപുരത്തും കൊച്ചിയിലും പ്രവേശന പരീക്ഷ കേന്ദ്രങ്ങളുണ്ട് (www.srmuniv.ac.in). ഐഐടികള്‍ ജനറ്റിക് എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദ്ധം നല്‍കുന്നില്ലെങ്കിലും ബയോടെക്‌നോളജിയിലും ബയോകെമിക്കല്‍ എന്‍ജിനീയറിങ്ങിലും ബിരുദത്തിനു അവസരമുണ്ട്.
മദ്രാസ് ഐഐടി, ഖരഗ്പുര്‍ ഐഐടി, ഗുവാഹതി ഐഐടി, ഡല്‍ഹി ഐഐടി, റൂര്‍കീ ഐഐടി എന്നിവിടങ്ങളില്‍ പഞ്ചവര്‍ഷ ഇന്റഗ്രേറ്റഡ് എം.ടെക് കോഴ്സുകളും ബി.ടെക് കോഴ്സുകളുമുണ്ട്. ഇവയിലേക്ക് ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നേടാവുന്നതാണ്. എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ ബയോടെക്‌നോളജിയില്‍ സംയോജിത എം.എസ്.സി, എം.ടെക് പുണെ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇന്‍ഫോമാറ്റിക്‌സ് ആന്‍ഡ് ബയോടെക്‌നോളജിയില്‍ പ്രവേശനം നേടാം (www.unipune.ernet.in/ibb അഥവാ www.unipune.ac.in).
ബയോളജിക്കല്‍ സയന്‍സിലോ ജീവശാസ്ത്രത്തിലോ ബയോടെക്‌നോളജിയിലോ അനുബന്ധ കോഴ്സുകളും പൂര്‍ത്തിയാക്കിയവര്‍ക്ക് ഡല്‍ഹി സര്‍വ്വകലാശാല, ഹൈദരാബാദ് ഓസ്മാനിയ സര്‍വ്വകലാശാല, ഭോപ്പാലിലെ ബര്‍ക്കത്തുല്ല വിശ്വവിദ്യാലയ, ലുധിയാനയിലെ പഞ്ചാബ് അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി, ഹിസ്സാറിലെ ചൗധരി ചരണ്‍ സിംഗ് ഹരിയാന അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി, സംസ്ഥിപുരിലെ രാജേന്ദ്ര അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ എം.എസ്.സി ജനറ്റിക്സ് ബിരുദം ചെയ്യാവുന്നതാണ്.
കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്സിലെ ബോട്ടണി ഡിപ്പാര്‍ട്‌മെന്റില്‍ എം.എസ്.സി ജനറ്റിക് ആന്‍ഡ് പ്ലാന്റ് ബ്രീഡിങ്, മദ്രാസ് സര്‍വ്വകലാശായ്ക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ബേസിക്, മെഡിക്കല്‍ സയന്‍സസ് ചെന്നൈയിലും വെള്ളൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള വെള്ളൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും എം.എസ്.സി ബയോമെഡിക്കല്‍ ജനറ്റിക്സ് എന്നിവ പഠിക്കാം. വിശാഖപട്ടണം ആന്ധ്രാ സര്‍വ്വകലാശാല, അമൃത്സര്‍ ഗുരു നാനക്ക് ദേവ് യൂണിവേഴ്സിറ്റി, ചെന്നൈ ശ്രീരാമചന്ദ്രാ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ എം.എസ്.സി ഹ്യൂമന്‍ ജനറ്റിക്സ്, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയില്‍ എം.എസ്.സി. ജീനോണിക്ക് സയന്‍സ്, മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയില്‍ എം.എസ്.സി. പ്ലാന്റ് ജനറ്റിക്സ് എന്‍ജിനീയറിങ് ആന്‍ഡ് മൈക്രോബിയല്‍ ജീന്‍ ടെക്‌നോളജി, വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.സി മോളിക്യൂലാര്‍ ആന്‍ഡ് ഹ്യൂമന്‍ ജനറ്റിക്സ് എന്നീ അനുബന്ധ കോഴ്സുകള്‍ക്കും അവസരമുണ്ട്. ചില സര്‍വ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും ജനറ്റിക്സിലും അനുബന്ധ മേഖലയിലും ഗവേഷണത്തിന് സാധ്യതയുണ്ട്.
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ചില്‍ ഡോക്ടറല്‍ ഫിലോസോഫിയ്ക്ക് അവസരമുണ്ട്. കോഴിക്കോട് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ്, ലക്കിടിയിലെ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജ് ഓഫ് വെറ്റിനറി സയന്‍സസില്‍ (OBD) വെറ്റിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡറി (BVSc&AH) ബിരുദം ചെയ്യാവുന്നതാണ്.
പി.എച്.ഡി ലഭിച്ചു കഴിഞ്ഞാല്‍ അനുബന്ധ മേഖലയില്‍ ശാസ്ത്രജ്ഞന്‍ ആകാന്‍ സാധിക്കും. ഗവേഷണ മേഖലയിലും ഔഷധ നിര്‍മ്മാണ കമ്പനികളിലും ബയോടെക്‌നോളജി വ്യാവസായിക മേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴില്‍ അവസരമുണ്ട്. ന്യൂ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോണിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളോജി, ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫിംഗര്‍ പ്രിന്റിങ് ആന്‍ഡ് ഡയഗ്നോസിസ്, ചണ്ഡീഗറിലെ ബയോകെമിക്കല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് ആന്‍ഡ് പ്രോസസ് ഡെവലപ്‌മെന്റ് സെന്റര്‍ എന്നീ സ്ഥാപനങ്ങളില്‍ ജനറ്റിക് എന്‍ജിനീയറിങ്ങില്‍ പ്രധാനമായും തൊഴില്‍ അവസരങ്ങളുണ്ട്.