സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ (എസ്.എസ്.സി.) കമ്പൈന്‍ഡ് ഗ്രാജ്വറ്റ് ലെവല്‍ (സി.ജി.എല്‍.) ടയര്‍ വണ്‍ പരീക്ഷക്ക് ഇനി 22 ദിവസം. ജൂലൈ 25 ന് നടക്കാനിരിക്കുന്ന പരീക്ഷയുടെ വിജയത്തിന് അവസാന വട്ട തയ്യാറെടുപ്പ് വളരെ നിര്‍ണ്ണായകമാണ്. പഠിക്കുക എന്നതിനേക്കാള്‍ പരീക്ഷയെഴുതാന്‍ തയ്യാറാകുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. കാരണം അറിവിനേക്കാള്‍ അവ എങ്ങനെ, എത്രമാത്രം ഉത്തരക്കടലാസില്‍ പകര്‍ത്തുന്നു എന്നതാണ് മാര്‍ക്ക് നേടിത്തരിക.

ആദ്യം വേണ്ടത് പഠിച്ച കാര്യങ്ങള്‍ ഉറപ്പിക്കുകയാണ്. റിവിഷന്‍, കാര്യങ്ങളെ ഓര്‍ക്കാന്‍ മാത്രമല്ല അവയിലെ ആശയങ്ങളെ നാം ശ്രദ്ധിക്കാതെ പോയ മറ്റൊരു വീക്ഷണകോണിലുടെ കാണാനും സഹായിക്കുന്നു. വിഷയാടിസ്ഥാനത്തിലുള്ള ടെസ്റ്റ് പേപ്പറുകള്‍ ചെയ്തു നോക്കുന്നത് യ്യാറെടുപ്പിന്റെ നിലവാരം അറിയാന്‍ സഹായിക്കുന്നു. ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ മനസ്സിലാക്കാനും പഠിച്ചവയില്‍ തന്നെ പൂര്‍ണ്ണമായി ഓര്‍മ്മനില്‍ക്കാത്തവയെ തിരിച്ചറിഞ്ഞ് ഒന്നുകൂടെ വായിക്കാനും ഇതിലൂടെ സാധിക്കും.അതോടൊപ്പം ഉത്തരമെഴുതുന്നതിന്റെ വേഗവും കൂടുന്നു.

എത്രത്തോളം മോക്ക് ടെസ്‌ററുകള്‍ ചെയ്യുന്നോ അത്രത്തോളം അറിവിന്റെ മൂര്‍ച്ച കൂടും. പരീക്ഷയ്ക്കു വേണ്ടി ഇതിനകം ആവശ്യമായ പഠനം എല്ലാവരും നടത്തിയിട്ടുണ്ടാകും. ആ അറിവുകളെ പരീക്ഷയ്ക്കു വേണ്ടവിധം ഓര്‍ത്തെടുത്ത് ക്രമീകരിക്കാനും ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കാനുമാണ് ഇനി പരിശീലനം വേണ്ടത്. മാതൃകാ ചോദ്യപേപ്പറുകള്‍ ചെയ്തുനോക്കുന്നത് അതിന് സഹായിക്കും.

വിഷയം അനുസരിച്ചുള്ള മാതൃകാ ചോദ്യപേപ്പറുകള്‍ ഓരോ വിഷയങ്ങളും എത്രമാത്രം പഠിച്ചു എന്ന വിലയിരുത്താന്‍ സഹായിക്കുന്നു. സെക്ഷനല്‍ ചോദ്യപേപ്പറുകള്‍ ഓരോ വിഭാഗത്തിലും എത്ര നന്നായി തയ്യാറെടുപ്പ് നടത്തിയെന്ന് മനസ്സിലാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നവയാണ്. എല്ലാം ഉള്‍കൊള്ളിച്ച പൂര്‍ണ്ണ ചോദ്യപേപ്പറുകള്‍ യഥാര്‍ത്ഥ പരീക്ഷയെഴുതുന്ന അന്തരീക്ഷത്തില്‍ എഴുതിനോക്കേണ്ടതും വളരെ അത്യാവശ്യമാണ്. നിശ്ചിത സമയത്തിനുള്ളില്‍ പരീക്ഷാ സമ്മര്‍ദ്ദത്തില്‍ ഉത്തരമെഴുതുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഒരാള്‍ക്ക് എത്ര നന്നായി പരീക്ഷയെഴുതാന്‍ കഴിയുമെന്ന് മനസ്സിലാകുക.

എവിടെയെല്ലാം കുറവുകളുണ്ടെന്നും അവയെ പരീക്ഷാ കോണിലുടെ എങ്ങനെ മാറ്റിനോക്കി മനസ്സിലാക്കാമെന്നും പരീക്ഷയെ എങ്ങനെയാണ് സമീപിക്കേണ്ടതെന്നും ഒക്കെ സ്വയം ഒരു അവബോധം ഉണ്ടാക്കിയെടുക്കാന്‍ ഇവ സഹായിക്കും. ഇത്തരത്തില്‍ ഉത്തരമെഴുതി ശീലിക്കുന്നത് ആത്മവിശ്വാസം കൂട്ടുകയും പരീക്ഷയുടെ അന്ന് സമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുകയും ചെയ്യും.

ഓരോ മോക്ക് ടെസ്റ്റിനു ശേഷവും അവലോകനം നടത്തേണ്ടതും വളരെ പ്രധാനമാണ്. ലഭിക്കുന്ന മാര്‍ക്ക് വിലയിരുത്തിയ ശേഷം ശരിയായ ഉത്തരങ്ങള്‍ ഒന്നുകൂടെ ചെയ്തുനോക്കുക. ഇത്തവണ ചെയ്യേണ്ടത് ഉത്തരങ്ങളിലേക്ക് എത്താന്‍ മറ്റെന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്ന് പരിശോധിക്കുകയാണ്. മറ്റെന്തെങ്കിലും എളുപ്പ വഴി കിട്ടിയാല്‍ ആ രീതി അടുത്ത സമാന ചോദ്യങ്ങളിലും പ്രായോഗികമാകുന്നുണ്ടോ എന്ന് പരിശോധിക്കുക. കാരണം കുറഞ്ഞ സമയത്തിനുള്ളില്‍ വ്യക്തമായി ഉത്തരം കണ്ടെത്തി എഴുതുകയെന്നതാണ് പരീക്ഷ ആവശ്യപ്പെടുന്നത്. തെറ്റിയ ചോദ്യങ്ങള്‍ എന്തുകൊണ്ട് തെറ്റി എന്ന് പരിശോധിക്കുക. വീണ്ടും ആവര്‍ത്തിച്ച് പഠിക്കുക.

ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് പൂര്‍ണ്ണ ചോദ്യപേപ്പറെങ്കിലും ചെയ്യണം. എത്ര എണ്ണം ചെയ്തു എന്നതിനേക്കാള്‍ ചെയ്ത ഓരോ ടെസ്റ്റും വിശദമായി വിശകലനം ചെയ്യുകയും തയ്യാറെടുപ്പിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നതാണ് പ്രധാനം. അല്ലാത്തപക്ഷം സമയം നഷ്ടപ്പെടുകയല്ലാതെ ഒരു ഗുണവും ഇല്ലാതെ പോകും. ദിവസവും നിശ്ചിത സമയം ഓരോ ഭാഗങ്ങളായി തിരിച്ച് റിവിഷനു വേണ്ടിയും മാറ്റിവെക്കണം. സമ്മര്‍ദ്ദം കുറക്കാന്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും പരീക്ഷയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ശുഭകരമായി മാത്രം ചിന്തിക്കുന്നതും പരീക്ഷയെ നന്നായി നേരിടാന്‍ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here