സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചതോടെ ബിരുദ കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനത്തിന് സര്‍വകലാശാലകള്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വയംഭരണ പദവിയുള്ളവ ഒഴികെയുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലേക്ക് ബന്ധപ്പെട്ട സര്‍വകലാശാലകളാണ് അലോട്ട്‌മെന്റ് നടത്തുന്നത്.

കേരളയില്‍ അപേക്ഷ 17 വരെ

കേരള സര്‍വകലാശാലക്ക് കീഴിലുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ കോളജുകള്‍/സര്‍വകലാശാല പഠനകേന്ദ്രങ്ങളിലും (യു.ഐ.ടി) ബിരുദ കോഴ്‌സുകളില്‍ കേന്ദ്രീകൃത പ്രവേശനത്തിന് ആഗസ്റ്റ് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ആഗസ്റ്റ് 13 ന് ട്രയല്‍ അലോട്ട് പ്രസിദ്ധീകരിക്കും. 18 ന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 18 മുതല്‍ 24 വരെ ഓണ്‍ലൈനായി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പുവരുത്തണം. ഇതോടൊപ്പം നിലവിലുള്ള ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദ് ചെയ്യാനും അവസരമുണ്ടായിരിക്കും.

ആഗസ്റ്റ് 25ന് രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 25 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഓണ്‍ലൈനായി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കാം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ആഗസ്റ്റ് 26, 27, 31, സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ കോളജുകളിലെത്തി പ്രവേശനം നേടാം. വിശദവിവരങ്ങള്‍ക്ക്: https://admissions.keralauniversity.ac.in സന്ദര്‍ശിക്കുക.

കാലിക്കറ്റില്‍ 16 വരെ

കാലിക്കറ്റ് സര്‍വകലാശാലക്കുകീഴിലുള്ള കോളജുകളില്‍ ബിരുദ കോഴ്‌സ് പ്രവേശനത്തിനായി ആഗസ്റ്റ് ആറു മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം തുടങ്ങി. ആഗസ്റ്റ് 16 ന് വൈകീട്ട് അഞ്ചു വരെ ഫീസടച്ച് അപേക്ഷ സമര്‍പ്പിക്കാം. https://admission.uoc.ac.in/ വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജനറല്‍ വിഭാഗത്തിന് 280 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 115 രൂപയുമാണ് അപേക്ഷ ഫീസ്. ഇ.പേമെന്റ് (എസ്.ബി.ഐ ഓണ്‍ലൈന്‍/ അഫിലിയേറ്റഡ് കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെന്റര്‍/ ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം/ അക്ഷയ കേന്ദ്രം) രൂപത്തിലാണ് ഫീസ് അടക്കേണ്ടത്. വിവരങ്ങള്‍ പ്രവേശന പോര്‍ട്ടലില്‍ ലഭ്യമാണ്.

എം.ജിയില്‍ 13 വരെ

എം.ജി സര്‍വകലാശാലയില്‍ ആഗസ്റ്റ് 13 ന് വൈകീട്ട് നാലു വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം നടത്താം. www.cap.mgu.ac.in എന്ന പ്രവേശന പോര്‍ട്ടലില്‍ ‘UG CAP- 2021’ എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം.

ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 750 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് 375 രൂപയുമാണ് അപേക്ഷ ഫീസ്. ആഗസ്റ്റ് 18 ന് ട്രയല്‍ അലോട്ട്‌മെന്റും താല്‍ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണവും നടക്കും. വിവരങ്ങളില്‍ തിരുത്തല്‍, ഓപ്ഷനുകളുടെ പുനഃക്രമീകരണം, കൂട്ടിച്ചേര്‍ക്കല്‍, ഒഴിവാക്കല്‍ എന്നിവക്ക് ആഗസ്റ്റ് 18 മുതല്‍ 24 വരെ അവസരമുണ്ടാകും. ആദ്യ അലോട്ട്‌മെന്റ് ആഗസ്റ്റ് 27 ന് പ്രസിദ്ധീകരിക്കും. സര്‍വകലാശാലക്കുള്ള ഫീസ് 27 മുതല്‍ സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് നാലുവരെ ഒടുക്കാം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് 27 മുതല്‍ സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് നാലുവരെ ഫീസടച്ച് ഓണ്‍ലൈനായി പ്രവേശനം നേടാം.

സെപ്റ്റംബര്‍ രണ്ടു മുതല്‍ മൂന്നു വരെ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും ഒഴിവാക്കാനും അവസരമുണ്ടാകും. സെപ്റ്റംബര്‍ ഏഴിന് രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ഏഴു മുതല്‍ ഒമ്പതു വരെ ഫീസടച്ച് കോളജുകളില്‍ ഓണ്‍ലൈന്‍ പ്രവേശനം നേടാം. സെപ്റ്റംബര്‍ 10 മുതല്‍ 11 വരെ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും ഒഴിവാക്കാനും അവസരമുണ്ടാകും. സെപ്റ്റംബര്‍ 15 ന് മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 15 മുതല്‍ 17 വരെ ഫീസടച്ച് കോളജുകളില്‍ ഓണ്‍ലൈന്‍ പ്രവേശനം നേടാം.

കണ്ണൂരില്‍ വിജ്ഞാപനം ഉടന്‍

കണ്ണൂര്‍ സര്‍വകലാശാല ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ല. ഒരാഴ്ചക്കകം വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. https://admission.kannuruniversity.ac.in/ എന്ന പോര്‍ട്ടല്‍ വഴിയായിരിക്കും പ്രവേശന നടപടികള്‍.

സ്വയംഭരണ കോളജുകളില്‍ പ്രവേശനം നേരിട്ട്

സംസ്ഥാനത്തെ സ്വയംഭരണ കോളജുകളില്‍ പ്രവേശനത്തിന് കോളജുകള്‍ നേരിട്ടാണ് അപേക്ഷ സ്വീകരിക്കുന്നത്. ഇവിടേക്കുള്ള പ്രവേശനം സര്‍വകലാശാലകളുടെ കേന്ദ്രീകൃത പ്രവേശന നടപടികളില്‍ ഉള്‍പ്പെടില്ല. സ്വയംഭരണ കോളജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട കോളജുകളുടെ വെബ്‌സൈറ്റ് പരിശോധിച്ച് അപേക്ഷ സമര്‍പ്പിക്കണം.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് (marivanioscollege.com), കൊല്ലം ഫാത്തിമ മാത നാഷനല്‍ കോളജ് (fmnc.ac.in), ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ് (assumptioncollege.in), കോട്ടയം സി.എം.എസ്(cmscollege.ac.in), എറണാകുളം മഹാരാജാസ് (maharajas.ac.in), കോതമംഗലം മാര്‍ അത്തനേഷ്യസ്(macollege.in), മരിയന്‍ കോളജ് കുട്ടിക്കാനം (mariancollege.org), കളമശ്ശേരി രാജഗിരി കോളജ് (rajagiri.edu), തേവര സേക്രഡ് ഹാര്‍ട്ട് (www.shcollege.ac.in), എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് (www.alberts.edu.in), ചങ്ങനാശ്ശേരി എസ്.ബി കോളജ് (sbcollege.ac.in), എറണാകുളം സെന്റ്‌തെരേസാസ് (teresas.ac.in), ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് (christcollegeijk.edu.in), കോഴിക്കോട് ഫാറൂഖ് കോളജ് (www.farookcollege.ac.in), മമ്പാട് എം.ഇ.എസ് കോളജ് (mesmampadcollege.edu.in), കോഴിക്കോട് സെന്റ് ജോസഫ്‌സ് ദേവഗിരി കോളജ് (www.devagiricollege.org), ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് (stjosephs.edu.in), തൃശൂര്‍ സെന്റ് തോമസ് കോളജ് (stthomas.ac.in), തൃശൂര്‍ വിമല കോളജ് (www.vimalacollege.edu.in) എന്നിവയാണ് സ്വന്തമായി വിദ്യാര്‍ഥി പ്രവേശനം നടത്താനും പരീക്ഷ നടത്താനും അവകാശമുള്ള സ്വയംഭരണ കോളജുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!