ചരിത്രവും അതിന്റെ മൂല്യവും നിങ്ങൾ ഇഷ്ടപ്പെടുന്നുവെങ്കിൽ മ്യൂസിയോളജി എന്ന കോഴ്സ് നിങ്ങൾക്ക് ചേരുന്ന പഠന വിഭാഗമാണ്. പേരുപോലെ തന്നെ മ്യുസിയവുമായി ബന്ധപ്പെട്ട കോഴ്സുകൾ തന്നെയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഒരു മ്യൂസിയത്തിൽ നമ്മൾ കാണുന്ന ചരിത്രപരമായ വസ്തുക്കൾ സൂക്ഷിച്ച്, പരിപാലിച്ച് പ്രദർശന യോഗ്യമായ അവസ്ഥയിൽ നിലനിർത്തുന്നതൊക്കെയാണ് ഇതിൽ ഉൾപെടുന്നത്.

പുരാവസ്തുക്കൾ മാത്രമല്ല, ചരിത്ര പ്രാധാന്യമുള്ള താളിയോലകളിലും മൃഗത്തോലിലും മറ്റുമായുള്ള വിലമതിക്കാനാകാത്ത രേഖകൾ നശിച്ചുപോകാതെ സൂക്ഷിക്കൽ, ജന്തുജീവജാലങ്ങളുടെ സ്പെസിമനുകൾ, അസ്ഥികൂടങ്ങൾ, അനാട്ടമി ആൻഡ് ഡിസ്സെക്ഷൻസ്, കല, നൃത്തം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട പ്രദർശന വസ്തുക്കൾ, ആർട്ട് ഇൻസ്റ്റലേഷനുകൾ എന്നിങ്ങനെ എണ്ണമറ്റ പഠന-കലാ-സാംസ്കാരിക മേഖലകളിലേക്ക് നീളുന്നു മ്യൂസിയോളജി. പുരാവസ്തുക്കളുടെയും പ്രദർശനവസ്തുക്കളുടെയും മാനേജ്മെൻറ്, മ്യൂസിയം ഇന്റീരിയർ, പ്രസൻറ്റേഷൻ ആൻഡ് ഡിസൈനിങ്, ഡോക്യുമെന്റേഷൻ എന്നിവ കരികുലത്തിൽപ്പെടും.

ബിരുദം മുതൽ ഡോക്ടറൽ ഫിലോസഫിയും, പി.ജീ ഡിപ്ലോമയും തുടർ ഗവേഷണവുമെല്ലാം സാധ്യമായ മേഖലയാണിത്. പ്ലസ്ടുവാണ് ബിരുദത്തിന് യോഗ്യത. ആന്ത്രോപോളജി, ബോട്ടണി, ജിയോളജി, ചരിത്രം, ജന്തുശാസ്ത്രം എന്നിവയിൽ ബിരുദമുള്ളവർക്ക്‌ തുടർപഠനത്തിന് ഉത്തമ മേഖലയാണിത്.

കേരളത്തിൽ ചങ്ങനാശ്ശേരി അസ്സംഷൻ കോളജിൽ ബി.എ മ്യൂസിയോളജി ആൻഡ് ആർക്കിയോളജി കോഴ്‌സുണ്ട്. പാലയിലെ സെന്റ് തോമസ് കോളേജിൽ ബി.എ ഹിസ്റ്ററി വിത്ത് ആർക്കിയോളജി ആൻഡ് മ്യുസിയോളജി, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നും ആർക്കിയോളജി ആൻഡ് മൂസിയോളജി അഡ്വാൻസ്ഡ് ഡിപ്ലോമയും പഠിക്കാവുന്നതാണ്.

ഉത്തർപ്രദേശിലെ ഡോ. റാം മനോഹർ ലോഹിയ അവാദ് സർവകലാശാലയിൽ മ്യൂസിയോളജി ആൻഡ് ആർക്കിയോളജിൽ ബിരുദമുണ്ട്. വാരണാസിയിലെ ബനാറസ് ഹിന്ദു സർവകലാശാല, മധ്യപ്രദേശിലെ ജിവാജി സർവകലാശാല, ന്യൂ ഡൽഹിയിലെ നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് ആർട്ട് കൺസർവേഷൻ ആൻഡ് മ്യൂസിയോളജി, കൊൽക്കത്തയിലെ രബീന്ദ്ര ഭാരതി സർവകലാശാല, കൊൽക്കത്ത സർവകലാശാല, ഗുജറാത്ത് മഹാരാജ സയാജിരാവു യൂണിവേഴ്സിറ്റി ഓഫ് ബറോഡ, രാജസ്ഥാൻ സർവകലാശാല എന്നിവിടങ്ങളിൽ ബിരുദാനന്തര ബിരുദമായ എം.എ മ്യുസിയോളജി ലഭ്യമാണ്.

കൊൽക്കത്ത സർവകലാശാലയിലും അലിഗഢ് മുസ്ലിം സർവകലാശാലയിലും എം.എസ്.സി വിഷയമായും മ്യുസിയോളജി പഠിക്കാം. ഗുജറാത്തിലെ മഹാരാജ സയാജിരാവു യൂണിവേഴ്സിറ്റി ഓഫ് ബറോഡയിലും ഹൈദരാബാദ് ഓസ്മാനിയ സർവകലാശാലയിലും മ്യുസിയോളജിയിൽ പി.ജി ഡിപ്ലോമയുമുണ്ട്. ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് ആർട്ട് കൺസർവേഷൻ ആൻഡ് മ്യൂസിയോളജിയിൽ നിന്നും ഡോക്ടറൽ ഫിലോസഫിയും നേടാം.

ആയിരത്തിലധികം മ്യൂസിയങ്ങൾ സർക്കാർ- സ്വകാര്യ മേഖലകളിലായി ഉള്ള ഇന്ത്യയിൽ തൊഴിൽ സാധ്യതയ്ക്കൊപ്പം താൽപര്യത്തിന് അനുസരിച്ച് പരീക്ഷണങ്ങൾക്കും അവസരം ഉണ്ട്. മ്യൂസിയം ഡയറക്ടര്‍, ക്യുറേറ്റര്‍, എജ്യുക്കേറ്റര്‍, എക്സിബിഷന്‍ ഡിസൈനര്‍, കൺസർവേഷൻ സ്പെഷലിസ്റ്റ് തുടങ്ങിയ അനവധി തസ്തികകൾക്കപ്പുറം അധ്യാപന രംഗത്തും ശോഭിക്കാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!