ജീവിതത്തില്‍ എല്ലാവരും ഓര്‍ത്തിരിക്കുന്ന ഏടുകളാണ് കലാലയത്തിന്റെ അകത്തളത്തില്‍ ചെലവിടുന്നു. അവിടെ എന്തും ഏതും ആഘോഷിക്കപ്പെടുകയാണ്. അപൂര്‍വ്വം ചിലര്‍ കലാലയ ജീവിതത്തെ നഷ്ടബോധത്തോടെ തിരിഞ്ഞുനോക്കാറുണ്ട്. നഷ്ടപ്പെട്ട അവസരങ്ങള്‍ തിരിച്ചു വരില്ല എന്നോര്‍ക്കുക.വര്‍ഷങ്ങള്‍ അവ കണ്ണടച്ച് തുറക്കും മുമ്പ് കടന്നുപോകും. ഇതാ ഈ നിമിഷവും തീര്‍ന്നുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ മുന്‍പിലിരിക്കുന്ന മധുരപാനീയം പോലെ ജീവിതത്തെ നുണയൂ. അതിനാല്‍ കലാലയ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കൂ.
ധാരാളം സുഹൃത്തുക്കളെ ഉണ്ടാക്കുക. പരമാവധി സഹപാഠികളോട് സംസാരിക്കുക, അവരില്‍ ചിലര്‍ക്ക് നിങ്ങളെ ഇഷ്ടമല്ലെങ്കില്‍ കൂടി. പഴയ വിനോദം പൊടിതട്ടിയെടുക്കുക. കലാലയ പരിപാടികള്‍ സംഘടിപ്പിക്കുക. ഓരോ ദിവസവും പുതിയതെന്തെങ്കിലും ചെയ്യുക.
പടം പിടിക്കാം. നിമിഷങ്ങളെ ഒപ്പിയെടുക്കുക, രൂപങ്ങളെയല്ല! ദൂരയാത്ര പ്ലാന്‍ ചെയ്യുക. പെട്ടന്നൊരു സുപ്രഭാതത്തില്‍ ചങ്കുകളെയും കൂട്ടി പോക്കു പോകുക. നിങ്ങളുടെ പ്രൊഫസറെ ഇടയ്ക്കിടെ പോയി കണ്ട് സംസാരിക്കണം. വല്ലപ്പോഴും അവരുടെ ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കണം. വെറുതെ ഒരു രസം.
നിങ്ങളുടെ സുഹൃത്തുക്കളെ നിങ്ങള്‍ എത്ര സ്‌നേഹിക്കുന്നുവെന്ന് അവരും അറിയട്ടെ -വാക്കുകളിലൂടെയല്ല, പ്രവര്‍ത്തിയിലൂടെ. മത്സരങ്ങള്‍ ആഘോഷങ്ങളാവട്ടെ. തോല്‍വിയിലും ആര്‍പ്പുവിളിച്ച് സന്തോഷിക്കൂ. അന്തിമഫലത്തെക്കാള്‍ വലുതാണ് ആസ്വദിച്ച് പങ്കെടുക്കുന്നത്. എതിര്‍ടീമുകളെ കളിയാക്കണം. കളിയാക്കുമ്പോഴും ബഹുമാനിക്കണം.
നിങ്ങളെ സ്വയം വെല്ലുവിളിക്കൂ. ചെയ്യാന്‍ കഴിയില്ലെന്നു കരുതിയവ ചെയ്തു കാണിക്കൂ. തിരഞ്ഞെടുപ്പില്‍ മത്സരിക്കുക. അവയുടെ വിദ്വേഷമല്ലാതെ രസം ഉള്‍ക്കൊള്ളാന്‍ മനസ്സിനെ ശീലിപ്പിക്കുക. നിങ്ങള്‍ ചേരാത്ത ക്ലാസ്സുകളില്‍ ചെന്നിരുന്നു ക്ലാസ്സുകള്‍ കേള്‍ക്കുക. ഒരു പുതിയ ഭാഷ പഠിക്കുക. ഒരു രാത്രി ലൈബ്രറിയില്‍ തങ്ങി നോക്കൂ.
ചങ്കുകള്‍ക്ക് അമ്പരപ്പിക്കുന്ന ഇരട്ടപ്പേരിടുക. അവരെ രൂപം കൊണ്ട് അപഹസിക്കാതിരിക്കുക. വിശക്കുന്നവന് ചോറ്റുപാത്രം നീട്ടുക. മറ്റവന്റെ പാത്രത്തില്‍ നിന്നും കയ്യിട്ട് വാരുക. കോളേജ് മാസികയില്‍ നിങ്ങളുടേതായ എന്തെങ്കിലും എഴുതുക. ക്യാംപസിലൂടെ ഒറ്റക്ക് ഒരു നടത്തം നടക്കുക. ക്യാംപസിലെ പ്രവേശിക്കാന്‍ അനുവാദമില്ലാത്തിടത്ത് ഒരിക്കല്‍ കയറുക.
കോളേജ് ഡേ ദിവസങ്ങളില്‍ സ്വയം മറന്ന് ആടുകയും പാടുകയും ചെയ്യുക. ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ മാര്‍ഗ്ഗദര്‍ശിയാകുക. നിങ്ങള്‍ വിശ്വസിക്കുന്നവയില്‍ ഉറച്ചു നില്‍ക്കുക. സമാധാനപരമായി. കൂട്ടുകാര്‍ക്കൊപ്പം ഉള്ളതുവെച്ച് ഭക്ഷണം പാകം ചെയ്യുക. രുചിയില്ലെങ്കിലും അവ ആസ്വദിച്ച് കഴിക്കുക.
നിങ്ങളെ സ്വാധീനിച്ച ഓരോരുത്തര്‍ക്കും വ്യക്തിപരമായി നന്ദി പറയുക. അവരുടെ ചെയ്തികളെ മനോഹരമായി അഭിനന്ദിക്കുക. സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ ഭാഷ ഉപയോഗശൂന്യമാണ്. ഹൃദയം കൊണ്ട് സംവദിക്കാന്‍ പഠിക്കുക. തെറ്റുകള്‍ ചൂണ്ടിക്കാട്ടുക, സൗമ്യമായി.
പറ്റുമെങ്കില്‍ വിചിത്രമായി വസ്തം ധരിക്കുക. ഒരു സംഗീതോപകരണമെങ്കിലും പഠിക്കാന്‍ ശ്രമിക്കുക. പാടാന്‍ തോന്നിയാല്‍ പാടുക.
മഴയത്ത് നനയുക. സൂര്യോദയം കാണുക. ഇതിനിടയിലും നിങ്ങളുടെ ജീവിത ലക്ഷ്യങ്ങള്‍ക്കുവേണ്ടി ദിവസവും അല്‍പ സമയം മാറ്റിവെക്കുക. ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ് സന്തോഷം ഉണ്ടാവുക.