തൊഴില്‍മേഖല ഒന്നുമാറ്റി പിടിച്ചാലോ എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇപ്പോഴത്തെ ജോലി മടുത്തു തുടങ്ങിയോ? മറ്റേതെങ്കിലും ജോലി ചെയ്താല്‍ ഇതിനേക്കാള്‍ നന്നായി  പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ? എന്നിട്ടും എന്തുകൊണ്ടാണ് ഇതുവരെയും മറ്റൊരു തൊഴില്‍ മേഖലയില്‍ ജോലിക്കു ശ്രമിക്കാത്തത്? ഉത്തരം പലതരം ആശങ്കകള്‍ ആയിരിക്കും.

ഏത് തൊഴില്‍മേഖല തിരഞ്ഞെടുക്കണം? അവിടെയും ഇത്തരം മടുപ്പുകള്‍ തോന്നിയാലോ? ആ ജോലിക്ക് സ്ഥിരത ഉണ്ടാകുമോ? ഇപ്പോഴുള്ള ജോലി നഷ്ടപ്പെടുമ്പോള്‍ അടുത്ത ജോലി കിട്ടുന്നവരെ ലോണും മറ്റ് കാര്യങ്ങളും എങ്ങിനെ നടക്കും?  ഇത്തരം ഒട്ടേറെ ആശങ്കകളാണ് നമ്മെ പിടിമുറുക്കുക. ഫലമോ നമ്മള്‍ ഇഷ്ടപ്പെടാത്ത അതേ തൊഴില്‍ മേഖലയില്‍ കടിച്ചുതൂങ്ങി നില്‍ക്കുക തന്നെ ചെയ്യും.
യഥാര്‍ത്ഥത്തില്‍ ഇത്രയധികം ആശങ്കകളുടെയും ഭയത്തിന്റെയും കാര്യമുണ്ടോ?

കരിയര്‍ മാറ്റം എന്നത് ഇന്നത്തെ ലോകത്ത് അത്ര വലിയ കാര്യമൊന്നുമല്ല. ഇപ്പോഴത്തെ ജോലിയില്‍ സംതൃപ്തി കണ്ടെത്താന്‍ കഴിയാത്ത ഒട്ടേറെ പേര്‍ പുതിയ തൊഴില്‍ മേഖലയിലേക്ക് ചാടി വിജയം കൈവരിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും ജോലി തനിക്ക് ഇതിനേക്കാള്‍ നന്നായി ചെയ്യാന്‍ കഴിയും എന്ന തോന്നലാണ് എല്ലാത്തിന്റെയും തുടക്കം. അങ്ങനെയൊരു തോന്നല്‍ നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും.

ഏത് മേഖലയിലാണ് നിങ്ങള്‍ക്ക് കഴിവ് തെളിയിക്കാന്‍ കഴിയുക എന്നാണ് ആദ്യം കണ്ടെത്തേണ്ടത്. അതിന്, പുറം ലോകത്തേക്കല്ല മറിച്ച് അവനവനിലേക്ക് നോക്കുക. ജോലി ഭാരമില്ലാതെ ആസ്വദിച്ച് ചെയ്യാന്‍ കഴിയുമ്പോഴാണ് അതില്‍ വിജയിക്കുക. അതിന് അവയോട് നമുക്ക് അത്യധികമായ ആവേശം വേണം. അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് മടുപ്പിനു പകരം ആത്മവിശ്വാസവും ഊര്‍ജ്ജവും നല്‍കണം.

നിങ്ങള്‍ ഇതുവരെ എന്ത് ജോലി ചെയ്തു എന്നോ ഇനി ചെയ്യാന്‍ പോകുന്ന ജോലി പുതിയതാണ് എന്നതോ അതിന്റെ വിജയത്തെ സ്വാധീനിക്കുന്നില്ല. നിങ്ങള്‍ ഒന്നു തുടങ്ങാന്‍ ആഗ്രഹിക്കുകയും പൂര്‍ണമായും ആത്മാവും മനസ്സും അര്‍പ്പിക്കുകയും ചെയ്താല്‍ വിജയം ഉണ്ടാവുകതന്നെ ചെയ്യും.

പലപ്പോഴും നമ്മള്‍ ഒരു തൊഴില്‍മേഖല തിരഞ്ഞെടുക്കുന്നത് അതിലെ ജോലിസാധ്യത കണക്കാക്കിയാണ്. മറ്റുള്ളവര്‍ ആ മേഖലയില്‍ നേടിയ വിജയം നമ്മെയും അതെടുക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ നമുക്ക് അതില്‍ യഥാര്‍ത്ഥത്തില്‍ അഭിരുചി ഉണ്ടോ ഇന്ന് പലപ്പോഴും ചിന്തിക്കാറില്ല. ചിലരുടെ കാര്യം അങ്ങനെ ആയിരിക്കില്ല; ആ മേഖലയില്‍ താല്പര്യം തോന്നിയിട്ടുണ്ടാകും. ചെയ്യാന്‍ കഴിയുമെന്ന വിശ്വാസവും ഉണ്ടാകും . എന്നാല്‍ ചെയ്തു തുടങ്ങുമ്പോള്‍ മാത്രമാണ് പൂര്‍ണ്ണമായും സംതൃപ്തി ആ ജോലിയില്‍ നിന്നും ലഭിക്കില്ല എന്ന് മനസ്സിലാകുന്നത്.

തലച്ചോര്‍ പറയുന്നതുകേട്ട് പ്രായോഗികമാകുന്നതിനേക്കാള്‍ ജീവിത വിജയം നേടാന്‍ നല്ലത് ഹൃദയം പറയുന്നതുകേട്ട് വെല്ലുവിളികളെ അതിജീവിക്കാന്‍ ധൈര്യം കാണിക്കുന്നതാണ്. സിനിമാ താരങ്ങള്‍ മുതല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വരെ, ഐ.ടി. പ്രൊഫഷണലുകള്‍ മുതല്‍ ബിസിനസ് സാമ്രാട്ടുകള്‍ വരെ ഇങ്ങനെ കരിയര്‍ മാറ്റി വിജയം കൊയ്തവർ ഏറെയാണ്. അവരുടെ കൈമുതല്‍ തോന്നലുകളെ പിന്തുടരാനുള്ള ധൈര്യവും തന്റെ കഴിവുകളിലുള്ള വിശ്വാസവുമായിരുന്നു.

അതുകൊണ്ട് ധൈര്യമായി നിങ്ങളുടെ സ്വപ്നങ്ങള്‍ പിന്തുടരുക. നിരാശയുടെ ഇപ്പോഴത്തെ ജോലിയും ജീവിതവും ജീവിച്ചെന്ന് വരുത്തി തീര്‍ക്കുന്നതിനേക്കാള്‍ നല്ലതാണ് പുതിയ സ്വപ്നങ്ങള്‍ക്ക് വേണ്ടി പ്രയത്‌നിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!