ഇന്ത്യയുടെ സ്റ്റീൽ മാൻ – ജംഷെഡ് ജെ ഇറാനി. എൺപത്തി ആറാം വയസിൽ മരിക്കുമ്പോൾ ജെജെ ഇറാനി അറിയപ്പെടുന്നത് തന്നെ ഇന്ത്യയുടെ സ്റ്റീൽ ഇൻഡസ്ട്രിയുടെ തലവര മാറ്റിയെഴുതിയ ആളായാണ്. ജംഷെഡ്‌ജി ടാറ്റയുടെ ദീര്ഘവീക്ഷണത്തിൽ  പിറന്ന ടാറ്റ സ്റ്റീൽ എന്ന, ഒരു നഗരത്തിന്റെ തന്നെ മുഖച്ഛായ മാറ്റിയ സ്റ്റീൽ കമ്പനിയെ ഇന്നീ കാണുന്ന നിലയിൽ എത്തിച്ചതിൽ ജെജെ ഇറാനിയുടെ പങ്ക് വളരെ വലുതാണ്. തൊണ്ണൂറുകളിൽ ലിബറലൈസേഷൻ നടപ്പാക്കുമ്പോൾ ഇന്ത്യയുടെ സ്റ്റീൽ വ്യവസായത്തെ പച്ചപിടിപ്പിക്കാൻ മുന്നിലുണ്ടായിരുന്നത് ടാറ്റ സ്റ്റീലിന്റെ അമരക്കാരനായിരുന്ന ഇറാനി തന്നെ.

രാജ്യത്തെ സുപ്രധാനമായ പല വ്യവസായ നിയമങ്ങളും രൂപീകരിക്കുമ്പോൾ എക്സ്പെർട്ട് കമ്മിറ്റികളിൽ ജംഷെഡ് ജെ ഇറാനി എന്ന മെറ്റലർജി വിദഗ്ധന് ഒരു സീറ്റ് ഉണ്ടായിരുന്നു. ഇൻഡസ്ട്രിക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2007 ൽ പദ്മ ഭൂഷണും, 2008 ൽ കേന്ദ്ര സർക്കാരിന്റെ ലൈഫ്‌ടൈം അചീവമെന്റ് അവാർഡും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ടാറ്റ ഗ്രൂപ്പിന്റെ വിവിധ കമ്പനികളിൽ ഡയറക്ടർ ആയി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് 2011 വരെ ടാറ്റ സ്റ്റീൽ ബോർഡ് അംഗമായിരുന്നു. ഇന്നിപ്പോൾ ഈ നാടിനെ വിട്ടു പിരിഞ്ഞത് ഇന്ത്യയുടെ സ്റ്റീൽ വ്യവസായത്തെ ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞതാക്കാൻ സംഭാവന ചെയ്ത ഒരു വലിയ ഇന്ടസ്ട്രിയലിസ്റ്റ് ആണ്.