റസൂൽ പൂക്കുട്ടി ഓസ്‌കർ നേടിയതോടുകൂടിയാണ് കേരളത്തിൽ സൗണ്ട് എൻജിനീയറിങ് എന്ന ശാഖ എല്ലാരും ശ്രദ്ധിച്ചു തുടങ്ങിയത്. സിനിമ, ടെലിവിഷൻ, പരസ്യം തുടങ്ങിയ രംഗങ്ങളിലൊക്കെ അനിവാര്യമായ ഒന്നാണിത്. സൗണ്ട് റെക്കോർഡിങ്, ഡിസൈനിങ്, എഡിറ്റിംഗ്, മിക്സിങ് തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. ഇറ്റ് വീഴുന്ന ഒരു മഴത്തുള്ളിയുടെ ശബ്‌ദം മുതൽ യുദ്ധരംഗങ്ങളിലെ കോലാഹലം വരെ വിവിധതരത്തിലുള്ള ശബ്‌ദങ്ങൾ സൃഷ്ടിക്കപ്പെടുന്നത് സൗണ്ട് എൻജിനീയറുടെ വിരുതിലാണ്.

സൗണ്ട് എൻജിനീയറിങ്ങിനു പ്രധാനമായും വേണ്ടത് അഭിരുചിയും താല്പര്യവുമാണ്. പ്ലസ് ടൂവിനു ഫിസിക്‌സ് പഠിച്ചിട്ടുള്ള ഏതൊരു ബിരുദധാരിക്കും പി.ജി.ഡിപ്ലോമ തലത്തിലുള്ള സൗണ്ട് എങ്ങിനെവെയറിങ് കോഴ്‌സിന് ചേരാം. പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ സൗണ്ട് റെക്കോർഡിങ് ആൻഡ് സൗണ്ട് ഡിസൈനിങ്ങിനു മൂന്ന് വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് നടത്തുന്നുണ്ട്. ഒരു വർഷത്തെ  സൗണ്ട് റെക്കോർഡിങ് ആൻഡ് ടിവി എൻജിനീയറിങ് പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് കോഴ്‌സുമുണ്ട്. അഖിലേന്ത്യ തലത്തിലുള്ള പ്രവേശന അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ ഇൻ സൗണ്ട് റെക്കോർഡിങ് ആൻഡ് സൗണ്ട് എൻജിനീയറിങ് കോഴ്‌സിൽ ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങൾ പഠിച്ച അറുപത് ശതമാനം മാർക്കോടെ പ്ലസ് ടൂ വിജയിച്ചവർക്കാണ് പ്രവേശനം. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങും അറുപത് ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത ഡിപ്ലോമ നേടിയവർക്ക്അപേക്ഷിക്കാം.

കൊച്ചിയിലെ അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസ്, എം.എഫ്.എ. വിഷ്വൽ മീഡിയ കോഴ്‌സ് നടത്തുന്നുണ്ട്. ചങ്ങനശ്ശേരിയിലെ സെന്റ് ജോസഫ്സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ എം.എ. സിനിമ ആൻഡ് ടെലിവിഷൻ കോഴ്സും തിരുവനന്തപുരത്തെ സി-ഡിറ്റിൽ പി.ജി. ഡിപ്ലോമ കോഴ്‌സുമുണ്ട്.

സ്കൂൾ ഓഫ് ഓഡിയോ എൻജിനീയറിങ്ങിന്റെ ചെന്നൈ, ബാംഗ്ലൂർ, മുംബൈ, ഡൽഹി കേന്ദ്രങ്ങൾ, തിരുവനന്തപുരത്തെ സൗണ്ട് എൻജിനീയറിങ് അക്കാദമി, മുംബൈയിലെ വിസ്ലിങ് വുഡ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിലിം ടെലിവിഷൻ ആനിമേഷൻ ആൻഡ് മീഡിയ ആർട്സ് എന്നിവയാണ് സൗണ്ട് എൻജിനീയറിങ് രംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങൾ.

സ്റ്റുഡിയോ സൗണ്ട് റെക്കോർഡിസ്റ്റ്, സൗണ്ട് എജിനീയർ, സൗണ്ട് ഡിസൈനർ, സൗണ്ട് ഇഫക്ട്സ് എഡിറ്റർ, സൗണ്ട് മിക്സിംഗ് എൻജിനീയർ എന്നീ തസ്തികകളിൽ ആണ് ജോലി ലഭിക്കുക. ഫിലിം സ്റ്റുഡിയോകൾ, ടെലിവിഷൻ ചാനലുകൾ, ആനിമേഷൻ സ്റ്റുഡിയോകൾ, മൾട്ടമീഡിയ പോസ്റ്റ് പ്രൊഡക്ഷൻ യൂണിറ്റുകൾ എന്നിവടങ്ങളിൽ സൗണ്ട് എൻജിനീയർ മാർക്ക് ഒട്ടേറെ അവസരങ്ങളുണ്ട്.

Leave a Reply