എത്ര ഇഷ്ടമുള്ള ജോലിയാണെങ്കിലും ചിലപ്പോഴെങ്കിലും നമുക്ക് മടുപ്പ് തോന്നാം. ജോലി അത്ര ഇഷ്ടമല്ലാത്തത് കൂടെയാണെങ്കില്‍ പറയുകയും വേണ്ട. 10 മണി മുതല്‍ 5 മണി വരെ ഓഫീസില്‍ കഴിച്ചു കൂട്ടുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. ഒരു ജോലി പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. എന്നാല്‍ ചെയ്തുതീര്‍ക്കാന്‍ കുന്നുപോലെ ഉണ്ട് താനും. അപ്പോള്‍പ്പിന്നെ മടുപ്പ് മാറ്റുകയേ നിവൃത്തിയുള്ളൂ. അതിനിതാ ചില എളുപ്പവഴികള്‍-
എന്തെങ്കിലും കഴിക്കാം
പലപ്പോഴായി ഒരുപാട് സമയം ഒരുപോലെ ഇരിക്കേണ്ടി വരുന്നവരുടെ ശീലമായിരിക്കും സ്‌നാക്‌സ് കഴിക്കുക എന്നത്. അനാരോഗ്യകരമായ ജങ്ക് ഫുഡിനെ കുറിച്ചല്ല ഇവിടെ പറയുന്നത്. പോഷക ഗുണങ്ങള്‍ ഉള്ള ആരോഗ്യകരമായ ചെറു കടികള്‍ ഇടയ്ക്കിടെ കഴിക്കുന്നത് നമ്മെ ഊര്‍ജസ്വലരാക്കും.
ഇടവേളകള്‍ എടുക്കാം
ജോലിക്കിടെ ചെറിയ ഇടവേളകള്‍ എടുക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച് കമ്പ്യൂട്ടറില്‍ ചെയ്യുന്ന ജോലികളില്‍ നിന്ന് 5 മിനിറ്റ് ഇടവേളകള്‍ എടുക്കുന്നത് .കുറച്ച് സമയം പച്ചപ്പിലേക്ക് നോക്കിനില്‍ക്കുന്നതും ബാത്ത്‌റൂമിലേക്കോ കാന്റീനിലേക്കോ ഒന്ന് നടക്കുന്നതും ഒക്കെ നല്ലതാണ്. ജോലിയില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന എന്തും നല്ലതാണ്. അത് ശരീരത്തിനു കൂടി ആയാസം ലഭിക്കുന്നതായാല്‍ വളരെ നല്ലത്.
അടുക്കും ചിട്ടയും
നാം ഇരിക്കുന്ന ഇടം ഒതുക്കി വെച്ചാല്‍ ഏകാഗ്രത കൂടുമോ? കൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നാം തൊഴില്‍ ചെയ്യുന്ന മേശയും ചുറ്റുപാടും അടുക്കി ഒതുക്കി വെക്കുന്നത് നിങ്ങളുടെ ശ്രദ്ധ കൂട്ടുക മാത്രമല്ല ഈ ശീലം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിങ്ങളില്‍ മതിപ്പുളവാക്കാനും സഹായിക്കും. നിങ്ങള്‍ ജോലി ചെയ്യുന്നുടം വൃത്തിയായി ഒരുക്കി വെക്കുന്നത് കാര്യങ്ങളെ വ്യക്തമായി ക്രമീകരിക്കാന്‍ നിങ്ങള്‍ക്ക് അറിയാമെന്നും ചെയ്യുന്ന ജോലി ഗൗരവമായി എടുക്കുന്ന ആളാണ് നിങ്ങളെന്നും മേലുദ്യോഗസ്ഥനോട് പറയാതെ പറയുകയാണ്.
ചെറിയ ലിസ്റ്റുകളാക്കാം
ചെയ്യേണ്ട ജോലിയുടെ നീണ്ടനിര കാണുമ്പോള്‍ തന്നെ നമുക്ക് മടുപ്പ് പിടിക്കും. അതുകൊണ്ട് ഓരോ ദിവസവും ചെയ്തു തീര്‍ക്കേണ്ട ജോലിയുടെ ചെറിയ ലിസ്റ്റുകള്‍ തയ്യാറാക്കുക. ഇത് ഓരോ വര്‍ക്കിലും പ്രത്യേകമായ ശ്രദ്ധ കൊടുക്കാന്‍ നിങ്ങളെ സഹായിക്കും. വേഗം തീര്‍ക്കണമെന്ന സമ്മര്‍ദ്ദം ഇല്ലാതെ ജോലിചെയ്യുമ്പോള്‍ തന്നെ നന്നായി ചെയ്യാനും സാധിക്കും.