പുതിയ കോഴ്‌സുകൾ പറ്റിയുള്ള അറിയിപ്പുകൾ കാണുമ്പൊൾ അതിലൊന്ന് കൈവെയ്ക്കണമെന്നു തോന്നാത്തവരുണ്ടോ ?പ്രായം കടന്നു പോയി, നിശ്ചിത യോഗ്യത ഇല്ല എന്നൊക്കെയുള്ള കാരണങ്ങളാൽ പഠനമെന്ന ആഗ്രഹം വഴിയിൽ ഉപേക്ഷിക്കുന്നവരാണ് നല്ലൊരു പങ്കും. പുത്തൻ തലമുറക്കാരുടെ കൂടെ എങ്ങനെ പോയിരിക്കും എന്ന ചിന്ത കാരണം പിന്മാറുന്നവരും നമുക്കിടയിൽ ഉണ്ട്. അത്തരക്കാർക്ക് ജോലി സാധ്യതയുള്ള ഒരുപിടി കോഴ്‌സുകളുമായാണ് സംസ്ഥാന റിസോഴ്‌സ് സെന്ററിന്റെ കമ്മ്യുണിറ്റി കോളേജുകളുടെ വരവ്.

കേരളത്തിന്റെ അനൗപചാരിക വിദ്യാഭ്യാസ രംഗത്ത് നാല് ദശാദ്‌ബമായി പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്. കേന്ദ്ര സർക്കാരിന്റെ മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ സഹായധനത്തോടെയാണ് പ്രവർത്തനം. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഗവേർണിംഗ് ബോഡി ചെയർമാൻ. മാറിയ കാലത്തിനനുസരിച്ച് തയാറാക്കിയ സർട്ടിഫിക്കറ്റ് – ഡിപ്ലോമ കോഴ്‌സുകൾ  പഠിക്കാനുള്ള സൗകര്യമാണ് കമ്മ്യുണിറ്റി കോളജുകളിലുള്ളത്. ഓപ്പൺ ഡിസ്റ്റൻസ് ലേർണിംഗ് രീതി ഉപയോഗപ്പെടുത്തി അറിവും കഴിവും മെച്ചപെടുത്താം.

ജനുവരി, ജൂലൈ മാസങ്ങളിലാണ് ക്‌ളാസ്സുകൾ തുടങ്ങുന്നത് അവധി ദിവസങ്ങളിൽ ഉള്ള സമ്പർക്ക പഠന ക്‌ളാസ്സുകളാണ് പ്രത്യേകത. എല്ലാ ജില്ലകളിലും സമ്പർക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ പരീക്ഷാ കേന്ദ്രങ്ങളും. ഡിപ്ലോമ കോഴ്സ് ഒരു വർഷവും സർട്ടിഫിക്കറ്റ് കോഴ്സ് 6 മാസവുമാണ് . 18 വയസ്സ് തികഞ്ഞിരിക്കണമെന്ന് മാത്രം. എട്ടാം തരം ജയിച്ചവർക്കും പഠിക്കാം. എല്ലാ കോഴ്‌സുകൾക്കും പ്രായോഗിക പരിശീലനത്തിനാണ് മുൻ‌തൂക്കം. ഫീസും കുറവാണ്.

പഠനം പൂർത്തിയാക്കുന്നവർക്ക് സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ സർട്ടിഫിക്കറ്റാണ് നൽകുന്നത്. ഡി.സി.എ. കോഴ്‌സിന് പി.എസ്.സിയുടെ അംഗീകാരമുണ്ട്. ഓർക്കുക, സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലല്ല കാര്യം, ജീവിക്കാനൊരു തൊഴിലും സമൂഹത്തിൽ എല്ലാവര്ക്കും പഠിക്കാനുള്ള അവസരവുമാണ് ലക്‌ഷ്യം.

അധ്യാപകർക്കും രക്ഷിതാക്കൾക്കും എന്നുംവെല്ലുവിളിയാണ് വിദ്യാർഥികളിലെ പഠന വൈകല്യം. പഠന വൈകല്യത്തിനുള്ള കാരണം , പരിഹാരമാർഗങ്ങൾ, ബോധന രീതികൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്കുള്ള ഉത്തരമാണ് മാനേജ്‌മന്റ് ഓഫ് ലേർണിംഗ് ഡിസബിലിറ്റി കോഴ്സ്. ആറുമാസത്തെ ഈ കോഴ്സ് അധ്യാപകർക്കാണ് ഏറെ പ്രയോജനപ്പെടുക. പ്രായോഗിക പരിശീലനത്തിനാണ് പ്രാധാന്യം നൽകുന്നത്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പഠിക്കാം.

ഔഷധ രഹിത ചികിത്സാ സന്പ്രദായമെന്ന രീതിയിൽ അക്യുപ്രഷർ ചികിത്സാരീതി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആറ് മാസം ദൈർഘ്യമുള്ള അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്സുകൊണ്ട്  ഓരോ വീട്ടിലും ഒരാളെയെങ്കിലും ചികിത്സാരീതി പരിശീലിപ്പിക്കുകയാണ് ലക്‌ഷ്യം. മറ്റു പഠനകേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കൃത്യമായ തിയറി അടിസ്ഥാനപ്പെടുത്തി ആറ്  മാസം കൊണ്ട്  യോഗ പഠിപ്പിക്കുന്ന രീതിയാണ് കമ്മ്യുണിറ്റി കോളജ് പിന്തുടരുന്നത്.

പ്രമുഖ ആയുർവേദ ആശുപത്രികളുമായി ചേർന്ന് നടത്തുന്ന ഒരു വർഷത്തെ ആയുർവേദിക് തെറാപ്പി ആൻഡ് മാനേജ്‌മന്റ്  കോഴ്സ് പഠിച്ചാൽ പഞ്ചകർമ അസിസ്റ്റന്റായി ജോലി ചെയ്യാം. പഞ്ചകർമ്മയ്‌ക്കൊപ്പം ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മന്റ്, ഫാർമസി മാനേജ്‌മന്റ്, നേഴ്‌സിങ് കെയർ എന്നിവയും പഠനവിഷയങ്ങളാണ്. പ്രമുഖ മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായത്തോടെ രൂപകല്പന ചെയ്ത അടിസ്ഥാന മനഃശാസ്ത്രവും സ്‌കൂൾ കൗണ്‍സലിങ് പഠിപ്പിക്കുന്ന ആറുമാസത്തെ കോഴ്‌സാണ് കൗസിലിങ് സൈക്കോളജി.

വൻതുക നൽകി ബ്യൂട്ടിഷൻ കോഴ്സ് പഠിക്കാൻ എല്ലാര്ക്കും കഴിയണമെന്നില്ല. സാധാരണക്കാരെ ബ്യൂട്ടികെയർ പഠിപ്പിക്കാനും പാർലറിലുള്ളവരെ സർട്ടിഫൈ ചെയ്യാനും ഉദ്ദേശിച്ചുള്ള ബ്യൂട്ടികെയർ ആൻഡ് മാനേജ്‌മന്റ് കോഴ്‌സിന് ആറ് മാസമാണ് ദൈർഘ്യം. ബ്യൂട്ടികെയർ അക്കാഡമിക് രംഗത്തെ വിദഗ്ദ്ധരെ ലക്ഷ്യമിട്ടുള്ള ഒരു വർഷ ഡിപ്ലോമ കോഴ്സിൽ സ്കിൻ ബോഡി കെയർ, ആര്ട്ട് ഓഫ് മേക്കപ്പ്, ഹെയർ കെയർ ആൻഡ് ഹെയർ സ്റ്റൈലിംഗ് എന്നിവ പഠിപ്പിക്കും.

നിത്യജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ തരണം ചെയ്യാനായി ഡിസൈൻ ചെയ്ത കോഴ്സാണ് ആറ് മാസത്തെ ദൈർഘ്യമുള്ള  ലൈഫ് സ്കിൽ എജുക്കേഷൻ. ജീവിതശൈലീ രോഗങ്ങളുടെ ദുരിതത്തിൽ നിന്നു രക്ഷപെടാൻ ഫിറ്റ്നസ് ട്രെയിനിങ് കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. അത് പോലെ ഫിറ്റ്നസ് സെന്ററുകളും പെരുകുന്നു . മികച്ച രീതിയിൽ പരിശീലനം നൽകുന്നവരുടെ കുറവ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇതിനു പരിഹാരമാണ് ഫിറ്റ്നസ് ട്രെയിനിങ് കോഴ്സ്. സ്പോർട്സ് ഡയറ്റ്, ന്യൂട്രിഷ്യൻ, അനാട്ടമി, ബോഡി ഫിറ്റ്നസ് എന്നിവയും പഠിക്കാനുണ്ട്.

ഡിപ്ലോമ ഇൻ കംപ്യുട്ടർ ആപ്ലിക്കേഷന്‍, മോണ്ടിസോറി ടീച്ചർ ട്രെയിനിങ്. എസ്.ഇ.ഒ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ്, ഇൻഫെക്ഷൻ പ്രിവെന്‍ഷന്‍ ആൻഡ് കണ്ട്രോൾ ഫോർ നേഴ്സ്സസ്, അറബിക് ഭാഷ, സംസ്‌കൃതം ഭാഷ വേർഡ് പ്രോസസ്സിങ്, ഡാറ്റാ എൻട്രി ഓപ്പറേഷൻ , ഡി.സി.പി ഫിനാഷ്യൽ അക്കൗണ്ടിങ് , ഫാർമസി അസിസ്റ്റന്റ് , ഡെന്റൽ അസിസ്റ്റന്റ്, ഒഫ്താൽമിക്ക് അസിസ്റ്റന്റ് , ചിത്രകല, ക്ലാസ്സിക്കൽ ആൻഡ് കൊമേഴ്‌സ്യൽ ആർട്സ് എന്നിവയും പഠിക്കാം.

വിശദവിവരങ്ങൾക്ക്  www.src.kerala.gov.in / www.srccc.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Leave a Reply