നിതിന്‍ ആര്‍.വിശ്വന്‍
മനഃശക്തിയില്ലാത്തവർ ഈ കുറിപ്പ് വായിക്കരുത്. ആദ്യം തന്നെ പറയട്ടെ, ഈ ജോലി ലോലഹൃദയർക്ക് പറഞ്ഞിട്ടുള്ളതല്ല. വീമ്പിളക്കുന്നവർക്കും ഇത് ചെയ്യാൻ കഴിയില്ല. ഒന്നാംതരം വിഷമുള്ളയിനം പാമ്പുകളെ പിടിച്ച് അവയുടെ പല്ലിൽ നിന്നും വിഷം ചീറ്റിച്ച് കുപ്പിയിലാക്കുന്ന ഒരു ജോലിയുണ്ട് – അതാണ് സ്നേക്ക് മിൽക്കിങ്. പേരുകേട്ടാൽ പാമ്പിനെ കറക്കുന്ന ജോലിയാണെന്ന് തോന്നുമെങ്കിലും ലോകത്തിലെ സാഹസികമായ ജോലികളിൽ ഒന്നാണിത്. ഒന്ന് കൈ തെന്നിയാൽ മൂർച്ചയേറിയ പല്ലുകൾ വഴി കൊടിയ വിഷം ദേഹത്തേക്കു കയറി മരണം വരെ സംഭവിച്ചേക്കാം.
പാമ്പിൻ വിഷത്തെ കുറിച്ച് ചിലത് പറയാം. പാമ്പുകൾക്ക് ഇരയെ ചവച്ച് തിന്നാൻ കഴിയാത്തതിനാല്‍ പ്രകൃതി നൽകിയിരിക്കുന്ന സാങ്കേതികവിദ്യയാണ് വിഷം. വിഷം ഇരയുടെ ദേഹത്ത് പ്രവേശിക്കുമ്പോൾ രക്ത സമ്മർദ്ദം കുറയുകയും പേശികൾ തളരുകയും ആന്തരിക രക്തസ്രാവമുണ്ടാകുകയും ഹൃദയം സ്തംഭിക്കുകയും ചെയ്യും. ഇതെല്ലാം കൂടി ഒരുമിച്ചായിരിക്കും സംഭവിക്കുക. അപ്പോൾ ഇരയെ ഒരു മല്പിടിത്തം ഒഴിവാക്കി സ്വസ്ഥമായി വിഴുങ്ങാൻ പാമ്പിന് കഴിയുന്നു.
വിഷത്തിൽ നിന്നു രക്ഷപെടാൻ ഒരു വഴിയേയുള്ളൂ – വിഷഹാരി. നല്ല വിഷമുള്ള പാമ്പുകളിൽ നിന്നും ഈ കൊടിയവിഷം ചീറ്റിച്ചെടുത്ത് അത് കൊണ്ട് വിഷഹാരി നിർമാണത്തിനായി ആശുപത്രികളിലും ലബോറട്ടറികളിലും നൽകുകയാണ് ഒരു സ്നേക്ക് മിൽക്കർ ചെയ്യുന്നത്. വട്ടാണെന്ന് പറയാൻ വരട്ടെ. ഇന്ത്യയിൽ മാത്രം ഓരോവർഷവും പാമ്പു കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം 45,900ത്തോളമാണ്. ലോകത്തിലെ കണക്ക് അപ്പോൾ ഊഹിക്കാമല്ലോ. ഇതിൽ നിന്നും കുറച്ച് പേരുടെ ജീവനെങ്കിലും രക്ഷിക്കാനുള്ള വിഷഹാരി വേണമെങ്കിൽ വൈദ്യശാസ്‌ത്രത്തിൽ ഇതേയുള്ളു മാർഗം. പാമ്പിൻ വിഷം ഉപയോഗിച്ച് സ്ട്രോക്ക്, ട്യൂമർ തുടങ്ങിയവയ്ക്കും മരുന്ന് നിർമ്മിക്കുന്നുണ്ട്.
മൃഗശാലകൾ, പാമ്പുവളർത്തൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഭൂരിഭാഗം സ്നേക്ക് മിൽക്കിങ്ങും നടക്കുന്നത്. പാമ്പുകളെ ഇതിനായി പരിപാലിച്ചു വളർത്താൻ ചില രാജ്യങ്ങളിൽ സ്നേക്ക് ഫാമുകളുമുണ്ട്. ഗ്ലാസിന് സമാനമായ ഒരു കളക്ഷൻ ജാറിനു മുകളിൽ ലാറ്റക്സ് കൊണ്ട് ഒരു പ്രതലം കെട്ടും. പാമ്പിന്റെ തലയിൽ പിടിച്ച് ഈ പ്രതലത്തിൽ കടിപ്പിക്കും. അപ്പോൾ ചീറ്റുന്ന വിഷം അങ്ങനെ ശേഖരിച്ച് സൂക്ഷിക്കും.
പാമ്പിന്റെ തല പിടിച്ച് പ്രതലത്തിൽ കടിപ്പിക്കുമ്പോൾ ഒരു ഇലക്ട്രോഡ് കൊണ്ട് അതിന്റെ തലയിൽ സ്പർശ്ശിക്കുകയും വിഷ ഗ്രന്ഥികൾക്ക് ചുറ്റുമുള്ള പേശികൾ മുറുകി വിഷം സ്രവിപ്പിക്കുന്നതാണ് മറ്റൊരു രീതി. ഇങ്ങനെ ശേഖരിക്കുന്ന വിഷം ഉടൻ തന്നെ തണുപ്പിച്ച് സൂക്ഷിക്കും.
സ്നേക്ക് മിൽക്കിങ് തീർത്തും ശാസ്ത്രീയമായി ചെയ്യേണ്ട ജോലിയാണ്. ഒരു ക്രമമനുസരിച്ച് മാത്രമേ മിൽക്കിങ് പാടുള്ളൂ. അമിതമായി ചെയ്‌താൽ അത് പാമ്പിന്റെ ആരോഗ്യം നശിപ്പിക്കും. പാമ്പു വളർത്തൽ കേന്ദ്രങ്ങളിൽ ഒരുപാട് പാമ്പുകളുള്ളത് കൊണ്ട് മിൽക്കിങ് ദിവസേനെ നടക്കുമെങ്കിലും ഓരോ പാമ്പിനും നിശ്ചിത ഇടവേള ഓരോ മിൽക്കിങ്ങിനു ശേഷവും ഉണ്ടാകും. അതായത് എന്നും പാമ്പിനെ കറക്കേണ്ടി വരുമെന്ന് അർത്ഥം!
ജീവശാസ്ത്രം, ബയോകെമിസ്ട്രി, ഹെർപെറ്റോളോജി എന്നിവയിലെത്തതെങ്കിലും ഒരു ബിരുദമാണ് യോഗ്യത. പാമ്പുകളെ കുറിച്ചുള്ള അറിവും പ്രധാനമാണ്. പിന്നെ പാമ്പിനെ കറക്കാൻ നല്ല ധൈര്യവും വേണം. സർവ്വകലാശാലകൾ, ലബോറട്ടറികൾ, മരുന്ന് നിർമാണ കമ്പനികൾ എന്നിവയിൽ ജോലി ലഭിക്കും. ഒന്നര ലക്ഷത്തിലധികം രൂപ ($2500) വരെയാണ് പുറം രാജ്യങ്ങളിൽ സ്നേക്ക് മിൽക്കറിന് പ്രതിമാസ ശമ്പളം.
പശു, ആട് തുടങ്ങിയവയാണ് സാധാരണയായി പാല് കറക്കാനുള്ള മൃഗങ്ങളെന്ന് ഭൂരിഭാഗവും വിചാരിക്കുന്നത് . ഒരു സ്നേക്ക് മിൽക്കറാകുമ്പോൾ പാമ്പും അതിൽപെടുമെന്ന് അറിയാവുന്ന ഒരു ചുരുങ്ങിയ വിഭാഗം ആൾക്കാരിൽ ഒരാളാകും നിങ്ങളും. എന്താ ട്രൈ ചെയ്യുന്നോ?