Siva Kumar
Management Skills Development Trainer, Dubai

പല ഘടകങ്ങളും കൂടി ചേര്‍ന്നാണ് ഒരു സംരംഭം തുടങ്ങാനുള്ള സമയം നിര്‍ണ്ണയിക്കുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. ഭൗതിക സൗകര്യങ്ങള്‍, നിയമപരമായ വിവിധ കാര്യങ്ങള്‍, കരാറുകള്‍, സാമ്പത്തികം തുടങ്ങിയവയെല്ലാം, ഒരു സംരംഭം തുടങ്ങാനെടുക്കുന്ന സമയത്തെ നേരിട്ട് ബാധിക്കുന്നവയാണ്.

എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ട ഘടകം, സംരംഭം തുടങ്ങാനുള്ള നമ്മുടെ ആഗ്രഹത്തിന്റെ തീവ്രതയാണ് എന്നതാണ് വസ്തുത. നമ്മള്‍ എത്ര കണ്ട് തീവ്രമായി ആഗ്രഹിക്കുന്നുവോ അത്രത്തോളം വേഗത്തില്‍ സംരംഭം തുടങ്ങാനുമാവും. നമ്മുടെ ആഗ്രഹത്തിന് തീവ്രതയേറുമ്പോള്‍, കൂടുതല്‍ സമയം സംരംഭത്തിന് വേണ്ടി തന്നെയാവും നമ്മള്‍ ചിലവഴിക്കുന്നത്. അതുപോലെ മുന്നില്‍ വരുന്ന തടസ്സങ്ങള്‍ക്കപ്പുറമുള്ള, സാധ്യതകളിലാവും എപ്പോഴും നമ്മുടെ കാഴ്ചയെത്തുന്നത്.

ചുരുക്കത്തില്‍, ഒരു സംരംഭകനാവാന്‍ തീവ്രമായി ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നുണ്ടെങ്കില്‍, വൈകാതെ നിങ്ങളൊരു സംരംഭകനായിത്തീരുക തന്നെ ചെയ്യും.പല മാഗസിനുകളും യുടൂബ് ചാനലുകളും, യഥാര്‍ത്ഥ പ്രശ്‌നങ്ങളും വസ്തുതകളും മറച്ചു വെച്ചു കൊണ്ട്, പ്രോത്സാഹ ജനകമായ കാര്യങ്ങള്‍ മാത്രം ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുകയും, ഇതൊക്കെ കാണുന്ന സാധാരണക്കാര്‍ സംരംഭകരാവാന്‍ ഇറങ്ങിപ്പുറപ്പെട്ട് കഷ്ടതയിലാവുകയും ചെയ്യുന്നത് കൊണ്ടാണ്, ഇത്തരമൊരു സീരീസ് എഴുതാമെന്ന് കരുതിയത്.

കഴിഞ്ഞ ഡിസംബറിലാണ് സുഹൃത്ത് എന്തെങ്കിലും ഒരു സംരംഭം തുടങ്ങണമെന്ന ആഗ്രഹവുമായി സമീപിക്കുന്നത്. സംരംഭകയാവണമെന്നതിനപ്പുറം, പ്രത്യേകിച്ച് ബിസിനസ്സ് ആശയങ്ങളോ, മുന്‍ പരിചയമോ ഇല്ലാതിരുന്നതിനാല്‍ അവരുടെ പാഷന്‍ എന്താണോ, അതുമായി ബന്ധപ്പെട്ട സംരംഭം തുടങ്ങാനാണ് ആവശ്യപ്പെട്ടത്.

പക്ഷേ, വായനയായിരുന്നു, അവരുടെ ഹോബിയും പാഷനുമെല്ലാം, എന്നതിനാല്‍ വളരെക്കുറച്ച് സാധ്യതകള്‍ മാത്രമാണ് മുന്നിലുണ്ടായിരുന്നത്. അങ്ങനെയാണ്, നന്നായി വായിക്കുന്ന ആളുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും, അവയുടെ പരിഹാരവും സംരംഭത്തിന്റെ ആശയവും അടിത്തറയുമാക്കാന്‍ തീരുമാനിക്കുന്നത്.

കേരളത്തിന് പുറത്തുള്ള മലയാളി വായനക്കാരുടെ പ്രധാന പ്രശ്‌നമാണ്, അവര്‍ ലീവിന് വരുന്ന സമയത്ത് വിവിധ ബുക്ക്സ്റ്റാളുകളില്‍ കയറിയിറങ്ങി ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ വാങ്ങുകയും, പിന്നീടത് മടക്കയാത്രയില്‍ കൊണ്ടുപോവുകയും ചെയ്യുക എന്നത്. പ്രസിദ്ധരായ പ്രസാധകരുടെ പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ ആയി വാങ്ങുവാനുള്ള സൗകര്യമുണ്ടെങ്കിലും, അതാത് പ്രസാധകരുടെ പുസ്തകങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളു. ചെറുകിട പ്രസാധകര്‍ക്കാവട്ടെ, ഇത്തരം സൗകര്യവുമില്ല. മറ്റു ചില സൈറ്റുകളാണെങ്കില്‍ വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ നല്‍കുമെങ്കിലും, അവരുടെ കൈവശം ഉണ്ടെങ്കില്‍ മാത്രമേ ലഭിക്കുകയുള്ളു.

ഈ സാഹചര്യത്തിലാണ്, ജനുവരി 20 ന്, അഥവാ കേവലം ഒരു മാസത്തിനകം, പുസ്തകങ്ങളെ നിധിയായി കാണുന്ന വായനക്കാര്‍ക്ക് വേണ്ടി, നിധി ബുക്‌സ് എന്ന സംരംഭം ആരംഭിക്കുന്നത്.

നിധി ബുക്‌സുമായി ബന്ധപ്പെട്ട്, ഏത് പ്രസാധകരുടെ പുസ്തകങ്ങള്‍ ആവശ്യപ്പെട്ടാലും, അവ വിവിധ ബുക്സ്റ്റാളുകളില്‍ കയറിയിറങ്ങി, സംഭരിച്ച് വായനക്കാര്‍ക്ക് തപാല്‍ മാര്‍ഗ്ഗം എത്തിച്ചു നല്‍കുകയാണ് നിധി ബുക്‌സിന്റെ പ്രവര്‍ത്തന രീതി. പുസ്തകത്തിന്റെ വിലക്ക് പുറമെ, തപാല്‍ ചാര്‍ജ്ജ് മാത്രം ഈടാക്കി, പുസ്തകങ്ങള്‍ നല്‍കുമ്പോഴും ഓരോ പുസ്തകവും അതിന്റെ മണം നഷ്ടപ്പെടാതെ, പ്രത്യേക പ്ലാസ്റ്റിക് കവറുകളിലാക്കിയതിന് ശേഷം, സുരക്ഷക്കായി ബബിള്‍ റാപ്പ് കൊണ്ട് പൊതിഞ്ഞാണ്, വായനക്കാരിലെത്തുന്നത്.

പുസ്തകത്തിന്റെ ലഭ്യത മുതലുള്ള എല്ലാ കാര്യങ്ങളും വായനക്കാര്‍ക്ക് അപ്പപ്പോള്‍ കൃത്യമായി നല്‍കുന്നത് കൂടാതെ, പുതിയതും പഴയതുമായ പുസ്തകങ്ങളെക്കുറിച്ചും, എഴുത്തുകാരെ കുറിച്ചുമെല്ലാം വ്യക്തമായ വിവരണങ്ങളും നല്‍കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ഏത് പുസ്തകത്തെക്കുറിച്ചും ഇവരോട് സംവദിക്കാം. ഇതിനൊക്കെ പുറമെ, വായനക്കാര്‍ക്ക്, എഴുത്തുകാരുമായി നേരിട്ട് സംവദിക്കാനും, ചര്‍ച്ച ചെയ്യാനും, ചോദ്യങ്ങള്‍ ചോദിക്കാനുമുള്ള അവസരമൊരുക്കുന്ന നിധി ബുക്‌സിന്റെ എഴുത്ത് വിചാരണ എന്ന പരിപാടി, ഏറെ പ്രശസ്തവുമായി മാറിയിട്ടുണ്ട്. വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന പുസ്തകവും രചയിതാവ് അരുണ്‍ എഴുത്തച്ഛനുമാണ്, ജൂലായ് 25 ന് നടക്കുന്ന എഴുത്തു വിചാരണയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

കൂടാതെ, നിധി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍, ക്ലബ് ഹൗസില്‍, മിക്കവാറും ദിവസങ്ങളില്‍ വായനക്കാരും, എഴുത്തുകാരും കഥകള്‍ വായിക്കുകയും അവയെപ്പറ്റി ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്യുന്നുമുണ്ട്. ആത്യന്തികമായി, വായനക്കാര്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട പുസ്തകങ്ങള്‍, തപാല്‍ ചാര്‍ജ് മാത്രം അധികം കൊടുത്ത് ലോകത്തെവിടെ നിന്നും സ്വന്തമാക്കാമെന്ന് മാത്രമല്ല, മികച്ച വായനാനുഭവങ്ങളും മറ്റു സൗകര്യങ്ങളും നിധി ബുക്‌സ് ലഭ്യമാക്കുന്നു.

സംരംഭം തുടങ്ങി, 6 മാസത്തിനുള്ളില്‍ തന്നെ, അമേരിക്ക, ക്യാനഡ, യൂറോപ്പ്, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും മാത്രമല്ല, കേരളത്തില്‍ തന്നെയുള്ള, എന്നാല്‍ വിവിധ ബുക്സ്റ്റാളുകളില്‍ കയറിയിറങ്ങി പുസ്തകങ്ങള്‍ വാങ്ങാനാവാത്തവര്‍ക്കും, നിധി ബുക്‌സ് സേവനം എത്തിക്കുകയുണ്ടായി.

ചുരുക്കത്തില്‍, നിധി ബുക്‌സ് എന്ന സംരംഭം നമ്മെ പഠിപ്പിക്കുന്നത്, സംരംഭം തുടങ്ങാനുള്ള ആഗ്രഹമാണ്, സംരംഭം തുടങ്ങുന്നതില്‍ ഏറ്റവും പ്രധാനം എന്നതാണ്. അതുണ്ടെങ്കില്‍ ബാക്കിയെല്ലാ കാര്യങ്ങളും നടത്തിയെടുക്കാന്‍ നമുക്ക് സാധിക്കും.

വലിയ സ്വപ്നങ്ങള്‍ കാണുക, എന്നാല്‍ ചെറിയ രീതിയില്‍ തുടങ്ങുക എന്നതാണ് ശരിയായ രീതി. ഇന്ന്, ലോക പ്രസിദ്ധമായ പല സംരംഭങ്ങളും, ഒരു കാലത്ത് ഒറ്റമുറി ബെഡ് റൂമിലോ കാര്‍ഷെഡിലോ ആരംഭിച്ചവയാണ് എന്നത് ഓര്‍ക്കണം നമ്മള്‍. അഥവാ, പതിയെ പതിയെ സംരംഭത്തെ വളര്‍ത്തിയെടുക്കുക എന്നതിനാണ് ശ്രദ്ധ കൊടുക്കേണ്ടത് എന്ന് സാരം. നല്ല ആശയങ്ങളും സംരംഭകരാവാന്‍ യോഗ്യതയുമുള്ള പലരും, സംരംഭകരാവാത്തത് വലിയ, വലിയ സാഹചര്യങ്ങള്‍ക്ക് വേണ്ടി കാത്തു നില്‍ക്കുന്നത് കൊണ്ടാണ്.

ഏത് സംരംഭവും എളിയ നിലയില്‍ തുടങ്ങാം. കാലിനടിയില്‍ പെട്ടാല്‍ ചതഞ്ഞു പോകുന്ന കുഞ്ഞ് ചെടിയാണ്, പീന്നീട് വന്‍ മരമായി വളരുന്നത്. അത് കൊണ്ട് കാത്തുനില്‍ക്കേണ്ടതില്ല. ആശയങ്ങള്‍ എത്രയും പെട്ടന്ന് സംരംഭമാക്കി മാറ്റുകയാണ് വേണ്ടത്.

സംരംഭം തുടങ്ങി പണമുണ്ടാക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്, സംരംഭം തുടങ്ങാന്‍ പണമുണ്ടാക്കാനല്ല.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!