ഓൺലൈനായി അഭിപ്രായങ്ങൾ നൽകുന്നത് ഒരു കരിയറോ? ഇന്റർനെറ്റ് എന്ന മഹാസാഗരം നമുക്ക് മുന്നിൽ തുറന്നു വയ്ക്കുന്നത് അറിവുകളുടെ ഒരു അനന്തതയാണ്. ഒരു യാത്ര പോവുകയാണ് എന്നിരിക്കട്ടെ. യാത്രാമാധ്യമങ്ങളോ മാർഗ്ഗങ്ങളോ ആകട്ടെ, താമസിക്കുവാൻ ഹോട്ടലുകളാകട്ടെ, കാണേണ്ട കാഴ്ചകളാകട്ടെ, പോകേണ്ട കടകളാകട്ടെ, ഓരോന്നും എന്താണെന്നും ഏതു തിരഞ്ഞെടുക്കണമെന്നും, എല്ലാം ഇന്ന് പറഞ്ഞു തരാൻ ഇന്റർനെറ്റിന്റെ അന്തേവാസികളായ നെറ്റിസൻമാരുണ്ട്. ഇനി അഥവാ ഒരു പുതിയ ഫോൺ വാങ്ങിക്കണമെന്നാകട്ടെ. ഇന്നത്തെ ഒരു ശരാശരി വ്യക്തി ആദ്യം ചെയ്യുക ആ ഫോണിന്റെ പേജോ മറ്റോ എടുത്ത് അതിന്, വാങ്ങിച്ചവർ രേഖപ്പെടുത്തിയിരിക്കുന്ന അഭിപ്രായങ്ങൾ പരിശോധിക്കുക എന്നതാണ്. ലഭ്യമായ എല്ലാ ഫോണുകളും വാങ്ങിച്ച് അതിലൊരെണ്ണം തിരഞ്ഞെടുക്കുക സാധ്യമല്ലാത്ത വരുമ്പോൾ, നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഓപ്ഷൻ വിശകലനം ചെയ്യുവാൻ വളരെയധികം സഹായകമാണ് ഇത്തരം ഓൺലൈൻ റിവ്യൂകൾ.

ഗൂഗിൾ, ഫേസ്ബുക്ക് ഉൾപ്പടെ പ്രമുഖ കമ്പനികൾ എല്ലാം തന്നെ ഇത്തരം അഭിപ്രായങ്ങൾക്ക് വളരെയധികം വില കല്പിച്ചിട്ടുണ്ട്. പ്ലേ സ്റ്റോറിൽ വിവിധ തരാം ആപ്ലിക്കേഷനുകൾക്ക് റിവ്യൂകൾ ഉണ്ടെങ്കിൽ, മുഖ്യധാരയിൽ ലോകം മുഴുവൻ ഉപയോഗിക്കുന്ന ഗൂഗിൾ മാപ്പ്‌സ്, നിലനിൽക്കുന്നത് തന്നെ ലോക്കൽ ഗൈഡ്സ് എന്ന് വിളിക്കുന്ന വ്യക്തികളുടെ അഭിപ്രായങ്ങളുടെ മേലിലാണ്. മൊബൈൽ ഫോണും ഇന്റർനെറ്റും ഉള്ള ഏതൊരു വ്യക്തിക്കും ഗൂഗിൾ ഗൈഡ് ആകാൻ സാധിക്കും. ഇതിൽ നിന്ന് പണമായി ഒന്നും ലഭിക്കുകയില്ലെങ്കിലും പണമാവശ്യമായ ഒട്ടേറെ ഫീച്ചറുകളും ഓഫറുകളും ഇതുവഴി ലഭിക്കും. യാത്രാകൂലിയിൽ ഇളവ്, സൗജന്യമായി ഡ്രൈവ് സ്‌പേസ്, തുടങ്ങി ഗൂഗിളിന്റെ മേളകളിൽ പങ്കെടുക്കുവാനുള്ള അവസരം വരെ ഇതിൽ നിന്ന് ലഭിക്കും.

തോന്നും വിധം എളുപ്പമായ ഒരു ജോലി അല്ല ഇത്. കുറഞ്ഞ വാക്കുകളിൽ കൂടുതൽ ഉപയോഗപ്രദമായി കാര്യങ്ങൾ വിശദമാക്കുക എന്നതിന് വളരെയധികം പ്രസക്തിയുണ്ട്. വായനക്കാരന്റെ സമയം വിലപ്പെട്ടതാണ്. ഉദാഹരണത്തിന്, ഒരു ഹോട്ടലിനെ പറ്റിയുള്ള റിവ്യൂ ആണെങ്കിൽ, അവിടുത്തെ താമസ സൗകര്യം മുതൽ ഭക്ഷണം വരെ, അവിടത്തെ മുറികളുടെ വലുപ്പം മുതൽ ജനലുകളിലൂടെയുള്ള കാഴ്ചകൾ വരെ, ഗതാഗത മാർഗ്ഗങ്ങൾ മുതൽ വൈറ്റർമാരുടെ ഇടപെടലുകൾ വരെ, എല്ലാം ചുരുക്കം ചില വാക്കുകളിൽ പറയുവാൻ സാധിക്കണം. ഓൺലൈൻ റിവ്യൂ നൽകുന്നതിന് വരുമാനം നൽകുന്ന സൈറ്റുകളും ഉണ്ട്.

പ്രധാനമായും ജോലി ഓൺലൈൻ ആയിട്ടാണെങ്കിലും, അതിനായി നമ്മൾ ചിലപ്പോൾ നാട് ചുറ്റേണ്ടി വരാം, സിനിമ കാണേണ്ടിയോ പുസ്തകം വായിക്കേണ്ടിയോ വരാം. ഇന്ത്യയിൽ ഇത് ഇയപ്പോഴും വളർന്നു കൊണ്ടിരിക്കുന്ന ഒരു ശാഖയാണ്. എന്നാൽ മറ്റു രാജ്യങ്ങളിൽ ഒത്തിരി തൊഴിൽ അവസരങ്ങളുണ്ട്. ഒന്ന് ഗൂഗിൾ ചെയ്ത നക്കിയാൽ തന്നെ മൊറാവ്യ, കോഡ്അക്കാദമി, ഡി.എൽ.എച്. തുടങ്ങി ഒത്തിരിയധികം ആവശ്യക്കാരായ കമ്പനികൾ നമുക്ക് കാണാൻ കഴിയും. പ്രത്യേകമായി പഠന യോഗ്യതകൾ ഒന്നും ഇല്ല എങ്കിലും, ഉപയോഗിക്കുന്ന ഭാഷയിലുള്ള പരിജ്ഞാനവും വൊക്കാബുലറി അഥവാ പദസഞ്ചയവും വളരെയധികം നിർണ്ണായകമാണ്. ഒരു ഫുൾ ടൈം ജോലി എന്നതിലുപരി, നമ്മുടെ കരിയറിനൊപ്പം കൊണ്ട് പോകാൻ കഴിയുന്ന ഒരു ഹോബിയായോ, മറിച്ച് ഒരു കരിയറായോ തിരഞ്ഞെടുക്കാവുന്ന ഒന്നാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!