ഹൃദയ-ശ്വാസകോശ പരമായ രോഗങ്ങൾ ഇന്ന് പടർന്ന് കൊണ്ടിരിക്കുകയാണ്. നമുക്ക് ചുറ്റുമുള്ള അന്തരീക്ഷം മലിനമാകുന്നത് തന്നെയാണ് പ്രധാന കാരണം. ഓസോൺ പാളിയിലെ വിള്ളൽ മുതൽ കാലാവസ്ഥാ വ്യതിയാനങ്ങളും ആഗോളതാപനവും വരെ, മനുഷ്യ ശരീരത്തിൽ ഇവയ്ക്കൊക്കെ വരുത്താൻ കഴിയുന്ന ഹാനികരമായ മാറ്റങ്ങൾ അനേകമാണ്. ഇതിന്റെ ഫലമായി ഈ രോഗങ്ങൾ സാധാരണയായി മാറുമ്പോൾ, അതിനാവശ്യമായ ശാസ്ത്ര-വൈദ്യ സഹായങ്ങൾ അനിവാര്യമായും നൽകുവാൻ തെറാപ്പിസ്റ്റുകൾ വേണം. ഈ സാഹചര്യത്തിലാണ് റെസ്പിറേറ്ററി തെറാപ്പിസ്റ്റുകളുടെ സേവനം വേണ്ടതായി വരുന്നത്.
കാർഡിയോ പൾമണറി അഥവാ ഹൃദയ-ശ്വാസകോശ സംബന്ധിയായ അസ്വസ്ഥതകൾ കണ്ടെത്തുക, വേർതിരിച്ച് തിരിച്ചറിയുക, വിലയിരുത്തുക, നിരീക്ഷിക്കുക എന്നിവയാണ് ഒരു റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ചെയ്യേണ്ടത്. ബ്രോൺകൈറ്റിസ്, എംഫിസീമ, തുടങ്ങി തീരാവ്യാധികളായ ശ്വാസകോശ രോഗങ്ങൾ, ശ്വാസകോശത്തിന്റെ വിസ്താരത്തിലെ വ്യതിയാനങ്ങൾ എന്നിവയെല്ലാം ചികിതസിക്കാൻ കഴിയുന്നവരാണ് ഈ തെറാപ്പിസ്റ്റുകൾ. ശാസ്ത്ര പഠന മേഖലയിലെ താരതമ്യേന പുതിയതായി ഒരു കോഴ്സാണിത്.
രാജ്യത്ത് ഇപ്പോൾ ബി.എസ്.സി. റെസ്പിറേറ്ററി തെറാപ്പി കോഴ്‌സുകൾ ശ്രദ്ധേയമായി വരികയാണ്. മൂന്നു വർഷത്തെ സെമസ്റ്റർ സംബ്രദായത്തിലാണ് ഈ കോഴ്സ് നൽകി വരുന്നത്. ജെ.ഇ.ഇ. മെയിൻ, ബിറ്റ്‌സാറ്റ്, എസ്.ആർ.എം.ജെ.ഇ.ഇ., സി.ഓ.എം.ഇ.ഡി.കെ. മുതലായ എൻട്രൻസ് പരീക്ഷകളാണ് പ്രധാനമായും പരിഗണിക്കുന്നത്. മൂന്നു ലക്ഷം തൊട്ട് എട്ട് ലക്ഷം വരേ രൂപയാണ് കോഴ്‌സിന്റെ ഫീസെങ്കിലും ബിരുദം നേടുന്നവർ രണ്ടു ലക്ഷം മുതൽ ഇരുപത് ലക്ഷം വരെ രൂപ ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്. ആസ്പത്രികളും വിദ്യാഭ്യാസ കേന്ദ്രങ്ങളും ഇൻസ്റ്റിറ്റ്യൂട്ടുകളും തന്നെയാണ് പ്രധാനമായും ജോലി സാധ്യതകൾ നല്കുന്നത്.ശാസ്ത്ര മേഖലയിലെ അറിവും, ആശയവിനിമയ മികവും, പെരുമാറ്റലക്ഷണങ്ങളുമാണ് പലപ്പോഴും ജോലിക്ക് ഏറ്റവും നിർണ്ണായകമായ ഘടകങ്ങൾ.
കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പുണെയിലെ എസ്.ഐ.എച്ച്.എസ്., ഗുൺടൂരിലെ എൻ.ആർ.ഐ. അക്കാദമി ഓഫ് സയൻസസ്, മണിപ്പാൽ സ്കൂൾ ഓഫ് അലൈഡ് ഹെൽത്ത് സയൻസ്, മൈസൂരിലെ ജെ.എസ്.എസ്. യൂണിവേഴ്സിറ്റി, കോയമ്പത്തൂരിലെ കെ.എം.സി.എച്ച്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് തുടങ്ങിയവയാണ് ഈ കോഴ്സ് ലഭ്യമാക്കിയിട്ടുള്ള രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങൾ.