ലോകത്തുണ്ടാകുന്ന 16 ശതമാനം മരണങ്ങൾക്ക് കാരണം കാൻസർ അഥവാ അർബുദമാണ്. 2015ൽ മാത്രം ഈ രോഗം അപഹരിച്ചത് 88 ലക്ഷം ജീവിതങ്ങളാണ് – അതായത് ആകെ മരണങ്ങളുടെ ആറിൽ ഒന്ന്. ഓങ്കോളജി എന്ന ശാസ്ത്ര മേഖലയുടെ കീഴിൽ വരുന്ന റേഡിയേഷൻ തെറാപ്പി എന്നത്, കീമോതെറാപ്പി, ഹോർമോൺ തെറാപ്പി പോലെയുള്ള ചികിത്സാരീതികളുടെ കൂടെയും അല്ലാതെയും അർബുദ ചികിത്സയിൽ ഉപയോഗിച്ച് വരുന്നു. റേഡിയേഷനുകളെ പ്രസരിപ്പിച്ച്, നിയന്ത്രിച്ച്, ശരീരത്തിലെ കാൻസർ വളരുന്ന ഭാഗത്തേയ്ക്ക് കാണിക്കുകയും, അങ്ങനെ കാൻസർ കോശങ്ങളുടെ വളർച്ചയെയും ഉത്പാദനത്തെയും കാര്യമായി കുറയ്ക്കുവാൻ സാധിക്കുന്ന ഒരു ചികിത്സാരീതിയാണിത്.
രോഗിയിലെ കാൻസർ ബാധിച്ചിരിക്കുന്ന ഭാഗത്തെ കോശങ്ങളുടെ വ്യക്തമായ സ്ഥിതിയും സ്ഥാനവും വിലയിരുത്തിയതിനു ശേഷം ആവശ്യമായ അളവെത്രയെന്ന് തീരുമാനിച്ച്, വികിരണങ്ങൾ അഥവാ റേഡിയേഷൻ നൽകുക എന്നതാണ് റേഡിയേഷൻ തെറാപ്പിസ്റ്റ് ചെയ്യേണ്ടത്. റേഡിയേഷൻ ഓങ്കോളജിസ്റ്റ് എന്നും വിളിക്കാറുള്ള ഇവർ ഈ കിരണങ്ങൾ സ്വന്തം ശരീരത്തിൽ പെടാതെ നോക്കുകയും വേണം. തെറാപ്പിയുടെ കാര്യക്രമം തീരുമാനിക്കുക, രോഗിയോട് അത് വിവരിച്ച് സംശയങ്ങൾ നീക്കുക, റേഡിയേഷൻ തെറ്റായ സ്ഥാനങ്ങളിലൊന്നും പോകുന്നില്ലെന്ന് ഉറപ്പു വരുത്തുക, ചികിത്സയിലുടനീളം രോഗിയുടെ ആരോഗ്യ നില പരിശോധിച്ച് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തുക, ആവശ്യമെങ്കിൽ മറ്റു ചികിത്സാരീതികളോ മരുന്നുകളോ നൽകുക, എന്നിവയെലാം ജോലിയുടെ ഭാഗമാണ്.
പ്രധാനമായും വേണ്ടത് വിഷയത്തിലെ വളരെ ആഴത്തിലുള്ള അറിവാണ്. അതീവശ്രദ്ധയും ഏകാഗ്രതയും വേണം. ശാസ്ത്രവിഷയങ്ങളുടെ കൂടെ, ഫിസിയോളജി, ആൾജിബ്ര, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലും പരിജ്ഞാനം വേണം. ആധുനികവും സങ്കീർണ്ണവുമായ കമ്പ്യൂട്ടർ യന്ത്രങ്ങളെ ശരിയായി നിയന്ത്രിക്കാനറിയുക എന്നത് ജോലിക്ക് വളരെ നിർണ്ണായകമാണ്. ചെറിയ കാര്യങ്ങളിലെ ശ്രദ്ധ, ശാരീരിക ക്ഷമത എന്നിവയും ആവശ്യമാണ്. എന്നാൽ ഏറ്റവുമാവശ്യമായ ഒന്നാണ് സഹാനുഭൂതിയോടു കൂടിയ ആശയവിനിമയ മികവ്. പലപ്പോഴും എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് വരെ പോകുന്ന രോഗികളിൽ ആത്മവിശ്വാസം നിറച്ച്, ചികിത്സ നടത്തുക എന്നതാൻ ലക്ഷ്യം.
ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, പുണെയിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ്, മംഗളൂരുവിലെ കസ്തുർബ മെഡിക്കൽ കോളേജ്, ഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളേജ്, പോണ്ടിച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസേർച്ച് (ജിപ്പ്മെർ), ചെന്നൈയിലെ മദ്രാസ് മെഡിക്കൽ കോളേജ് എന്ന് തുടങ്ങി ഇതു സംബന്ധിച്ച കോഴ്‌സുകൾ ലഭ്യമാക്കിയിട്ടുള്ള കോളേജുകളുടെ ഒരു നീണ്ട നിര തന്നെ ലഭ്യമാണ്.