സന്തോഷമായ ഒരു ജീവിതത്തിന് ആരോഗ്യപൂർണമായ ഒരു ശരീരം അനിവാര്യമാണ്. ശാരീരിക ആരോഗ്യവും മാനസിക ഉന്മേഷവും എന്നതിലുപരി ആരോഗ്യപരിപാലനം ഒരു കരിയർ ആയി പലപ്പോഴും മാറി ജീവിതം തന്നെ മാറി മറിഞ്ഞവരാണ് കായികതാരങ്ങൾ. ജില്ലയേയും സംസ്ഥാനത്തെയും പിന്നീട് രാജ്യത്തെയും വരെ പ്രതിനിധീകരിച്ച് ലോക നിലവാരങ്ങളിലേക്കുയരുമ്പോൾ, ലോകത്തെ തന്നെ ഏറ്റവുമധികം വരുമാനമുള്ളവരായി അവർ മാറുന്നു. എന്നാൽ അവരുടെ കുട്ടിക്കാലത്ത് തന്നെ അവരിലെ കായികമികവ് തിരിച്ചറിഞ്ഞ്, പരിശീലനവും പ്രോത്സാഹനവും നൽകി, അവർക്ക് വഴികാട്ടിയാകുന്ന ഒരു കൂട്ടരുണ്ട് – കായിക പരിശീലകർ. കോച്ചുമാർ, ട്രെയ്നർമാർ എന്നൊക്കെ ഇവരെ വിളിക്കാറുണ്ട്.
ഒരു കായിക മേഖലയിൽ കേന്ദ്രീകരിച്ചോ, പൊതുവെ ശാരീരിക ക്ഷമതാ ട്രെയ്നർമാരോ ആയി ജോലി ചെയ്യുന്നവരുണ്ട്. കായികതാരങ്ങളെ വാർത്തെടുക്കുന്നതിൽ വളരെ വലിയ ഒരു പങ്ക് വഹിക്കുന്നവരാണിവർ. ആവശ്യമായ നിർദ്ദേശങ്ങൾ നൽകി, നിയന്ത്രിച്ച്, കഴിവുകളെ വളർത്തിയെടുക്കുക, താരങ്ങളുടെ പരിശീലന തന്ത്രങ്ങൾ രൂപപ്പെടുത്തുക, അവരുടെ പ്രകടനങ്ങൾ നിരീക്ഷിച്ച് ആഴത്തിൽ വിശകലനം ചെയ്ത് അതിലെ തെറ്റുകളെ തിരുത്തുവാനുള്ള വഴികൾ കണ്ടെത്തുക, താരത്തിന്റെ മികവുകളും ശക്തികേന്ദ്രങ്ങളും തിരിച്ചറിയുക, ആരോഗ്യ നില വിലയിരുത്തുക, മികച്ച അവസരങ്ങൾക്ക് വഴിയൊരുക്കുക എന്നിവയൊക്കെ ജോലിയുടെ ഭാഗമാണ്.
സ്‌കൂളുകളിലും യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ഫിറ്റ്നസ് സെന്ററുകളിലും സ്പോർട്സ് കൗൺസിലുകളിലും ക്ലബ്ബൂകളിലുമെല്ലാം ഈ കോച്ചുമാർക്ക് അവസരങ്ങളുണ്ട്. ഇന്നത്തെ തലമുറ ശാരീരികാരോഗ്യത്തിൽ അതീവ ശ്രദ്ധേയരാണെന്നതിന് കൂടിവരുന്ന ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും തന്നെ വ്യക്തമായ സൂചനയാണ്. ആയതിനാൽ തന്നെ വളരെ സാധ്യതകളുള്ള ഒരു മേഖലയാണിത്. ശാരീരിക ക്ഷമത, ശാരീരിക ഘടനയുടെ അറിവ്, ആരോഗ്യം നിലനിർത്താനുള്ള വഴികളിലെ ജ്ഞാനം, കായികങ്ങളുടെ നിയമങ്ങളുടെ പരിജ്ഞാനം, ക്ഷമ, ആസൂത്രണമികവ്, നിരീക്ഷണ പാടവം, എന്നിവയെല്ലാം ഈ ജോലിക്ക് നിർണ്ണായകമാണ്.
കൊൽക്കത്തയിലെയും പഞ്ചാബിലെ പാട്യാലയിലെയും നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ സ്പോർസ് കോച്ചിങ്ങിൽ ഡിപ്ലോമ കോഴ്സ് ലഭ്യമാണ്. ഫിസിക്കൽ എജുക്കേഷൻ കോഴ്‌സുകൾ നൽകുന്ന രാജ്യത്തെ പ്രമുഖ കോളേജുകൾ തിരുവനന്തപുരത്തെ ലക്ഷ്മീബായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ, ഡൽഹിയിലെ ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ്, നോയിഡയിലെ അമിറ്റി സ്‌കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ, മുംബൈയിലെ ബി.പി .സി.എസ് കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ, പുണെയിലെ ചന്ദ്രശേഖർ അഗാഷെ കോളേജ്, ഭോപ്പാലിലെ വി.എൻ.എസ്. കോളേജ്, നാഗ്പുരിലെ ജ്യോതിബ കോളേജ്, ബംഗളുരുവിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ എന്നിവയാണ്.