എപ്പോഴും ഡോക്ടർ എന്ന പൊതു നാമധേയത്തിലാണ് എല്ലാ മേഖലയിലുള്ള ഡോക്ടര്മാരും അറിയപ്പെടുന്നതെങ്കിലും അതിൽ നിന്ന് വ്യത്യസ്തമായ സ്ഥിതി അനുഭവിക്കുന്നവരാണ് ഗൈനക്കോളജിസ്റ്റ്. സ്ത്രീ സമൂഹത്തിന്റെ ആരോഗ്യനില കാത്തുസൂക്ഷിക്കുന്നതിൽ വളരെ വലിയൊരു പങ്ക് വഹിക്കുന്നവരാണ് ഗൈനക്കോളജിസ്റ്റുകൾ. എന്നാൽ ഗർഭാവസ്ഥയിലുള്ള സ്ത്രീയുടെ ചികിത്സായും മേൽനോട്ടവും നിർവ്വഹിക്കുന്നത് ഒബ്സ്റ്റട്രീഷൻ ആണല്ലോ? അപ്പോൾ ആരാ ഈ ഗൈനക്കോളജിസ്റ്റ്?
സ്ത്രീയുടെ ജനനേന്ദ്രിയവ്യൂഹ സംബന്ധിയായതും അല്ലാത്തതുമായ അനേകം ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന വൈദ്യശാസ്ത്ര വിദഗ്ധരാണ് ഗൈനക്കോളജിസ്റ്റുകൾ. റീപ്രൊഡക്ടീവ് സിസ്റ്റം അഥവാ ജനനേന്ദ്രിയങ്ങളുടെ ആരോഗ്യനില സംരക്ഷിക്കുന്നതിന് കേന്ദ്രീകരിച്ചാണ് ജോലി. സമയാധിഷ്ഠിതമായ ടെസ്റ്റുകൾ നടത്തുക, ഫലങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് രോഗങ്ങളോ ഇൻഫെക്ഷനുകളോ ഉണ്ടോ എന്ന് വിലയിരുത്തുക, ഉണ്ടെങ്കിൽ ചികിത്സാവരീതികളിലേക്ക് കടക്കുക, ഹോർമോൺ അനുപാതത്തിൽ പ്രശ്നങ്ങൾ ചികിത്സിക്കുക, പ്രതിവിധികൾ നൽകുക, പ്രസവ നിയന്ത്രണം (ബർത്ത് കണ്ട്രോൾ) തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരിക്കുക, എന്നിവയൊക്കെയും ജോലിയുടെ ഭാഗമാണ്.
ജനനേന്ദ്രിയ ശരീരഭാഗങ്ങളിലെ കാൻസർ ചികിത്സയും തുടങ്ങുന്നത് ഇവിടെ നിന്നാണ്. വൈദ്യശാസ്ത്രത്തിലെ തന്നെ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന ഒരു ശാഖയാണിതെന്നത് തന്നെ ഈ ജോലിയുടെ ഉത്തരവാദിത്വങ്ങളുടെ ഒരു സൂചികയാണ്. ശാസ്ത്ര വിഷയങ്ങളിലെ പരിജ്ഞാനം, സ്ത്രീശരീരത്തിന്റെ അറിവ്, ചികിത്സ തേടി വരുന്ന വ്യക്തിയുമായും കുടുംബവുമായും സുഹൃത്തുക്കളുമായും അടുത്ത ബന്ധം നിലനിർത്തുവാനുള്ള കഴിവ്, ആശയവിനിമയ മികവ്, ടീം ആയി ജോലി ചെയ്യുവാനുള്ള ശേഷി, സമ്മർദ്ദ സാഹചര്യങ്ങളിലും മനസ്സാന്നിധ്യം, പുത്തൻ സാങ്കേതികവിദ്യയുടെ അറിവും വലിയ യന്ത്രങ്ങൾ പ്രവർത്തിക്കുവാനുള്ള ശേഷിയും, എന്നിവയെല്ലാം ജോലിക്ക് അനിവാര്യമാണ്.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ജിപ്പ്മെർ, പി ജി ഐ മുതലായ കേന്ദ്ര ഇൻസ്റിറ്റ്യൂകൾ ലക്ഷ്യമിടുന്നത് ലോകോത്തര നിലവാരമുള്ള കോഴ്‌സുകൾക്ക് വഴിയൊരുക്കും. ബംഗളുരുവിലെ ബാംഗ്ലൂർ മെഡിക്കൽ കോളേജ്, ഡൽഹിയിലെ മൗലാനാ ആസാദ് കോളേജ്, ലേഡി ഹർഡിഞ്ച് കോളേജ്, ചെന്നൈയിലെ മദ്രാസ് മെഡിക്കൽ കോളേജ്, കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്, എന്നിവിടങ്ങളില്ലാം മികച്ച കോഴ്‌സുകൾ ലഭ്യമാണ്.