പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമൊക്കെ ഇടക്ക് ചെയ്യുന്നതിനോട് ചിലപ്പോള്‍ താല്‍പര്യക്കുറവ് തോന്നാം. മടുപ്പ് തോന്നിയാല്‍ പിന്നെ ആ കാര്യം തുടരുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. ചെയ്യണമല്ലോ എന്ന് കരുതി മാത്രം ജോലിയില്‍ തുടരാന്‍ ശ്രമിക്കും. ഫലമോ സമയം തീരുകയല്ലാതെ ജോലിയോ പഠനമോ കാര്യമായി നടക്കുകയുമില്ല. ഇത്തരം അവസ്ഥകളില്‍ മടുപ്പും നിരാശയും മാറ്റി കൂടുതല്‍ ഉന്മേഷത്തോടെ പ്രവൃത്തി തുടരാന്‍ ഏറ്റവും നല്ലത് ചെറിയ ഇടവേളകള്‍ എടുക്കുന്നതാണ്.
അതുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കുക. കുറച്ച് സമയം പച്ചപ്പിലേക്ക് നോക്കിയിരിക്കാം. കണ്ണുകള്‍ക്കും ആയാസം ലഭിക്കും. അല്ലെങ്കില്‍ ഇഷ്ടപ്പെട്ട പാട്ട് കേള്‍ക്കാം. മൂഡൊന്നു മാറട്ടെ. കുട്ടിക്കഥ വായിക്കാം. ചിന്തകള്‍ ഉണരട്ടെ. മടുപ്പിനുള്ള ഉത്തരങ്ങളും ചിലപ്പോള്‍ കുട്ടികളിലൂടെ കിട്ടിയേക്കാം.
ഇഷ്ടപ്പെട്ടത് എന്തെങ്കിലും കഴിക്കുക.വലിച്ചു വാരി കഴിക്കുന്ന ഇമോഷണല്‍ ഈറ്റിംഗിനെ കുറിച്ചല്ല പറയുന്നത്. പ്രിയപ്പെട്ട എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുക. ഐസ്‌ക്രീമോ ഫലൂദയോ ഒക്കെയാകാം. മധുരമുള്ള എന്തെങ്കിലും കഴിക്കുന്നത് മൂഡ് മാറ്റാന്‍ സഹായിക്കുമത്രേ.
പറ്റുമെങ്കില്‍ ചെറുതായി നടന്നിട്ടു വരിക. കാഴ്ചകളൊക്കെ കണ്ട് കാറ്റ് ഒക്കെ കൊണ്ട് നടന്നുവരുമ്പോഴേക്കും നിരാശയുടെ കാര്യം തന്നെ നാം മറന്നിട്ടുണ്ടാകും. സാധിക്കുമെങ്കില്‍ ഒരു യാത്ര തന്നെ പോകുക. ഉന്മേഷത്തോടെ തിരിച്ചെത്തിയാല്‍ ചെയ്യേണ്ട ജോലി വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ ചെയ്തു തീര്‍ക്കാം.