377ഉം 497ഉം എല്ലാം കുറച്ചു കാലം മുൻപ് വരെ സാധാരണക്കാരന് കേവലം സംഖ്യകളായിരുന്നു എങ്കിൽ ഇപ്പോൾ അങ്ങനെയല്ല. നിയമത്തിന്റെ ഭാഷ മനസിലാക്കുക എന്നത് വിഷയത്തിൽ അറിവില്ലാത്തൊരാൾക്ക് അപ്രാപ്യമാണ്. എന്നാൽ രാജ്യത്തെ നിയമ വ്യവസ്ഥകളിലെ മാറ്റങ്ങൾ ഓരോ വ്യക്തിയെയും ആഴത്തിൽ ബാധിക്കുന്ന ഒന്നാണ്. ഒരു സാധാരണക്കാരന് മനസ്സിലാകും വിധം കോടതിയുടെ ഉത്തരവുകളും നിയമ ഘടനയിലെ പരിഷ്കാരങ്ങളുമെല്ലാം അവതരിപ്പിക്കുന്നതിൽ വാർത്താ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. എന്നാൽ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ വസ്തുതാപരമായ തെറ്റുകൾ വരാതെ സൂക്ഷിക്കുവാനും സമൂഹത്തിൽ അവയ്ക്ക് ചെലുത്തുവാനാകുന്ന സ്വാധീനം വിലയിരുത്തുവാനുമൊക്കെ വിഷയത്തിൽ പരിജ്ഞാനം ആവശ്യമാണ് എന്നതാണ് മറ്റൊരു വസ്തുത. അവിടെയാണ് ഒരു ലീഗൽ ജേർണലിസ്റ്റ് പ്രസക്തനാകുന്നത്.

പുരോഗമനാത്മകമായ പരിവർത്തനങ്ങളും നിയമ ഭേദഗതികളും ഉണ്ടായി വരുന്ന ഈ കാലത്ത്, അത്യന്തം പ്രധാനപ്പെട്ട ഒരു ജോലിയാണ് ലീഗൽ ജേർണലിസ്റ്റിന്റേത്. കോടതിയുടെയും പൊതുജനത്തിന്റെയും മധ്യസ്ഥൻ എന്ന വണ്ണം പ്രവർത്തിച്ച്, സമൂഹത്തിന്റെ കാര്യക്ഷമമായ നിലനിൽപ്പിന് തന്നെ ഒരു പങ്കാളിയാകുകയാണിവർ. ജേർണലിസ്റ്റ് ആകാൻ പ്രത്യേകമായ വിദ്യാഭ്യാസ യോഗ്യതകൾ ഒന്നും പറയുന്നില്ല. ആയതിനാൽ തന്നെ ലീഗൽ ജേർണലിസ്റ്റ് ആകാനും സാഹചര്യം സമാനം തന്നെ. എന്നാൽ നിയമത്തിലോ ജേർണലിസതത്തിലോ മാസ് കമ്യൂണിക്കേഷനിലോ ബിരുദം ഉണ്ടാകുന്നത് ജോലി ലഭിക്കുവാൻ വളരെയധികം സഹായകമാകുമെന്ന് മാത്രമല്ല, പ്രവർത്തനം എളുപ്പമാക്കുകയും ചെയ്യും.

ക്ഷമ, ആശയ വിനിമയ മികവ്, ആൾക്കാരോട് ബന്ധം സ്ഥാപിക്കാനുള്ള കഴിവ്, വിഷയ പരിജ്ഞാനം, ദൃഢ നിശ്ചയം, ആത്മവിശ്വാസം, നേതൃത്വ മികവ്, ദീർഘ വീക്ഷണം, നിരീക്ഷണ പാടവം, എന്നിവയെല്ലാം ഈ ജോലിക്ക് ആവശ്യമാണ്. മറ്റൊരാൾക്ക് ഇല്ലാത്തതായ ഒരു അവകാശവും ഇല്ലായെങ്കിലും, ഈ കഴിവുകളാണ് വാർത്തകൾ ഉണ്ടാകുന്നത്, ഒരു ജേർണലിസ്റ്റിനെ ഉണ്ടാക്കുന്നത്.

ഒരു നിയമകാര്യ ലേഖകനാവാൻ ആദ്യം വേണ്ടത് ജേർണലിസത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ തന്നെയാണ്. ഇതോടൊപ്പം നിയമബിരുദം കൂടിയുണ്ടെങ്കിൽ സ്വർണ്ണത്തിനു സുഗന്ധമായി. എഴുതാനുള്ള കഴിവുകൾ പരിപോഷിപ്പിക്കുന്നതാണ് ജേർണലിസം ബിരുദം. നിയമപരമായ പിശകുകൾ ഒഴിവാക്കാൻ നിയമബിരുദവും സഹായിക്കും. ജേർണലിസം ബിരുദം മാത്രമുള്ളവർ ചിലപ്പോഴൊക്കം കഠിനാദ്ധ്വാനത്തിലൂടെ മികച്ച നിയമകാര്യ ലേഖകർ ആവാറുണ്ടെങ്കിലും ഇപ്പോഴത്തെ നിലയിൽ മാധ്യമസ്ഥാപനങ്ങൾ ഈ തസ്തികയിലേക്ക് നിയമ ബിരുദം കൂടിയുള്ളവരെ തന്നെയാണ് പരിഗണിക്കുന്നത്.

നിയമ ബിരുദം നേടിയവർ ജേർണലിസം കൂടി പഠിക്കുകയാണെങ്കിൽ നല്ല പ്രതിഫലമുള്ള മികച്ചൊരു ജോലി തരപ്പെടുത്താം എന്നു സാരം.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!