വൈദ്യപഠനത്തിന്‍റെ ഭാഗമായി മലയാള ഭാഷ അഭ്യസിപ്പിക്കുവാനുള്ള പദ്ധതി ആവിഷ്കരിക്കുവാനുള്ള കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ഉദ്യമം മഹത്തരമായ മാതൃകയാണെന്ന് എം.ടി. വാസുദേവൻ നായർ പറഞ്ഞു. വൈദ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ മാനുഷിക മുഖമാണ് മാതൃഭാഷ. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ മലയാള പഠനത്തിനു തുടക്കം കുറിക്കുന്ന ‘ആരോഗ്യ സേവനത്തിന് മലയാളം’ എന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് തിരൂർ തുഞ്ചൻ പറമ്പിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുഞ്ചൻ സ്മാരക മലയാള സർവകലാശാലയുമായി സഹകരിച്ചു കൊണ്ടാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ആരോഗ്യശാസ്ത്ര സർവകലാശാലാ വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമ കേരള ജ്യോതി പുരസ്കാരം നേടിയ എം.ടി.യെ ആദരിച്ചു. പ്രൊ വൈസ് ചാൻസലർ ഡോ.സി.കെ.വിജയൻ സ്വാഗതമാശംസിച്ചു. യു.എസ്.എ യിലെ തോമസ് ജെഫേഴ്സൺ സർവകലാശാലയിലെ പ്രൊഫസറും എഴുത്തുകാരനുമായ ഡോ.എം.വി.പിള്ള പദ്ധതിയുടെ ഉദ്ദ്യേശലക്ഷ്യങ്ങൾ വിശദീകരിച്ചു. മൗലികമായ ചിന്തകൾ മാതൃഭാഷയിൽ മാത്രമേ സൃഷ്ടിക്കപ്പെടുന്നുള്ളൂ എന്നദ്ദേഹം അഭിപ്രായപ്പെട്ടു.

രജിസ്ട്രാർ ഡോ. ഏ.കെ. മനോജ് കുമാർ നന്ദി പറഞ്ഞു. മലയാള സർവകലാശാലയിലെയും ആരോഗ്യ സർവകലാശാലയുടെയും വിദഗ്ധർ പങ്കെടുത്ത ശില്പശാലയിൽ മലയാള പഠനത്തിനുള്ള പാഠ്യപദ്ധതിയുടെ രൂപരേഖ തയ്യാറാക്കി.
ശിൽപ്പശാല മലയാള സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. എം ടി വാസുദേവൻ നായർ സന്നിഹിതനായിരുന്നു. ഡോ. മോഹനൻ കുമ്മുമ്മൽ, ഡോ. എം വി പിള്ള, ഡോ. സി പി വിജയൻ, ഡോ. കെ എം അനിൽ, ഡോ. രാധാകൃഷ്ണൻ ഇളയിടത്തു മുതലായവർ ശില്പശാലക്കു നേതൃത്വം നൽകി.