ഓടിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് വീഴുന്നത് സങ്കടകരമാണ്. പരുക്ക് പറ്റി ഓട്ടം തുടരാനാകാത്തത് അതിനേക്കാള്‍ സങ്കടകരമാണ്. ശരീരത്തിന്റെ വേദനയെക്കാള്‍ മനസ്സിന് ബാധിച്ച തളർച്ചയാകും കൂടുതല്‍ പ്രയാസം. വീണുപോയല്ലോ എന്ന ചിന്ത അപമാനകരമായി സ്വയം വിലയിരുത്തും. ജീവിതത്തില്‍, തൊഴില്‍ മേഖലയില്‍, പഠനത്തിന്റെ കാര്യത്തില്‍, ബന്ധങ്ങളുടെ കാര്യത്തില്‍ ഒക്കെ ഇങ്ങനെ എപ്പോഴെങ്കിലും വീണു പോകാത്തവര്‍ കുറവായിരിക്കും.
വീണു പോകുമ്പോഴൊക്കെ തിരികെ വാശിയോടെ വരാമെന്ന് സ്വയം ആശ്വസിപ്പിച്ചാണ് തല്കാലത്തെ വിഷമത്തെ നമ്മള്‍ അതിജീവിക്കാറ്. ചുറ്റുമുള്ളവരൊക്കെ പൂര്‍വ്വാധികം ശക്തിയോടെ തിരികെയെത്താന്‍ നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. തോല്‍വിയോട് ആദ്യമുണ്ടാകുന്ന വൈകാരിക പ്രതികരണത്തിനപ്പുറം എത്രയും പെട്ടന്ന് തിരികെ ശാന്തതയിലേക്ക് വരാന്‍ നം ശ്രമിച്ചുകൊണ്ടിരിക്കും. വേദനകള്‍ നമ്മെ അത്രയൊന്നും ബാധിച്ചിട്ടില്ല എന്ന് അറിയിക്കാനും സ്വയം ബോധ്യപ്പെടുത്താനും സന്തോഷവാനായി ഇരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കും. മുകളിൽ പ്രശാന്തമെങ്കിലും സങ്കടങ്ങളിലേക്ക് പിടിച്ചു വലിക്കുന്ന ആഴച്ചുഴികള്‍ അപ്പോഴും അടിയോഴുക്കുകളായി അവശേഷിക്കുന്നുണ്ടാകും.
താൻ പരാജിതനല്ല എന്ന് തെളിയിക്കാൻ ശ്രമിക്കും തോറും തോൽവിയുടെ ഭൂതകാലം ചിലപ്പോൾ സങ്കടങ്ങളുടെ ആഴക്കടലിലേക്കു പിടിച്ചു വലിച്ചേക്കാം. തിരികെ വരാൻ ശ്രമിക്കുന്ന ഓരോ വട്ടവും വീണ്ടും നിസ്സഹായമായി തോറ്റുപോകുമ്പോൾ മറ്റുള്ളവർക്കും നിങ്ങൾക്കു സ്വയവും പ്രതീക്ഷയറ്റപോലെ തോന്നാം. പക്ഷേ, നിങ്ങൾക്കു ഇങ്ങനെ വിജയിക്കാനാകില്ല. എത്ര ശ്രമിച്ചാലും ഉള്ളു നിറഞ്ഞ സന്തോഷത്തിൽ ഹൃദയം തുറന്നു ചിരിക്കാൻ നിങ്ങൾക്കാകില്ല. ഇനി ചിരിക്കണമെങ്കിൽ പൂർവാധികം ശക്തിയോടെ തിരിച്ചു വരണമെങ്കിൽ നിങ്ങൾ ആദ്യം കരയണം. തോൽവി എന്താണെങ്കിലും അത് പൂർണമായി ഉൾക്കൊള്ളണം . താൻ മാനസികമായും ശാരീരികമായും തളർന്നിരിക്കുകയാണ് എന്ന് അംഗീകരിക്കണം. എന്തും, അത് സന്തോഷമായാലും സങ്കടമായാലും, അതിന്റെ പൂർണ അർത്ഥത്തിൽ അനുഭവിക്കുമ്പോൾ മാത്രമേ അതിൽ നിന്ന് പുറത്തു കടക്കാൻ സാധിക്കുകയുള്ളൂ.
അതുകൊണ്ടു കരയുക. നിങ്ങളുടെ സങ്കടം മുഴുവൻ പുറത്തു വരും വിധം ആർത്തലച്ചു കരയുക. കേൾക്കുമ്പോൾ നെറ്റി ചുളിഞ്ഞേക്കാം. സങ്കടം ഉള്ളിലൊതുക്കുന്നതാണല്ലോ നാം ഹീറോയിസം ആയി കാണാറ്! പക്ഷേ സത്യത്തിൽ അങ്ങനെയല്ല . നിങ്ങൾ ഒറ്റക്കാകുമ്പോൾ, അല്ലെങ്കിൽ ഏറ്റവും അടുപ്പമുള്ള ആരുടെയെങ്കിലും മുന്നിൽ കരഞ്ഞു തീർക്കുക. വേദനകളെ നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥകളെ തള്ളിക്കളയാതെ അതും ജീവിതത്തിന്റെ ഭാഗമാണെന്നു ഉൾക്കൊള്ളുക . ഒന്നും നിങ്ങളുടെ മാത്രം തെറ്റല്ല. സ്വയം കുറ്റപ്പെടുത്താതിരിക്കുക. തെറ്റായിപ്പോയി എന്ന് തോന്നുന്ന നിമിഷം തിരുത്താൻ ശ്രമിക്കുക. കരഞ്ഞു തളരുമ്പോൾ ഒടുവിൽ ദീർഘമായി നിശ്വസിക്കും നമ്മൾ. ആ നിശ്വാസത്തിൽ നാം ആവാഹിക്കുന്ന ഊർജം ഏതു ആശ്വാസവാക്കുകളെക്കാളും നല്ലതാണ്. പതുക്കെ വളരെ പതുക്കെ സാധാരണ അവസ്ഥയിലേക്ക് നിങ്ങൾ വന്നു തുടങ്ങും. മനസ്സ് ആഴത്തിൽ അൽപ്പാൽപ്പമായി തെളിഞ്ഞു തുടങ്ങും. എങ്ങനെ അതിജീവിക്കാം എന്നതിന്റെ ഉത്തരം നിങ്ങൾ ശാന്തമാകുമ്പോൾ സ്വയം കണ്ടെത്തും. അശാന്തമായി ക്ഷമകെട്ട് നിങ്ങൾ ചെയ്യുന്നതെല്ലാം പരാജയപ്പെട്ടേക്കാം. എന്നാൽ പാകമായ മനസ്സോടെ നിങ്ങൾ വെക്കുന്ന ഓരോ അടിയും ശക്തവും ആത്മവിശ്വാസം നിറക്കുന്നതും ആയിരിക്കും. ഭയാശങ്കകൾ വിട്ടൊഴിയുമ്പോൾ ഓട്ടത്തിന്റെ വേഗം കൂടും. ചുറ്റുമുള്ളവർ പുറമെ നിങ്ങളുടെ മുറിവ് ഉണങ്ങിയത് മാത്രമേ കാണുകയുള്ളൂ. അത് വിലയിരുത്തി നിങ്ങൾ തിരികെ എത്താൻ അവർ ധൃതി കൂട്ടിയേക്കാം . സാരമില്ല. പക്ഷെ അതുകൊണ്ടു സമ്മർദ്ദം കൂടി ഉള്ളിലെ മുറിവുണങ്ങാൻ നിങ്ങൾ തന്നെ നിങ്ങള്ക്ക് സമയം അനുവദിച്ചില്ലെങ്കിൽ ആത്യന്തികമായി എല്ലാവരും ആഗ്രഹിക്കുന്ന നിങ്ങളുടെ വിജയം നിങ്ങൾക്കു ഒരിക്കലും നേടാൻ കഴിയില്ല.
അതുകൊണ്ട് സമയം അനുവദിക്കുക. നിങ്ങൾ സുഖം പ്രാപിച്ചാൽ ബാക്കിയെല്ലാം ശരിയാകും. കാരണം നേരത്തെ ശ്രമിച്ചു പരാജയപ്പെടുന്നതിനെക്കാൾ നല്ലതു അല്പം വൈകിയാലും വിജയം ഉറപ്പിക്കുന്നതാണ്. പയ്യെ തിന്നാൽ പനയും തിന്നാം എന്ന് പണ്ടുള്ളവർ പറയുന്നത് ഇതുകൊണ്ടുകൂടെ ആയിരിക്കും.