ഇന്ന് കമ്പ്യൂട്ടറുകൾ കടന്നു കയറാത്തതായ ഒരു മേഖല പറയാൻ പറഞ്ഞാൽ ഒന്ന് കടുക്കും. അത്രയ്ക്ക് വേഗത്തിലാണ് അത് വളർന്ന് വികസിച്ചത്. കമ്പ്യൂട്ടർ സാങ്കേതികതയുടെ ഗതി നിയന്ത്രിക്കുന്നതിൽ അവരുടെ പ്രവർത്തനവും ദിശാബോധവും കൊണ്ട് സർവ്വപ്രധാനമായ പങ്ക് വഹിക്കുന്നവരാണ് ഹാർഡ്വെയർ എൻജിനിയർമാർ. കമ്പ്യൂട്ടറുകളുടെ ഹാർഡ്വെയറുകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ ജോലി.

പ്രധാന ചുമതല എന്ന് പറയുന്നത് കമ്പ്യൂട്ടറിന്റെ ഹാർഡ്വെയർ കോൺഫിഗറേഷനുകൾ നിയന്ത്രിക്കുക എന്നതാണ്. യന്ത്രങ്ങളുടെ ഭാഗങ്ങൾ പുതുക്കി, അതിന്റെ ലേ-ഔട്ട് രൂപരേഖകൾ തയ്യാറാക്കി, അതിന്റെ ഡിസൈനിൽ വരെ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവന്ന്, പൂർണ്ണമായ കാര്യക്ഷമത അതിന് നൽകുക എന്നതാണ് ജോലി. കമ്പ്യൂട്ടറിന്റെ പ്രവർത്തനക്ഷമതയും വേഗവും വർദ്ധിപ്പിക്കുന്നത് ഇവരുടെ കൈകളാണ്. ഏറ്റവും കുറച്ചു സ്ഥലം ഉപയോഗിച്ച് കൊണ്ട് ഏറ്റവുമധികം ക്ഷമത നൽകുക, പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ ചെലവ് ചുരുക്കുന്ന മോഡലുകൾ നിർമ്മിക്കുക എന്നിവയും ജോലിയുടെ ഭാഗമാണ്.

കൂടുതലായും ചെയ്യുക നിലവിൽ വിപണിയിലുള്ളതും അല്ലാത്തതുമായ മോഡലുകൾ ആഴത്തിൽ വിശകലനം ചെയ്ത് അതിലെ കുറവുകൾ പരിശോധിച്ച് അത് നികത്തി, തന്റെ അറിവും യുക്തിയും വിനിയോഗിച്ച് നൽകേണ്ടതായ ആവിഷ്കാര മാറ്റങ്ങൾ അതിൽ വരുത്തുക എന്നതാണ്. ഹാർഡ്വെയർ എൻജിനീയർമാരുടെ വ്യക്തമായ കണക്കുകൂട്ടലുകളുടെയും സൂക്ഷ്മമായ നിരീക്ഷണപാടവത്തിന്റെയും ഫലമായാണ് കമ്പ്യൂട്ടറുകൾ കണ്ണെത്താത്ത ഉയരങ്ങൾ കീഴടക്കി ഉന്നതങ്ങളിൽ എത്തുന്നത്.

കമ്പ്യൂട്ടർ ശാസ്ത്രസാങ്കേതികതയിൽ വ്യാപ്തമായ ജ്ഞാനം, നിരീക്ഷണ പാടവം, ക്ഷമ, പരീക്ഷണങ്ങൾ നടത്തി അവയിൽ നിന്ന് ശരിയായ നിഗമനങ്ങളും കണക്കുകൂട്ടലുകളും വന്നു ചേരുവാനുള്ള ശേഷി, എന്നിവയെല്ലാം വളരെയധികം ആവശ്യപ്പെടുന്ന ഒരു ജോലിയാണിത്. പലപ്പോഴും നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടി വരുമെന്നതിനാൽ തന്നെ സാങ്കേതികമായ വാക്കുകളുടെ അറിവും, ആശയവിനിമയ മികവും അത്യാവശ്യമാണ്. പുതിയ മോഡലുകൾ രൂപകൽപ്പന ചെയ്യുവാനുള്ള സര്ഗാത്മകതയുമുള്ള ഒരു വ്യക്തിക്ക് ഈ മേഖലയിൽ കുതിച്ചു കയറാം. പല രാജ്യങ്ങളിലെയും ഏറ്റവുമധികം ശമ്പളം വാങ്ങിക്കുന്ന ജോലികളുടെ കൂട്ടത്തിൽപ്പെടുന്ന ഒരു ജോലിയാണിത്. ആയതിനാൽ തന്നെ അതിനനുസരിച്ചുള്ള ഉത്തരവാദിത്വങ്ങളുമുണ്ട്.

ഗണിത, ശാസ്ത്ര, കമ്പ്യൂട്ടർ മേഖലകളിൽ അവഗാഹം, നൂതനമായ ആശയങ്ങൾ രൂപകൽപ്പന ചെയ്യാനും അവതരിപ്പിക്കാനുമുള്ള കഴിവ് എന്നിവയുണ്ടെങ്കിൽ എന്തുകൊണ്ടും തിരഞ്ഞെടുക്കേണ്ടതായ ഒരു മേഖലയാണിത്. ചെന്നൈ, കാൺപൂർ, ഖരഗ്‌പൂർ, ഡൽഹി, മുംബൈ, ഗുവാഹത്തി, എന്നിവിടങ്ങളിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി)  ശാഖകൾ നല്കുന്ന കമ്പ്യൂട്ടർ ഹാർഡ്വെയർ കോഴ്‌സുകൾ ലോകോത്തര നിലവാരത്തിലുള്ളതാണ്. ദുർഗാപൂരിലെ റീജ്യണൽ എൻജിനീയറിങ് കോളേജ്, തൃശ്ശൂരിലെ ഗവണ്മെന്റ് കോളേജ് ഓഫ് എൻജിനീയറിങ്, ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റി, ജയ്‌പുരിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിലും മികച്ച കോഴ്‌സുകൾ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!