വർഷങ്ങൾക്കു മുൻപ് സ്‌കൂളിൽ എന്നോട് അദ്ധ്യാപകൻ ഒരു ഉപന്യാസം എഴുതാൻ പറഞ്ഞു. വിഷയമിതാണ്- വലുതാകുമ്പോൾ എന്താകണമെന്നാണ് നിങ്ങളുടെ ആഗ്രഹം?
ഞാൻ നിസ്സംശയം അതിനുത്തരമെഴുതി. പക്ഷേ, ഒരൊറ്റ വാക്ക് മാത്രം -സന്തുഷ്ടൻ. എനിക്ക് സന്തുഷ്ടനാകണം.
ടീച്ചർ എന്നെ കാര്യമായി ശകാരിച്ചു -നിനക്ക് ചോദ്യം എന്താണെന്ന് മനസിലായില്ല.
അപ്പോൾ ഞാൻ പറഞ്ഞു -താങ്കൾ ജീവിതം മനസിലാക്കിയിട്ടില്ല!
ഇത് പറഞ്ഞത് വേറാരുമല്ല. ബീറ്റിൽസ് എന്ന വിശ്വവിഖ്യാത ബാൻഡിലെ സംഗീതജ്ഞനായ, എക്കാലത്തെയും മികച്ച പാട്ടെന്നു വിലയിരുത്തപ്പെടുന്ന ‘ഇമാജിൻ’ സൃഷ്ടിച്ച സാക്ഷാൽ ജോൺ ലെന്നൺ. പലപ്പോഴും ജീവിതം മറ്റതാണ് മറിച്ചതാണ് എന്നൊക്കെ കരുതിക്കൂട്ടി, ഇന്നലെകളെ കുറിച്ച് വിഷമിച്ച്, നാളെകളെ പറ്റി വ്യാകുലരായി, മാനസിക സംഘർഷങ്ങളുടെ സാഗരത്തിലകപ്പെട്ടാണ് നമ്മൾ ജീവിക്കുന്നത്. ജീവിതയാത്ര കഠിനമാണെന്നും അതിൽ മുന്നേറുവാൻ ഒത്തിരിയധികം തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ടെന്നുമൊക്കെ പറഞ്ഞു വരുമ്പോൾ, നമ്മൾ പലരും ജീവിക്കാൻ തന്നെ മറന്നു പോകാറുണ്ടെന്നുള്ളതാണ് സത്യം. എന്നാൽ കാര്യങ്ങളെ അത്രയധികം സങ്കീർണ്ണമാക്കേണ്ട ആവശ്യമൊട്ടില്ല താനും.
വളരെ സരളമായ, ലളിതമായ, സുന്ദരമായ യാത്രയാണ് ജീവിതം. വളരെ ക്ഷണികമാണത്. വേവലാതികളിൽ മുങ്ങിത്താണ്, ലക്ഷ്യങ്ങളിലേക്കോടിയോടി തളരുമ്പോഴും സന്തോഷം അനുഭവിക്കുന്നില്ലെങ്കിൽ പിന്നെയതെല്ലാം വ്യർത്ഥം തന്നെയല്ലേ? നമുക്ക് ഇപ്പോൾ എന്ന സമയത്തോട് മാത്രമേ ഒരു പ്രതീക്ഷ വെയ്ക്കുവാൻ കഴിയുകയുള്ളു – അടുത്ത ക്ഷണം എന്ത് സംഭവിക്കുമെന്നത് അറിയില്ല. ചെറിയ സന്തോഷങ്ങളെയും ആഘോഷിച്ച്, തോൽവികളും വ്യഥകളും മറന്നു മുന്നേറണം നമ്മളേവരും!
എല്ലാ ചോദ്യത്തിനും ഒരുത്തരമുണ്ട്. എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമുണ്ട്. കാര്യങ്ങൾ സിമ്പിളായി കാണൂ സുഹൃത്തെ!