സംരംഭകത്വത്തിലേക്ക് ചുവടുറപ്പിക്കുന്ന യുവാക്കള്‍ക്ക് ആശ്വാസമായി സ്വയംതൊഴിൽ വായ്പാ പദ്ധതി ‘മൾട്ടി പർപ്പസ്‌ ജോബ്‌ ക്ലബ്ബ്‌’. 2007 മുതൽ നടപ്പാക്കി വരുന്ന ഈ പദ്ധതി ഗ്രൂപ്പ്‌ സംരംഭങ്ങൾ ആരംഭിക്കുന്നതിന്‌ പ്രോത്സാഹനം നൽകുന്നു. വ്യവസായം, കച്ചവടം, സേവനം എന്നീ മേഖലകളിൽ വരുന്ന ഏതൊരു സ്വയംതൊഴിൽ സംരംഭത്തിനും ഈ പദ്ധതിപ്രകാരം 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നു. പദ്ധതി ചെലവിന്റെ 25 ശതമാനം സംരംഭകന് സബ്‌സിഡിയായി ലഭിക്കുന്നതാണ്‌. പരമാവധി 2 ലക്ഷം രൂപ വരെയാണ് സബ്സിഡി ലഭിക്കുക.

എംപ്ലോയ്മെന്‍റ് രജിസ്ട്രേഷനുള്ള 21നും 45നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് ഈ വായ്പയ്ക്കായി അപേക്ഷ സമര്‍പ്പിക്കാം. പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക്‌ 3 വർഷവും, എസ്‌.സി. / എസ്‌.ടി. -വികലാംഗർക്ക്‌ 5 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ്‌ ലഭിക്കും. 2 മുതല്‍ 5 വരെ അംഗങ്ങളുള്ള ഗ്രൂപ്പ്‌ അപേക്ഷകളാണ്‌ ഈ പദ്ധതിപ്രകാരം വായ്പയ്ക്കായി പരിഗണിക്കുക. അംഗങ്ങള്‍ പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റ് ഉണ്ടാക്കേണ്ടതുണ്ട്. ഒരാളെ ടീം ലീഡര്‍ ആയി തിരഞ്ഞെടുക്കെണ്ടതാണ്. മറ്റുള്ളവര്‍ പാര്‍ട്ണര്‍മാരായിരിക്കും. അംഗങ്ങളുടെ കുടുംബ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കൂടരുത്‌ എന്ന നിബന്ധനയുണ്ട്.

അടുത്തുള്ള എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ചിലോ ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസിലോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം പദ്ധതിയുടെ വിശദമായ പ്രോജക്ട്‌ റിപ്പോർട്ട്‌ സമര്‍പ്പിക്കണം. അപേക്ഷകരുടെ തിരിച്ചറിയൽ രേഖകൾ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, റേഷൻകാർഡ്‌ എന്നിവയും പദ്ധതിയുടെ ആവശ്യങ്ങള്‍ക്കായി സ്ഥിര ആസ്തികൾ ആവശ്യമെങ്കില്‍, അതിനുള്ള ക്വട്ടേഷൻ എന്നിവയുടെ പകർപ്പും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന പരിധി 1 ലക്ഷം രൂപ ആയതിനാല്‍, വില്ലേജ്‌ ഓഫീസറുടെ വരുമാന സർട്ടിഫിക്കറ്റും നിര്‍ബന്ധമായി ഹാജരാക്കണം.

അപേക്ഷകരുടെ പ്രായം, കുടുംബ വാര്‍ഷിക വരുമാനം, നൈപുണ്യം, പദ്ധതി വിജയകരമായി നടത്തിയെടുക്കുവാനുള്ള കഴിവ് എന്നിവയാണ് പ്രാഥമികമായി പരിശോധിക്കുന്നത്. തുടര്‍ന്ന് ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസർ കൺവീനറായുള്ള ഒരു ജില്ലാതല കമ്മിറ്റി അപേക്ഷകനെ ഇന്റർവ്യൂ ചെയ്യുന്നു. യോഗ്യതയ്ക്കനുസരിച്ചാണ് അപേക്ഷകള്‍ പാസാക്കുന്നത്. വനിതകൾ, പ്രൊഫഷണൽ / സാങ്കേതിക യോഗ്യത നേടിയവർ, തൊഴിൽ രഹിതവേതനം വാങ്ങുന്നവർ, പരിശീലനം ലഭിച്ചിട്ടുള്ള പരമ്പരാഗത തൊഴിലാളികൾ എന്നിവർക്ക്‌ മുൻഗണന ലഭിക്കുന്നതാണ്‌. ജില്ലാതല കമ്മിറ്റി ഇപ്രകാരം അംഗീകാരം നല്‍കുന്ന അപേക്ഷകള്‍ ദേശസാത്‌കൃത ബാങ്കുകൾ, ജില്ലാ സഹകരണ ബാങ്കുകൾ, റീജണൽ റൂറൽ ബാങ്കുകൾ, സിഡ്‌ബി എന്നിവയുടെ ബ്രാഞ്ചുകളിലേക്ക്‌ അയയ്ക്കുന്നു. വായ്പ്പ അനുവദിക്കപ്പെട്ട ഉടനെ തന്നെ ക്ലബ് അംഗങ്ങളുടെ പേരില്‍ ഒരു ജോയിന്റ് അക്കൌണ്ട് ബാങ്കില്‍ ആരംഭിക്കേണ്ടതാണ്.

അംഗങ്ങള്‍ പദ്ധതി തുകയുടെ 10 ശതമാനം സംരംഭകന്റെ വിഹിതമായി ലോണ്‍ അക്കൌണ്ടിലേക്ക് നിക്ഷേപിക്കണം. വായ്പ അനുവദിച്ച്‌ വിതരണം ചെയ്യുന്നത്‌ ധനകാര്യ സ്ഥാപനങ്ങളാണ്‌. വായ്പ അനുവദിച്ച്‌ ഉത്തരവ്‌ ലഭിച്ചു കഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ സബ്‌സിഡി തുക സംരംഭകന്റെ വായ്പാ കണക്കിലേക്ക്‌ വരവ്‌ വെയ്ക്കും. വായ്പ ലഭിക്കുന്ന സംരഭകര്‍ക്കായി ഒരു സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. നിര്‍ബന്ധമായും അപേക്ഷകര്‍ ഇതില്‍ പങ്കെടുക്കണം. ഈ വായ്പ്പ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവർക്ക്‌ തുടർന്ന്‌ തൊഴിൽരഹിത വേതനം ലഭിക്കില്ല.

അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.employmentkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!