സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളേജുകളിലെ പ്രവേശന നടപടികളെക്കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഡോ.ആര്‍.വി.ജി.മേനോന്‍ കണ്‍വീനറും കേപ് ഡയറക്ടര്‍ ഡോ.ആര്‍.ശശികുമാര്‍, തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.വി.ജിജി എന്നിവര്‍ അംഗങ്ങളുമായുള്ളതാണ് സമിതി.
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും പ്രവേശനം നേടുന്നവരും തമ്മിലുള്ള അന്തരം, കോളേജുകളുടെ അവസ്ഥ, സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങി സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ മുഴുവന്‍ പഠനവിധേയമാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി.ജലീല്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഒരു ലക്ഷത്തിലേറെ പേര്‍ ഓരോ വര്‍ഷവും അപേക്ഷിക്കുന്നുണ്ട്. ഈ വര്‍ഷം 1,04,119 അപേക്ഷകരുണ്ടായിരുന്നു. ഇവരില്‍ 90,233 പേര്‍ പരീക്ഷ എഴുതിയതില്‍ 57,251 പേര്‍ എന്‍ജിനീയറിങ് പഠന യോഗ്യത നേടി. എന്നാല്‍, ഇക്കൂട്ടത്തില്‍ യോഗ്യത തെളിയിക്കാന്‍ പ്ലസ് ടു മാര്‍ക്ക് നല്‍കി 46,685 പേര്‍ മാത്രമാണ് റാങ്ക് പട്ടികയില്‍ ഇടംനേടിയത്.
സംസ്ഥാനത്ത് ആകെ 50,320 ബി ടെക് സീറ്റുണ്ട്. ഇവയില്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ മേഖലകളിലായി 33,177 മെറിറ്റ് സീറ്റുണ്ട്. 13,387 സീറ്റ് മാനേജുമെന്റുകള്‍ക്കുണ്ട്. എന്നാല്‍, ഇരുവിഭാഗത്തിലും പകുതി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 25,500 സീറ്റില്‍ മാത്രമാണ് പ്രവേശനം നടന്നത്. 24,451 സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്.
എം.ടെക് യോഗ്യതയുള്ളവരേ ബി.ടെക്കിന് ക്ലാസ് എടുക്കാവൂ എന്നുണ്ടെങ്കിലും മിക്ക സ്വാശ്രയ കോളേജുകളിലും ബി.ടെക് ബിരുദധാരികളാണ് ക്ലാസെടുക്കുന്നത്. മാത്രമല്ല ഭൂരിഭാഗം കോളേജുകളിലും മാനദണ്ഡമനുസരിച്ചുള്ള ശമ്പളം യോഗ്യരായ അദ്ധ്യാപകര്‍ക്കു പോലും ലഭിക്കുന്നില്ല എന്നും പരാതികളുണ്ട്. അദ്ധ്യാപകരുടെ യോഗ്യതയില്ലായ്മ എന്‍ജിനീയറിങ് പഠനനിലവാരത്തെ ബാധിക്കുന്നു എന്നും ആക്ഷേപം നിലനില്‍ക്കുന്നു.
സംസ്ഥാനത്തിന് പുറത്ത് എന്‍ജിനീയറിങ് ബിരുദത്തിന് ജയിക്കാന്‍ 40 ശതമാനം മാര്‍ക്കായിരിക്കെ ഇത് കേരളത്തില്‍ നിലവില്‍ 45 ആണ്. പഠനത്തിലെ നിലവാരമില്ലായ്മയ്‌ക്കൊപ്പം വിജയിക്കാനാവശ്യമായ മാര്‍ക്കും ഉയര്‍ന്നു നില്‍ക്കുമ്പോള്‍ വിജയശതമാനം കുറയുന്നുണ്ട്. ഇതെല്ലാം പരിശോധിക്കാനും ആവശ്യമായ പരിഹാരനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമാണ് മൂന്നംഗ സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.