Lorance Mathew

Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

പൗരാണിക കാലഘട്ടത്തിൽ മനുഷ്യന്റെ ജീവിതവും സംസ്കാരവും എന്തായിരുന്നു? അവരുടെ ജീവിത രീതി, കൃഷി, വ്യവസായം തുടങ്ങിയവയൊക്കെ എന്തായിരുന്നു? അവയിൽ നിന്നും ആധുനിക മനുഷ്യനു എന്തൊക്കെ പഠിക്കാനുണ്ട്. ഇക്കാര്യങ്ങളിലേക്കെല്ലാമുള്ള വെളിച്ചം വീശലാണ് ആർക്കിയോളജി എന്ന കരിയർ.

ആർക്കിണങ്ങും?

ഒരു ആർക്കിയോളജിസ്റ്റാകുവാൻ ഇറങ്ങിപ്പുറപ്പെടും മുൻപ് പരന്ന വായനയും, ചരിത്ര സ്മാരകങ്ങളിലും, പൗരാണിക രേഖകളിലും ആഴത്തിൽ വ്യാപരിക്കാനുള്ള അന്വേഷണാത്മക മനസ്സുമുണ്ടോയെന്ന് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും. ഒരു ആർക്കിയോളജിസ്റ്റ് പ്രതികൂലമായ കാലാവസ്ഥകളിലെല്ലാം സമയ ബന്ധിതമല്ലാതെ കർമ്മനിരതനാവേണ്ടതുണ്ട്. വന മേഖലയിലും മറ്റു മനുഷ്യ വാസമില്ലാത്ത സ്ഥലങ്ങളിലുമൊക്കെ നീണ്ട മണിക്കൂറുകൾ ജോലി ചെയ്യേണ്ടി വന്നേക്കാം. ധാരാളം യാത്ര ചെയ്യുവാൻ സന്നദ്ധനായ വ്യക്തിയാവേണ്ടത് ഈ ജോലിക്ക് അത്യന്താപേക്ഷിതമാണ്. എന്നാൽ അന്വേഷണ ത്വരയോടെ മാനവരാശിക്ക് പ്രയോജനപ്രദമായ പുത്തൻ കണ്ട് പിടുത്തങ്ങൾ നടത്തുവാൻ താല്പര്യമുള്ളവർക്ക് മുൻപിൽ എന്നും ആവേശഭരിതമാണ് ആർക്കിയോളജി എന്ന കരിയർ.

എങ്ങനെ ഒരു ആർക്കിയോളജിസ്റ്റാവാം?

ഏതെങ്കിലും വിഷയത്തിൽ +2 പാസായവർക്ക് ആർക്കിയോളജിയിൽ ഡിഗ്രി എടുക്കാം. എന്നിരുന്നാലും +2 വിന് ഹ്യുമാനിറ്റിക്സ് വിഷയം തിരഞ്ഞെടുക്കുന്നതാവും തുടർ പഠനത്തിനു കൂടുതൽ പ്രയോജനപ്രദം. പക്ഷേ ആർക്കിയോളജിയിൽ ഡിഗ്രി തലത്തിൽ പഠന സൗകര്യങ്ങൾ ഇന്ത്യയിൽ കുറവാണ്. ഏത് ഡിഗ്രിക്കാർക്കും ആർക്കിയോളജിയിൽ എം എക്ക് ചേരാം. എന്നാൽ ആർക്കിയോളജി, ഹിസ്റ്ററി, സോഷ്യോളജി, ആന്ത്രപ്പോളജി തുടങ്ങിയവയിലുള്ള ഡിഗ്രിയാവും കൂടുതൽ നല്ലത്. ആർക്കിയോളജി, മാനുസ്ക്രിപ്റ്റോളജി, മ്യൂസിയോളജി തുടങ്ങിയവയിലുമൊക്കെ ഡിപ്ലോമാ, പി ജി ഡിപ്ലോമ പ്രോഗ്രാമുകൾ വിവിധ സ്ഥാപനങ്ങളിലായിട്ടുണ്ട്. ആർക്കിയോളജിയിൽ എം എ കഴിഞ്ഞവർക്ക് പി എച്ച് ഡി ക്കോ, എം ഫിലിനോ ശ്രമിക്കാവുന്നതാണു. ആർക്കിയോളജിയിൽ ഒരു നല്ല കരിയർ പടുത്തുയർത്താൻ പി എച്ച് ഡി യോ എം ഫില്ലോ ആണു കൂടുതൽ നല്ലത്.

പഠന സ്ഥാപനങ്ങൾ

കേരളത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജിലും (വനിതാ കോളേജ്) (www.assumptioncollege.in/), പാലാ സെയ്ൻറ്റ് തോമസ് കോളേജ് (http://stcp.ac.in/), പെരുമ്പാവൂർ മർത്തോമാ കോളേജ് ഫോർ വിമണ്‍ (http://marthomacollege.ac.in/), സെന്‍റ് മേരീസ് കോളേജ് മണർകാട് എന്നിവിടങ്ങളില്‍ ആർക്കിയോളജിയിൽ ഡിഗ്രി പഠനത്തിനവസരമുണ്ട്. കേരളത്തിനു വെളിയിൽ വരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (www.bhu.ac.in/), ബറോഡയിലെ മഹാരാജാ സയാജിറാവോ യൂണിവേഴ്സിറ്റി (www.msubaroda.ac.in/) തുടങ്ങിയവയിലൊക്കെ ആർക്കിയോളജിയിൽ ഡിഗ്രി കോഴ്സുകളുണ്ട്.

ആർക്കിയോളജിയിൽ എം എ പഠനത്തിനു കേരളാ യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം കാമ്പസിൽ (www.keralauniversity.ac.in/) അവസരമുണ്ട്. 2 വർഷത്തെ പ്രോഗ്രാമിൽ 12 പേർക്കാണവസരം. ഇവിടെ എം ഫിൽ, പി എച്ച് ഡി പ്രോഗ്രാമുകളുമുണ്ട്.

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (http://www.bhu.ac.in/), ഹൈദരാബാദ് യൂണിവേഴ്സിറ്റി (www.uohyd.ac.in/), ബാംഗ്ലൂർ യൂണിവേഴ്സിറ്റി (www.bangaloreuniversity.ac.in/), നാഗ്പൂർ യൂണിവേഴ്സിറ്റി (www.nagpuruniversity.org/), ഡോ. ഹരി സിങ്ങ് ഹൗർ യൂണിവേഴ്സിറ്റി (www.dhsgsu.ac.in/) തുടങ്ങിയവയും ആർക്കിയോളജിയിൽ എം എ നൽകുന്ന സ്ഥാപനങ്ങളാണു.

പൂനയിലെ ഡീക്കൻ കോളേജ് ഓഫ് പി ജി റിസേർച്ച് (www.deccancollegepune.ac.in/), ജാർഖന്ധിലെ റാഞ്ചി യൂണിവേഴ്സ്റ്റി (www.ranchiuniversity.org.in/), ഭൂവനേശ്വറിലെ ഉത്കാൽ യൂണിവേഴ്സിറ്റി (www.utkaluniversity.ac.in/), ചെന്നയിലെ മദ്രാസ് യൂണിവേഴ്സിറ്റി (www.unom.ac.in/) തുടങ്ങി നിരവധി സർവകലാശാലകൾ ആർക്കിയോളജിയിൽ ഉന്നത പഠനം നൽകുന്നുണ്ട്.

തൃപ്പൂണിത്തുറയിലെ സെൻറ്റർ ഫോർ ഹെറിസ്റ്റേജ് സ്റ്റഡീസിൽ ആർക്കിയോളജിയിൽ (www.centreforheritagestudies.com) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുണ്ട്.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇൻഡ്യയിൽ (http://asi.nic.in/asi_training.asp) ആർക്കിയോളജിയിൽ 2 വർഷത്തെ പി ജി ഡിപ്ലോമ പ്രോഗ്രാമുണ്ട്. ആർക്കിയോളജി അനുബന്ധ വിഷയത്തിൽ എം എ/എം എസ് സി കഴിഞ്ഞവർക്കാണവസരം. 27 വയസാണു പ്രായ പരിധി. പ്രവേശന പരീക്ഷയും അഭിമുഖവുമുണ്ടാകും.

ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് റിസേർച്ച് ആൻഡ് മാനേജ്മെൻറ്റിൽ (www.dihrm.delhigovt.nic.in/) ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് മാനേജ്മെൻറ്റ്, കൺസർവേഷൻ പ്രിസർവേഷൻ ആൻഡ് ഹെറിറ്റേജ് മാനേജ്മെൻറ്റിലുമായി 2 പി ജി കോഴ്സുകളുണ്ട്. ഏതെങ്കിലും വിഷയത്തിൽ 3 വർഷത്തെ ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം.

സ്പെഷ്യലൈസേഷനുകൾ

ഇന്ന് ആർക്കിയോളജി വളരെ വികാസം പ്രാപിച്ച വിഷയമാണു. പ്രമുഖ ശാഖകൾ.

1. ആർക്കിയോ ബോട്ടണി: പൗരാണിക കാലഘട്ടത്തിൽ നില നിന്നിരുന്ന സസ്യങ്ങളെക്കുറിച്ചും കൃഷി രീതികളെക്കുറിച്ചും പഠിക്കുന്നു.

2. ആർക്കിയോമെട്രി: ആർക്കിയോളജിയിൽ ആനലറ്റിക്കൽ എഞ്ചിനിയറിങ്ങിന്റെ ആപ്ലിക്കേഷൻ പഠന വിധേയമാക്കുന്നു.

3. ആർക്കിയൊ സൂവോളജി: പൗരാണിക കാലഘട്ടത്തിലെ ജന്തുക്കളെക്കുറിച്ചും അവയുടെ ആരോഗ്യം, ജിവിത രീതി തുടങ്ങിയവയെക്കുറിച്ചുമെല്ലാം പഠിക്കുന്നു.

4. ബാറ്റിൽ ഫീൽഡ് ആർക്കിയോളജി: പൗരാണിക കാലത്തിലെ യുദ്ധ മുറകളെക്കുറിച്ച് പഠിക്കുന്നു.

5. എൻവിയോൺമെന്റൽ ആർക്കിയോളജി: കഴിഞ്ഞ കാലഘട്ടത്തിൽ പരിസ്ഥിതിയുടെ സ്വാധീനവും, ഇപ്പോഴത്തെ പരിസ്ഥിതിയിൽ കഴിഞ്ഞ കാലഘട്ടത്തിന്റെ സ്വാധീനവുമാണു ഇവിടുത്തെ പഠന വിഷയം.

6. ജിയോ ആർക്കിയോളജി: പുരാതന കാലഘട്ടത്തിലെ ശിലാ ലിഖിതങ്ങളും മണ്ണിന്റെ ഘടനയുമൊക്കെ പഠന വിധേയമാവുന്നിണ്ടിവിടെ.

7. മറൈൻ ആർക്കിയോളജി: പൗരാണിക സമുദ്ര തീരത്തിലെ ജനങ്ങളെപ്പറ്റിയും അവരുടെ സംസ്കാരത്തെപ്പറ്റിയും പഠിക്കുന്നു.

8. പാലിയൻറ്റോളജി: ആധുനിക മനുഷ്യനു മുൻപുണ്ടായിരുന്ന മനുഷ്യന്റെ ജീവിത രീതികളെപ്പറ്റി പഠന വിധേയമാക്കുന്നു.

9. പ്രീ ഹിസ്റ്റോറിക് ആർക്കിയോളജി:
ചരിത്രാതീത കാലഘട്ടത്തെപ്പറ്റി പഠിക്കുന്നു.

10. അർബൻ ആർക്കിയോളജി: പൗരാണിക കാലത്തിലെ നഗര വൽക്കരണത്തെപ്പറ്റി പഠിക്കുന്നു.

തുടങ്ങി വ്യത്യസ്തമായ നിരവധി വിഷയങ്ങളിൽ സ്പെഷ്യൈലൈസ് ചെയ്ത് ഗവേഷണം നടത്തുവാൻ ഇവിടെ അവസരമുണ്ട്.

ജോലി സാധ്യതകൾ

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണു പ്രധാന സ്ഥാപനം. അധ്യാപന രംഗത്തും അവസരങ്ങളുണ്ട്. മ്യൂസിയങ്ങൾ, മറ്റു സാംസ്കാരിക കേന്ദ്രങ്ങൾ, ദേശീയോദ്യാനങ്ങൾ, ടൂറിസം, തുടങ്ങി വൈവിധ്യമാർന്ന രംഗങ്ങളിൽ ജോലി ചെയ്യുവാൻ കഴിയും. ആർക്കിയോളജിയിൽ ഉന്നത പഠനം നടത്തിയവർക്ക് വിദേശത്തും ധാരാളം അവസരങ്ങളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!