എം.മധുസൂദനൻ നായർ

ഡിജിറ്റൽ ലാൻഡ് സർവേയിങ് മേഖലയിലെ പ്രഗത്ഭനാണ്  എം.മധുസൂദനൻ നായർ. സർവേ ഡിപ്പാർട്മെന്റിലെ പ്രമുഖനായിരുന്ന ഇദ്ദേഹത്തിന് വിഷയത്തിൽ അഗാധമായ പാണ്ഡിത്യമുണ്ട്. മേഖലയുടെ വിശദശാംശങ്ങളും കരിയർ സാധ്യതകളും അദ്ദേഹം വ്യക്തമാക്കുന്നു

എന്താണ് ലാൻഡ് സർവേയിങ്?

സർവേയിങ് എന്ന് പറയുന്നത് കാലങ്ങൾക്കു മുൻപ് മുതലേ ഉള്ള ഒരു സംവിധാനമാണ്. ഒരു വസ്തുവിന് അതിർത്തികൾ ഉണ്ടാകുമല്ലോ. ആ അതിർത്തികൾക്കുള്ളിൽ എത്ര അളവ് ഭൂമിയുണ്ട്, അതായത് ആ സ്ഥലത്തിന്റെ വ്യാപ്തി എത്ര എന്ന് വിലയിരുത്തുന്നതിനെയാണ് നമ്മൾ ലാൻഡ് സർവേയിങ് എന്ന് പറയുന്നത്. ഉദാഹരണത്തിന് നാലതിരുള്ള ഒരു വസ്തു ഉണ്ടെങ്കിൽ, അതിന്റെ നീളമെത്ര, വീതിയെത്ര എന്നൊക്കെ കണക്കാക്കേണ്ടി വരും. അതിനാണ് ലാൻഡ് സർവേയിങ് ഉപയോഗിക്കുന്നത്. എന്നാൽ ആ പ്രക്രിയയിൽ നമുക്ക് ആധുനികമായ സാങ്കേതിക വിദ്യകൾ വിനിയോഗിക്കാൻ സാധിക്കും. മേഖലയിലെ ബഹുഭൂരിപക്ഷം സർവേയർമാരും അംഗീകൃതമായ സ്കെച്ചുകളും സർവ്വേ പ്ലാനും അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. മറിച്ച്, കാണുന്നത് സർവേ ചെയ്യുവാൻ നമുക്ക് ഈ സാങ്കേതിക വിദ്യകളുപയോഗിച്ച് സാധിക്കും.

ഇപ്പോൾ കുറച്ച് ഭൂമി ഉണ്ടെങ്കിൽ, അതിന്റെ ഭൂപ്രകൃതി എങ്ങനെ, ഉയർച്ചകളും താഴ്ചകളും എങ്ങനെ, റോഡിലേക്കുള്ള വഴിയെങ്ങനെ, വഴികൾ എങ്ങനെ നിർമ്മിക്കാം എന്നതൊക്കെ ആർക്കിടെക്റ്റ് വിലയിരുത്തുമ്പോൾ, സർവേയർ ചെയ്യുന്നത് ആ വസ്തുവിനെ അതിരളവുകൾ നിർണ്ണയിക്കുക, റോഡിൽ നിന്നും മറ്റും എത്രത്തോളം ഉയരത്തിലാണ് വസ്തു നിൽക്കുന്നതെന്ന് കണ്ടെത്തുക എന്നതൊക്കെയാണ്. എന്നാൽ വ്യക്തമായ, നിശ്ചിതമായ അതിരുകളുണ്ടെങ്കിൽ മാത്രമേ ഈ കണക്കെടുപ്പ് സാധ്യമാകുകയുള്ളൂ.

എന്താണീ സാങ്കേതിക വിദ്യകൾ?

കാലാകാലങ്ങളായി മറ്റെല്ലാ മേഖലകളിലെയും പോലെ സർവേയും പരിണമിച്ച് ഇന്ന് കമ്പ്യൂട്ടറൈസ്ഡ് സർവേയിങ്ങിലേക്കെത്തിയിരിക്കുന്നു. ഇലക്ക്ട്രോണിക്ക് ടോട്ടൽ സ്റ്റേഷൻ പോലത്തെ വിലകൂടിയ യന്ത്രങ്ങളുടെയും മറ്റും സഹായത്തോടെയാണ് ഇത് ചെയ്യപ്പെടുന്നത്. രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപേ, (അന്നത്തെ രൂപയുടെ മൂല്യം കൂടി കണക്കിലെടുക്കണം) 10 ലക്ഷമായിരുന്നു ആദ്യത്തെ ഡിജിറ്റൽ സർവേയിങ് ഉപകരണങ്ങളിലൊന്നായ ഇലക്ക്ട്രോണിക്ക് ടോട്ടൽ സ്റ്റേഷന്റെ വിലയെങ്കിൽ ഇന്ന് അതിന് 1.5 ലക്ഷത്തോളം മാത്രമാണ് വില. പല വിലനിരകളിലുമുള്ള സാങ്കേതിക വിദ്യകൾ വിപണിയിൽ ലഭ്യമാണ്, അതിനനുസരിച്ച് അതിന്റെ ഉപയോഗവും മാറ്റം വരും. സോഫ്ട്വെയറുകൾ, ഡിസ്‌പ്ലേ, പ്രോഗ്രാമുകൾ എന്നിവയിലാണ് ഈ മാറ്റങ്ങളുണ്ടാകുക. മറ്റൊരു ഉപകരണമാണ് പ്രിസം. അതിരുകൾ നിര്ണയിച്ചതിനു ശേഷം, ഈ സംവിധാനത്തിൽ നിന്ന് ഒരു കിരണം ഇതിൽ നിന്നുദ്ഭവിച്ച് പ്രതിഫലിച്ചിതിലേക്ക് തിരിച്ചെത്തുന്നു. ഇന്നത്തെ സാങ്കേതികതയുടെ വളർച്ച കൊണ്ട് തന്നെ, ഒരു മലയുടെ ഈ ഭാഗത്ത് നിന്ന് കൊണ്ട് തന്നെ മറ്റേ ഭാഗത്തെ പ്ലോട്ട് കാണാൻ സാധിക്കുമെങ്കിൽ, അതിന്റെ അതിരുകളളക്കുവാൻ കഴിയും, കിലോമീറ്ററുകളോളമാണ് ഈ യന്ത്രങ്ങളുടെ കവറേജ്.

ഇന്നത്തെ സംവിധാനങ്ങൾ വച്ച്, ഉദാഹരണത്തിന് ഒരു റോഡ് അളക്കണമെങ്കിൽ തന്നെ, ഒരു വണ്ടിയിൽ സംവിധാനങ്ങൾ വച്ച് അത് വഴി ഒന്ന് ഓടിച്ചു കൊണ്ടുപോയാൽ മതിയാകും – അതിലെ റഡാർ ക്യാമറകളും മറ്റും ഉപയോഗിച്ച് സ്കാൻ ചെയ്ത് വിശകലനം ചെയ്യുവാനായി സാധിക്കും. സൂപ്പർ കമ്പ്യൂട്ടറുകളും മറ്റുമുപയോഗിച്ചാണ് ഇതിന്റെ നിരീക്ഷണം ചെയ്യുന്നത്. ചങ്ങലയിലും ടേപ്പിലും തുടങ്ങി, ഇന്ന് ഡ്രോൺ സംവിധാനം ഉപയോഗിച്ച് വരെ ഈ പ്രക്രിയ ചെയ്യുന്നു.

ഈ ജോലിയിലേക്ക് പ്രവേശിക്കാൻ എന്തൊക്കെയാണ് വേണ്ടത്?

എന്റെ അഭിപ്രായത്തിൽ, വിദ്യാഭ്യാസ യോഗ്യതകൾക്കുമുപരി മേഖലയിൽ ഒരു വിജയകരമായ, സംതൃപ്തി നൽകുന്ന ഒരു കരിയർ പടുത്തുയർത്തണമെങ്കിൽ വിഷയത്തിൽ ആഴത്തിലുള്ള താത്പര്യവും, ടെക്നിക്കൽ ആയി ചിന്തിക്കുവാനുള്ള ശേഷിയുമാണ് വേണ്ടത്. ട്രിഗണോമെട്രി ഉൾപ്പടെ സങ്കീർണ്ണമായ ശാസ്ത്രങ്ങളെല്ലാം ഇന്ന് യന്ത്രങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്നതിനാൽ തന്നെ, അവയെ നിയന്ത്രിക്കാനുള്ള കഴിവും, അതിനാവശ്യമായ അവബോധവുമാണ് ആവശ്യമായത്. സർവേയിങ്, ഹയർ സർവേയിങ് കോഴ്‌സുകൾ ചെയ്യുന്നത് വിഷയത്തിൽ അടിസ്ഥാനപരമായ അറിവ് നൽകും, അത് ജോലിക്ക് വളരെ ഉപയോഗപ്രദമാണ്. സ്വയം പരീക്ഷിച്ച് പഠിക്കുന്നവർ പലപ്പോഴും കമ്പ്യൂട്ടർ കോഴ്‌സുകളും മറ്റും ചെയ്തതിനു ശേഷം കടന്നുവരുന്നവരെക്കാളും വളരെ മികവ് പുലർത്തുന്നു എന്നതാണ് പലപ്പോഴും മേഖലയിലെ അനുഭവം. ഡിജിറ്റൽ സർവേയിലേക്ക് കടക്കുവാൻ ഐ.ടി. സർവേ കോഴ്‌സുകൾ ചെയ്യുന്നത് വളരെ ഉപകാരപ്പെടും.

മേഖലയിലെ ജോലിസാധ്യത എങ്ങനെയാണ്?

റീ സർവേ ഒഴിച്ചാൽ കേരളത്തിൽ വളരെ പരിമിതമായ അവസരങ്ങളെ ഉള്ളുവെങ്കിലും രാജ്യത്തെ റോഡ് വികസനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെല്ലാം തന്നെ റോഡ് സർവേ സംബന്ധിയായ അവസരങ്ങൾ അനവധിയുണ്ട്. കൂടാതെ ദുബായ്, മസ്‌ക്കറ്റ് തുടങ്ങിയ വിദേശ നാടുകളിലും ലാൻഡ് സർവേയ്ക്ക് അനേകം സാദ്ധ്യതകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!