നിതിൻ ആർ.വിശ്വൻ
ഇന്ന് ജീവിതത്തിൽ ഒരു മേഖല പോലുമില്ല, കമ്പ്യൂട്ടറുകൾ പ്രവേശിക്കാത്തതായി. എന്നാൽ ഈ മാന്ത്രിക യന്ത്രത്തിന്റെ ചരിത്രം പലപ്പോഴും നമ്മൾ തിരിഞ്ഞു നോക്കാറില്ല.
ഇരുപതാം നൂറ്റാണ്ടിനു മുമ്പ്
ആയിരക്കണക്കിന് വർഷങ്ങളായി കണക്കും വിരലുകളുപയോഗിച്ചുള്ള എണ്ണലുമൊക്കെ നിലനിന്നിരുന്നു. കൗണ്ടിങ് റോഡുകളും ടാലി സ്റ്റിക്കുകളും മറ്റുമായിരുന്നു ആദ്യകാല ഉപകരണങ്ങൾ. പിന്നീടാണ് 2400 ബി.സി. കാലഘട്ടത്ത് ബാബിലോണിയയിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളിൽ നിന്ന് റോമൻ അബാക്കസ് എന്ന സംവിധാനം പരിണമിച്ചുണ്ടായത്. കല്ലുകളും മറ്റുമായിരുന്നു ആദ്യകാല അബാക്കസ്സുകളിൽ. ആകൃതികളുടെ വിസ്തീർണ്ണമളക്കാൻ കഴിയുന്ന പ്ളാനിമീറ്റർ ആയിരുന്നു അടുത്ത കണ്ടുപിടിത്തം. പിന്നീട് 1620 – 1630 സമയത്ത് ലോഗരിതം എന്ന കോഡിങ് ആശയവും, സ്ലൈഡ് റൂൾ എന്ന ഉപകരണവും ജന്മമെടുത്തു. ഗുണിക്കാനും ഹരിക്കാനും മുതലായ കണക്കുകൾ ചെയ്യാനായിരുന്നു ആദ്യം ഇത് നിർമ്മിച്ചതെങ്കിലും മാറ്റങ്ങളുണ്ടായപ്പോൾ റേസിപ്രോക്കലുകൾ, സ്ക്യു എയറുകൾ, സ്ക്യു എയർ റൂട്ടുകൾ തുടങ്ങിയ കണക്കുകളും ഇതിൽ ചെയ്യാമെന്നായി. ഡിഫറെൻഷ്യൽ ഇക്വേഷനുകളും ഇന്റഗ്രേഷനും ചെയ്യാൻ കഴിയുന്ന മെക്കാനിക്കൽ അനലോഗ് കംപ്യൂട്ടറായ ഡിഫറെൻഷ്യൽ അനലൈസറാണ് അടുത്ത പ്രധാന ചവിട്ടുപടി.
ആയിരത്തി എണ്ണൂറുകളിൽ അനേകം കണ്ടുപിടിത്തങ്ങളുണ്ടായി. ജോസഫ് മേരി ജാക്വഡ് 1801 ൽ ഒരു പഞ്ചിങ് കാർഡ് സംവിധാനം കണ്ടുപിടിച്ചു. കമ്പ്യൂട്ടറുകളുടെ പിതാവെന്നറിയപ്പെടുന്ന ചാൾസ് ബാബേജ് 1834ൽ അനലിറ്റിക്കൽ എൻജിൻ കണ്ടുപിടിക്കുമ്പോൾ, ഒരു ബൃഹത്തായ ശാഖയ്ക്ക് തറക്കല്ലിട്ടു പൂർത്തിയാക്കുകയായിരുന്നു. 1835 ൽ സാമുവേൽ മോർസ്, മോർസ് കോഡ് കണ്ടുപിടിക്കുന്നതും 5 വർഷത്തിന് ശേഷം ജോർജ് ബൂൾ, ബൂളിയൻ അൾജിബ്ര കണ്ടുപിടിക്കുന്നതും കമ്പ്യൂട്ടറുകളുടെ വളർച്ചയിൽ വഹിച്ച പങ്ക് വളരെ നിർണ്ണായകമാണ്.
ആദ്യ തലമുറ കമ്പ്യൂട്ടറുകൾ
വാക്യൂം ട്യൂബുകൾ ഉപയോഗിച്ചിരുന്ന വിലയേറിയതും ആകാരാവലിപ്പമുള്ളതുമായ ഈ കമ്പ്യൂട്ടറുകൾ മെഷിൻ ലാംഗ്വേജ് കമ്പ്യൂട്ടിങ്ങിലാണ് പ്രവർത്തിച്ചിരുന്നത്.ഇന്നത്തെ കമ്പ്യൂട്ടറുകളുടെ പ്രധാന സവിശേഷതയായ മൾട്ടിടാസ്കിങ് അതായത് ഒരേ സമയത്ത് പല കാര്യങ്ങൾ ചെയ്യുക, എന്നതിന് വിപരീതമായി, ഒരു സമയത്ത് ഒരു കണക്കു മാത്രം ചെയ്യാൻ സാധിക്കുമായിരുന്നു കംപ്യൂട്ടറുകളായിരുന്നു ഈ കാലഘട്ടത്തിലേത്.
- 1911 ൽ ഐ.ബി.എം. എന്ന സുപ്രധാന കമ്പ്യൂട്ടർ കമ്പനി രൂപീകരിച്ചു.
- 1937 ൽ അലൻ ട്യൂറിങ്ങിന്റെ നേതൃത്വത്തിൽ ട്യൂറിംഗ് മെഷീനും, ജോൺ വി.അടനാസെഫ് രൂപം നൽകിയ ആദ്യത്തെ ഡിജിറ്റൽ ഇലക്ട്രോണിക് കമ്പ്യൂട്ടറും കണ്ടുപിടിച്ചു.
- കോൺറാഡ് സ്യൂസിന്റെ ഇലക്ട്രോ മെക്കാനിക്കൽ ‘സെഡ് മെഷീനു’കൾ രൂപകൽപ്പന ചെയ്യപ്പെട്ടു. 1941 ലെ സെഡ് 3 എന്ന മോഡൽ പ്രത്യേക സവിശേഷത അർഹിക്കുന്നു. ആദ്യമായി ഒട്ടേറെ സാദ്ധ്യതകൾ മുന്നോട്ടു വെച്ച ഈ യന്ത്രം ആദ്യത്തെ പൂർണ്ണമായ കമ്പ്യൂട്ടറായി വാഴ്ത്തപ്പെടുന്നു.
- 1943 ൽ ജർമൻ സന്ദേശങ്ങൾ ഡീകോഡ് ചെയ്തറിയാൻ കൊളോസസ്സ് എന്ന യന്ത്രവും ഒരു വർഷത്തിന് ശേഷം ഹാർവാർഡ് മാർക്ക് 1 എന്ന യന്ത്രവും കണ്ടുപിടിച്ചു.
- അമേരിക്കൻ സൈന്യത്തിന്റെ ബലിസ്റ്റിക്സ് റീസേർച്ച് ലബോറട്ടറി 1946 ൽ രൂപകല്പന ചെയ്ത ഇലക്ട്രോണിക് ന്യൂമെറിക്കൽ ഇന്റെഗ്രെറ്റർ ആൻഡ് കമ്പ്യൂട്ടർ (എനിയാക്ക്) കമ്പ്യൂട്ടർ പരിണാമത്തിൽ ഏറ്റവും സവിശേഷതയേറിയ അംഗങ്ങളിലൊന്നാണ്. ആദ്യ പൊതു ഉപയോഗ ഇലക്ട്രോണിക് കമ്പ്യൂട്ടർ എന്നിതറിയപ്പെട്ടു. എന്നിരിക്കിലും, ഒത്തിരിയധികം വ്യാപ്ത്തിയുള്ള ഒരു യന്ത്രമായിരുന്നു ഇത്.
- ഡയോഡുകളെ വിനിയോഗിച്ച് യുക്തിപരമായ തീരുമാനങ്ങൾ സ്വീകരിച്ച 1950 ലെ സ്റ്റാൻഡേർഡ്‌സ് ഇലക്ട്രോണിക് ഓട്ടോമാറ്റിക് കമ്പ്യൂട്ടർ ആദ്യമായി ഘന വസ്തുവിൽ ലോജിക്കൽ പ്രക്രിയകൾ ചെയ്യുന്ന യന്ത്രമായി.
രണ്ടാം തലമുറ കമ്പ്യൂട്ടറുകൾ
വാക്യൂം ട്യൂബുകൾ മാറ്റിക്കൊണ്ട് ട്രാന്സിസ്റ്ററുകൾ രംഗത്തെത്തുന്നതോടെയാണ് അടുത്ത കമ്പ്യൂട്ടർ തലമുറ 1960കളിൽ ജന്മമെടുക്കുന്നത്. അസംബ്ലി ലാംഗ്വേജ് വഴി പ്രവർത്തിച്ചിരുന്ന ഇവ ഇൻപുട്ടിനായി പഞ്ച്ട് കാർഡ് സംവിധാനമുപയോഗിച്ചു. ഈ കമ്പ്യൂട്ടറുകൾ വളരെ ഊർജ്ജക്ഷമമായിരുന്നു. വലിപ്പവും വിലയും കുറഞ്ഞെങ്കിലും ട്രാന്സിസ്റ്ററുകൾ ഒത്തിരിയധികം യന്ത്രത്തെ ചൂടാക്കിയിരുന്നു എന്നതാണ് ഒരു പ്രധാന വസ്തുത.
- സ്റ്റാൻഫോർഡ് റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇലക്ട്രോണിക് റെക്കോർഡിങ് മെഷീൻ അക്കൗണ്ടിങ് പ്രൊജക്ട് പുറത്ത് കൊണ്ടുവന്നു ബാങ്കി.ങ് മേഖലയിലെ ബുക്കീപ്പിംഗ് ചെയ്യാൻ സാധിക്കുന്ന യന്ത്രമായിരുന്നു ഇത്.
മൂന്നാം തലമുറ കമ്പ്യൂട്ടറുകൾ
ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ എന്ന സംവിധാനമാണ് ഈ തലമുറയിലെ കമ്പ്യൂട്ടറുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇത് യന്ത്രങ്ങളുടെ വേഗവും കാര്യക്ഷമതയും ഒട്ടേറെ വർദ്ധിപ്പിച്ചു. കീബോർഡ്, മോണിട്ടർ എന്നീ ഇൻപുട്-ഔട്ട്പുട്ട് സംവിധാനങ്ങൾ, ഉപയോഗിക്കുന്ന വ്യക്തിയുമായിട്ടുള്ള ആശയവിനിമയത്തിനുതകുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം (ഒ.എസ്.), തുടങ്ങിയവ കമ്പ്യൂട്ടർ പ്രവർത്തനത്തതിന് ഒരു വ്യക്തമായ ഘടന നൽകി. 1960 കാലഘട്ടത്ത് സി.ഒ.ബി.ഒ.എൽ. (കോബോൾ) എന്ന കമ്പ്യൂട്ടർ ഭാഷയും, പിന്നീട് 1964 ൽ ബി.എ.എസ്.ഐ.സിയും (ബേസിക്) പുറത്ത് വന്നു. ഐ.ബി.എം. മേഖലയിൽ കാര്യമായ മുന്നേറ്റങ്ങൾ നടത്തുന്നതിലൂടെ കളർ ഡിസ്‌പ്ലേ സാധ്യമായി. തൊണ്ണൂറുകളിൽ സി.ആർ.ടി. സാങ്കേതികതയാണെങ്കിൽ, എൽ.സി.ഡി. സാങ്കേതികത 2000ങ്ങളിൽ ഉപയോഗത്തിലെത്തി. ഐ.ബി.എമ്മിലൂടെ തന്നെ സ്റ്റോറേജ് യന്ത്രങ്ങളുടെ ആദ്യ ശ്രേണിയായ ഫ്ലോപ്പി ഡിസ്‌ക്കുകൾ പുറത്തുവന്നു.
- 1968 ൽ പി.ഡി.പി. 8 എന്ന ആദ്യ മിനി കമ്പ്യൂട്ടർ പുറത്തുവന്നു.
- 1969 ൽ എ.ആർ.പി.എ.എൻ.ഇ.ടി. (അർപാനെറ്റ്) സംവിധാനത്തിന്റെ പുരോഗമനം തുടങ്ങി.
നാലാം തലമുറ കമ്പ്യൂട്ടറുകൾ
ആയിരക്കണക്കിന് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ ഒരു സിലിക്കൺ ചിപ്പിൽ ഘടിപ്പിച്ചുണ്ടാക്കുന്ന മൈക്രോ പ്രൊസസ്സറുകളാണ് ഈ തലമുറയുടെ സവിശേഷത.
- ഇന്റൽ ഇന്റഗ്രേഷൻ സർക്യൂട്ടുകളും മൈക്രോപ്രൊസസ്സറുകളും വൻതോതിൽ നിർമ്മിച്ചു.
- 1972 ൽ 8080 മൈക്രോ പ്രോസസറുകൾ ഇന്റൽ രംഗത്തിറക്കി.
- 1984 ജനുവരി 24 ന് ആപ്പിൾ കംപ്യൂട്ടേഴ്സ് മക്കിന്റോഷ് പി.സി. വിപണിയിലിറക്കി.
- 1988 ൽ അമേരിക്കയിൽ മാത്രം 45 കോടിയിലേറെ കമ്പ്യൂട്ടറുകൾ വിറ്റുപോയെങ്കിൽ, 2002 ൽ ഈ കണക്ക് 100 കോടിയിലെത്തി
അഞ്ചാം തലമുറ കമ്പ്യൂട്ടറുകൾ
പ്രതിദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടറുകളുടെ ഈ തലമുറയിൽ, ഓരോ നിമിഷവും അനേകമനേകം പരിണാമങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു കണക്ക് ഒരു സമയം ചെയ്യാം എന്നതിൽ നിന്ന് ഇന്ന് കോടിക്കണക്കിനു ചോദ്യങ്ങൾക്ക് നൊടിയിടയിൽ ഉത്തരം കണ്ടെത്തുന്ന സൂപ്പർ കമ്പ്യൂട്ടറുകളും, മനുഷ്യന്റെയും മറ്റും ശബ്ദം തിരിച്ചറിയാനുള്ള കഴിവും, മനുഷ്യ ഭാഷകൾ മനസിലാക്കാനുള്ള ശേഷിയും വരെ എത്തി നിൽക്കുന്നു ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന മേഖലയിൽ ലോകമാകെ ഗവേഷണങ്ങൾ നടക്കവേ, മനുഷ്യന്റെ ബുദ്ധി മികവിനെ യാന്ത്രികമായ ഇന്റലിജൻസ് തോൽപ്പിക്കുമോ എന്ന് പോലും കണ്ടറിയേണ്ടിയിരിക്കുന്നു. ചിന്തിക്കാനുള്ള കഴിവാണ് മനുഷ്യനെ യന്ത്രങ്ങളിൽ നിന്ന് മാറ്റി നിർത്തിയിരുന്നത്. ഇനി അതിലും മാറ്റം വരുമോ?