നമ്മളെല്ലാം നിത്യേന കേൾക്കുന്ന വാക്കാണ് ആത്മവിശ്വാസം. എന്താണ് ആത്മവിശ്വാസം? നാം നമ്മളിൽ തന്നെ വിശ്വസിക്കുക. നമ്മുടെ കഴിവുകളിൽ വിശ്വസിക്കുക. നാം നമ്മളിൽ വിശ്വസിച്ചില്ലെങ്കിൽ മറ്റാരാണ് നമ്മളെ വിശ്വസിക്കുക. ആത്മവിശ്വാസം ഉണ്ടെങ്കിൽ മാത്രമേ തകർച്ചയിൽനിന്ന് ഉയിർത്തെഴുന്നേൽക്കാൻ കഴിയൂ.
ഓരോ വ്യക്തിയിലും ഏതൊക്കെ അവസരങ്ങളിലാണ് ആത്മവിശ്വാസം നഷ്ടപ്പെടുന്നത് എന്ന് നോക്കാം.
- കൈകാര്യം ചെയ്യുന്ന ഒരു വിഷയത്തിലുള്ള അറിവില്ലായ്മ
- അറിയാത്ത ഒരു തൊഴിൽ ചെയ്യേണ്ടിവരുമ്പോൾ
- തോൽവികളെ ഭയപ്പെടുമ്പോൾ
മറ്റുള്ളവർ നമ്മെ സദാ ശ്രദ്ധിക്കുന്നു എന്ന തോന്നലുണ്ടാകുമ്പോൾ പലവ്യക്തികളും അവർ വളരുന്ന സാഹചര്യങ്ങൾ, അല്ലെങ്കിൽ കുട്ടിക്കാലത്തെ അനുഭവങ്ങൾ അവരുടെ ആത്മവിശ്വാസത്തെ വല്ലാതെ സ്വാധീനിക്കാറുണ്ട്.
ഒരിക്കൽ ഒരാൾ ഒരു ഇടവഴിയിലൂടെ ഒരു ബംഗ്ലാവിലേക്ക് എത്താനായി നടന്നു. ആ ഇടവഴിയുടെ മദ്ധ്യത്തിൽ എത്തിയപ്പോൾ അയാൾ ഒരു ബോർഡ് കണ്ടു. ബംഗ്ലാവിൽ പട്ടിയുണ്ട്, സൂക്ഷിക്കുക. അയാൾ ഒന്ന് പകച്ചു, എങ്കിലും മുന്നോട്ട് തന്നെ നടന്നു. അടുത്ത വളവിൽ വീണ്ടുമൊരു ബോർഡ് അയാൾ കണ്ടു. അവിടെ കുരയ്ക്കുന്ന പട്ടിയുണ്ട് സൂക്ഷിക്കുക; അയാൾ ചെറുതായൊന്നു ഭയന്നെങ്കിലും മുന്നോട്ടു നടക്കാൻ തന്നെ തീരുമാനിച്ചു. ബംഗ്ലാവിൻറെ അടുത്തെത്താറായപ്പോൾ മൂന്നാമത്തെ ബോർഡും കണ്ടു. അവിടെ കടിക്കുന്ന പട്ടിയുണ്ട്, സൂക്ഷിക്കുക. ഇക്കുറി അയാൾ ശരിക്കും പതറി എങ്കിലും ആ ബംഗ്ലാവിൽ എത്തേണ്ടത് അയാൾക്ക് അനിവാര്യമായിരുന്നു. അയാൾ മുന്നോട്ട് തന്നെ നടന്നു. ബംഗ്ലാവിന്റെ ഗേറ്റിനു വെളിയിലെത്തിയപ്പോൾ അവസാനത്തെ ബോർഡും കണ്ടു പട്ടിയുണ്ട് സൂക്ഷിക്കുക. എങ്കിലും ആശങ്കയോടെ അയാൾ ഗേറ്റിങ് ഉള്ളിലേക്ക് കടന്നു. വീട്ടുടമസ്ഥനെ കാത്തു നിൽക്കുന്നതിനിടയിൽ അയാളെ അത്ഭുതപ്പെടുത്തി കൊണ്ട് ഒരു കുഞ്ഞു നായ ആ വരാന്തയുടെ അറ്റത്ത് ചുരുണ്ടു കിടന്നുറങ്ങുന്നത് കണ്ടു. വീട്ടുടമസ്ഥനെ കണ്ടപ്പോൾ തെല്ലു ദേഷ്യത്തോടെ അയാൾ ചോദിച്ചു.
ഈ കുഞ്ഞു പട്ടിക്കു വേണ്ടിയാണോ ഇത്രയും ബോർഡുകൾ? അപ്പോൾ ഒരു പുഞ്ചിരിയോടെ ഉടമസ്ഥൻ പറഞ്ഞു. ഈ ഒരു നായക്ക് ഒരു കള്ളനെ തുരത്താൻ സാധിക്കില്ലായിരിക്കും,എന്നാൽ ആ ബോർഡുകൾക്ക് കള്ളന്മാരെ അകറ്റാൻ സാധിക്കും.
നാമെല്ലാവരും ജീവിക്കുന്നത് ഭയത്തോടു കൂടിയാണ്. മുൻപോട്ടുള്ള നമ്മുടെ ജീവിതത്തിൽ പലതും ഇല്ലാതാക്കാൻ ഈ ഭയത്തിനു സാധിക്കും. കുട്ടിക്കാലം മുതൽ നമ്മുടെ മനസ്സിൽ കിട്ടിയ ഇത്തരം ബോർഡുകളാണ് അതിനുകാരണം.
ഭയത്തിന് അടിമപ്പെടാതെ സ്വപ്നങ്ങളിലൂടെ മുന്നോട്ട് നടക്കുക. പരിശ്രമത്തിലൂടെ കിട്ടുന്ന വിജയം ആത്മവിശ്വാസം വർദ്ധിപ്പിക്കും. ആത്മവിശ്വാസം വീണ്ടെടുക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
കൈകാര്യം ചെയ്യുന്ന വിഷയത്തിൽ നന്നായി അറിവ് നേടാൻ ശ്രമിക്കുക. പഠിക്കുവാനും, ഏറ്റവും നന്നായി അതും ചെയ്യാനും പരിശീലനം നേടാനുമുള്ള മനസുണ്ടാക്കുക.
ഒരു വ്യക്തിയുടെ ശരീരഭാഷ (ബോഡി ലാംഗ്വേജ്) അവനിലുള്ള ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്. ആശയവിനിമയം നടത്തുമ്പോൾ മറ്റുള്ളവരുടെ കണ്ണുകളിൽ നോക്കി സംസാരിക്കാൻ ശ്രമിക്കുക. പുഞ്ചിരിയുള്ള മുഖത്തോടെ സംസാരിക്കുക.
നടക്കുമ്പോൾ നിവർന്നു നടക്കാൻ ശ്രമിക്കുക. കുനിഞ്ഞും വളരെ പതുക്കെയും നടക്കുന്നവരിൽ ആത്മവിശ്വാസം വളരെ കുറവുള്ളതായി കാണപ്പെടുന്നു.
എപ്പോഴും ആത്മവിശ്വാസം തരുന്ന വസ്ത്രധാരണത്തിൽ ശ്രദ്ധിക്കുക.
നാം ഇടപെടുന്ന വ്യക്തികൾ, നമ്മുടെ ആത്മവിശ്വാസത്തെ നല്ലരീതിയിൽ സ്വാധീനിക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. കഴിവതും നല്ല പോസിറ്റീവ് ചിന്തകൾ ഉള്ളവരുമായി ഇടപെടുക. നമ്മുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന, അറിവുള്ള വ്യക്തികളുമായി നാം സഹകരിക്കുമ്പോൾ തന്നെ നമ്മുടെ ആത്മവിശ്വാസം വർദ്ധിക്കും.
ജീവിതം എന്നുപറയുന്നത് ജയപരാജയങ്ങളുടെ ഒരു മിശ്രിതമാണ്. പരാജയങ്ങളിൽ അടിപതറാതെ ആത്മവിശ്വാസത്തോടെ പോരുതിയാൽ മാത്രമേ ഒരു വ്യക്തിക്ക് വിജയത്തിലേത്താൻ സാധിക്കൂ.
ഒരു ജീവശാസ്ത്ര അധ്യാപകൻ പൂമ്പാറ്റയുടെ ജീവിതത്തിൻറെ വിവിധ ഘട്ടങ്ങൾ പഠിപ്പിക്കാനായി ഒരു കൊക്കൂണുമായി ക്ലാസിലെത്തി. അടുത്ത രണ്ടു മൂന്നു മണിക്കൂറിനകം കൊക്കൂണിനുള്ളിൽ നിന്നും പൂമ്പാറ്റ വിരിഞ്ഞു പുറത്തുവരുമെന്നും അതിനായി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊക്കൂണിൽ നിന്നും പുറത്തുവരുവാനുള്ള പൂമ്പാറ്റയുടെ പരിശ്രമം കണ്ട് ആരും അതിനെ സഹായിക്കരുത് എന്ന് കുട്ടികൾക്ക് പ്രത്യേകം താക്കീത് നൽകി അദ്ദേഹം പുറത്തേക്ക് പോയി. കുട്ടികൾ ആകാംക്ഷയോടെ പൂമ്പാറ്റയുടെ വരവിനായി കാത്തിരുന്നു. അല്പസമയത്തിനുശേഷം പൂമ്പാറ്റ കൊക്കൂണിനുള്ളിൽനിന്നും പുറത്തേക്കു വരാനായി ശ്രമം ആരംഭിച്ചു പൂമ്പാറ്റയുടെ പരിശ്രമം കണ്ട് കഷ്ടം തോന്നിയ ഒരു കുട്ടി കൊക്കൂൺ മെല്ലെ പൊട്ടിച്ചുകൊടുത്തു. പുറത്തേക്ക് വന്ന പൂമ്പാറ്റ പറക്കാൻ ശക്തിയില്ലാതെ മരിച്ചുപോയി.
തിരികെയെത്തിയ അധ്യാപകൻ കണ്ടത് സങ്കടത്തോടെ ഇരിക്കുന്ന കുട്ടികളെയാണ്. കാര്യം മനസ്സിലാക്കിയ അദ്ദേഹം കുട്ടികളോട് പറഞ്ഞു. നോക്കൂ, കൊക്കൂണിൽ നിന്നും പുറത്ത് വരുവാനുള്ള പരിശ്രമത്തിൽ നിന്നുമാണ് പൂമ്പാറ്റയുടെ ചിറകിനു പിന്നീട് പറക്കുവാനുള്ള ശക്തി ലഭിക്കുന്നത്. കൊക്കൂൺ തുറക്കുവാൻ നമ്മൾ സഹായിച്ചാൽ അതിനു ജീവിച്ചാലും പറക്കാൻ സാധിക്കില്ല.
ഒരു പ്രതിസന്ധിയിൽ നിന്നും വെളിയിൽ വരുവാൻ സഹായിക്കുന്ന പ്രയാസം, പിന്നീടുള്ള നമ്മുടെ ജീവിതത്തിൽ ഗുണം ചെയ്യും. തൊഴിൽരംഗത്തായാലും, പഠന വിഷയത്തിലായാലും വ്യക്തി ജീവിതത്തിലായാലും ആത്മവിശ്വാസം കൈവിടാതെ പൊരുതിവിജയിക്കുക. നമ്മളിലുള്ള കഴിവിനെ നാംതന്നെ കണ്ടെത്തുക. നമ്മുടെ വിജയത്തിനും പരാജയത്തിനും ഉത്തരവാദികൾ നാം തന്നെയാണ്.