വയസ് നാല്പത് കഴിഞ്ഞു, പറയാൻ പ്രത്യേകിച്ച് ജോലിയൊന്നുമില്ല, എടുത്ത് പറയത്തക്ക വിദ്യാഭ്യാസവുമില്ല, പേരിനൊരു +2 , അല്ലെങ്കിൽ ഒരു ഡിഗ്രി, അതും പത്ത് പതിനെട്ട് വർഷം പഴക്കമുള്ളത്. അതും കൊണ്ട് ചെന്നാൽ ആര് ജോലി തരാനാണ്? എന്ത് ജോലി കിട്ടാനാണ്? ഇത് ഒരു വീട്ടമ്മയുടെ ചോദ്യമാകാം. പലരുടെയും ചോദ്യമാകാം. എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുന്ന മനുഷ്യരുടെ ചോദ്യമാകാം. സത്യത്തിൽ നിങ്ങൾക്ക് പലതും ചെയ്യാൻ കഴിയും. പ്രായം തടസ്സമാകാത്ത എന്തൊക്കെ ജോലികളുണ്ട് ഈ ലോകത്തിൽ എന്ന് വെച്ചിട്ടാ. ഒന്ന് ശ്രമിച്ച് നോക്കാനെങ്കിലും തയ്യാറാവണം എന്ന് മാത്രം. 

online work from home

ഞാൻ ഇന്ന് കുറച്ച് സാധ്യതകൾ പറയാം. വലിയ ക്വാളിഫിക്കേഷൻ ഒന്നും ആവശ്യമില്ലാത്ത കുറച്ച് സാധ്യതകൾ. എന്തെങ്കിലുമൊക്കെ ചെയ്യണം എന്നാഗ്രഹിക്കുന്നവർക്കൊക്കെ ഒന്ന് ശ്രമിച്ചുനോക്കാവുന്ന ചിലത്.

കണ്ടന്റ് ക്രിയേഷൻ

കേട്ടിട്ടുണ്ടോ ഇങ്ങനെ ഒരു ജോലിയെക്കുറിച്ച്? കണ്ടന്റ് ഉണ്ടാക്കുക, അത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുക, സംഭവം  കളറായാൽ ഈ പറഞ്ഞ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നമുക്കിങ്ങോട്ട് പണം നൽകും. യൂട്യൂബർ, വ്ലോഗർ എന്നിങ്ങനെ, പല പേരിലാണ് കണ്ടന്റ് ക്രിയേറ്റർമാർ അറിയപ്പെടുന്നത് തന്നെ. കണ്ടന്റ് ഏത് വേണമെന്ന് തീരുമാനിക്കുന്നത് നിങ്ങളാണ് കേട്ടോ, ഏതാണോ താല്പര്യമുള്ള വിഷയം, വിഷയമെന്ന് പറയുമ്പോൾ പാചകമാവാം, എന്റർടൈൻമെന്റ് ആവാം, വിദ്യാഭ്യാസം ആവാം, ട്രാവൽ ആൻഡ് ടൂറിസം ആവാം. നിങ്ങളുടെ കയ്യിലുള്ള നിങ്ങൾക്ക് ചെയ്യാൻ കഴിയും എന്ന ഉറപ്പുള്ള കണ്ടന്റ് ഏതുമാവാം.

YOUTUBER

ക്ലിക്കായാൽ യൂട്യൂബ്, ഫേസ്ബുക് പോലുള്ള മാധ്യമങ്ങളിലൂടെ നമുക്ക് വരുമാനമുണ്ടാക്കാൻ കഴിയും. വലിയ അധ്വാനവുമില്ല, കയ്യിലൊരു ഫോണുണ്ടെങ്കിൽ ആർക്കും ചെയ്യാവുന്നതേ ഉള്ളു. നന്നായി പാചകം ചെയ്യുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങളുണ്ടാക്കുന്ന വിഭവങ്ങൾ വ്യക്തമായി ക്യാമെറയിൽ പകർത്തി യൂട്യൂബിൽ പങ്ക് വെക്കുന്നതിലൂടെ നല്ലൊരു യൂട്യൂബർ ആവാൻ നിങ്ങൾക്ക് കഴിയും. അസ്സലൊരു വരുമാന സ്രോതസ് ആണ് അത്. പാചകം മാത്രമല്ലട്ടോ നിങ്ങൾക്ക് കോൺഫിഡൻസ് ഉള്ള വിഷയം ഏതാണോ അതിൽ കണ്ടന്റ് ഉണ്ടാക്കി യുട്യൂബിൽ നിങ്ങൾക്കും യുട്യൂബർ ആവാം

ഓൺലൈൻ ട്യൂഷൻ

വീടിനടുത്തുള്ള കുട്ടികൾക്ക് ട്യൂഷൻ എടുത്ത് വരുമാനമുണ്ടാക്കുന്ന ധാരാളം പേരെ നമുക്കറിയാം അല്ലേ? അത്യാവശ്യം വിദ്യാഭ്യാസം ഒക്കെ ഉണ്ടെങ്കിൽ നിങ്ങൾക്കും ചെറിയ ക്ലാസുകൾ മുതലുള്ള കുട്ടികൾക്കായി ട്യൂഷൻ ആരംഭിക്കാം. പക്ഷെ നിങ്ങൾക്ക് എങ്ങോട്ടെങ്കിലും യാത്ര പോകേണ്ടി വന്നാലോ മറ്റോ ഈ പരിപാടി മുടങ്ങും. അതിനുള്ള പരിഹാരമാണ് ഓൺലൈൻ ട്യൂഷൻ. എല്ലാം ഓൺലൈൻ ആയ സ്ഥിതിക്ക് ഇന്നിപ്പോൾ ഓൺലൈൻ ട്യൂഷനും അത്ര അത്ഭുതം ഒന്നും അല്ല. മണിക്കൂർ വെച്ച് പൈസ തരുന്ന ഓൺലൈൻ ട്യൂഷൻ പ്ലാറ്റുഫോമുകളിൽ രജിസ്റ്റർ ചെയ്തോ, അല്ലെങ്കിൽ പരിചയക്കാരുടെ മക്കൾക്ക് ഗൂഗിൾ മീറ്റോ സൂം മീറ്റോ വഴി ട്യൂഷൻ എടുത്തോ നിങ്ങൾക്ക് മാസാമാസം നല്ലൊരു വരുമാനം സ്വന്തമാക്കാം.

സംരംഭകത്വം 

entrepreneurs

സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് തുടങ്ങുന്നതിനെയും നമുക്ക് ബിസിനസ് എന്ന് പറയാം അല്ലേ? സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്ത് പോവുമ്പോൾ ഒരുപാട് പരസ്യങ്ങൾ കാണാറില്ലേ? വെബ്സൈറ്റുകൾ കാണാറില്ലേ? അവയിലൊക്കെ പല വസ്തുക്കൾ വിൽപനക്കായി ഒരുക്കിയിരിക്കുന്നതും കാണാം. പല വൻകിട കമ്പനികളുടെ പരസ്യങ്ങളുടെയും കൂടെ കുഞ്ഞ് കുഞ്ഞ് വെബ്സൈറ്റുകളും അവയുടെ പരസ്യങ്ങളും കാണാൻ കഴിയും. ആര്ട്ട് ആൻഡ് ക്രാഫ്റ്റ് സാധനങ്ങളൊക്കെ വിൽക്കാൻ വെച്ചിരിക്കുന്നവ, തുണിത്തരങ്ങൾ വിൽക്കാൻ വെച്ചിരിക്കുന്നവ, ആഭരണങ്ങൾ വിൽക്കാൻ വെച്ചിരിക്കുന്നവ എന്നിങ്ങനെ. അതുപോലൊരു വെബ്സൈറ്റ് നിങ്ങൾക്കും തുടങ്ങാവുന്നതേ ഉള്ളു, നിങ്ങളുണ്ടാക്കുന്ന വസ്തുക്കൾ വലിയൊരു പ്ലാറ്റ്‌ഫോമിൽ വില്പനയ്ക്ക് വെക്കാനും കഴിയും. അതിന് ആവശ്യക്കാരെ കണ്ടെത്താനും കഴിയും. അത് ഒരു ബിസിനസ് സാധ്യത ആണ്. 

വീടുകളിൽ തന്നെ ആരംഭിക്കുന്ന ചെറുകിട സംരംഭങ്ങളും, ആട്-പശു പരിപാലനം, കോഴി വളർത്തൽ, മത്സ്യകൃഷി പോലുള്ളവയും സർക്കാർ തലത്തിൽ തന്നെ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന മേഖലകളാണ്. വനിതകൾക്ക് ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള ലോൺ നൽകാനും സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും സർക്കാരും കൂടെ തന്നെയുണ്ട്. 

വോയിസ് ഓവർ ആർട്ടിസ്റ്റ്

VOICE OVER ARTIST

കേട്ടുകേൾവി പോലുമില്ലാത്ത സംഗതി ആണ് അല്ലേ? അത്ര വലിയ ആനക്കാര്യം ഒന്നുമല്ല, നമ്മൾ എല്ലാവരും അറിയുകയും കേൾക്കുകയും ചെയ്യുന്ന ഡബ്ബിങ് ഇല്ലേ? ചുരുക്കിപ്പറഞ്ഞാൽ അതാണ് സംഗതി. നല്ല ഒരു ശബ്ദത്തിന് ഉടമയാണ് നിങ്ങളെങ്കിൽ നിങ്ങൾക്കും ഒരു വോയിസ് ഓവർ ആർട്ടിസ്റ്റ് അവാവുന്നതേ ഉള്ളു. വീട്ടിലിരുന്ന് ശബ്ദമുപയോഗിച്ച് കാശുണ്ടാക്കാൻ കഴിയും. വോയ്‌സ്‌ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകൾ വഴിയോ ഓൺലൈൻ ആയോ നിങ്ങൾക്ക് ആവശ്യക്കാരെ കണ്ടെത്താം.

കണ്ടന്റ് റൈറ്റർ 

ഇതിൽ എഴുത്താണ് പരിപാടി. നല്ല നല്ല കണ്ടന്റുകൾ എഴുതുക എന്നതാണ് ജോലി.മാഗസിനുകൾക്ക് വേണ്ടി, മാധ്യമ സ്ഥാപനങ്ങൾക്കുവേണ്ടി കണ്ടന്റ് എഴുതുന്ന  വ്യക്തികളൊരുപാടുണ്ട്. ഫ്രീ ലാൻസ് ആയും, അല്ലെങ്കിൽ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി നോക്കിക്കൊണ്ടും ഒക്കെ. നിങ്ങൾക്ക് എഴുതാനുള്ള കഴിവുണ്ട് എങ്കിൽ ഫ്രീ ലാൻസറായി ഈ രംഗത്തേക്ക് കടന്നുവരാവുന്നതാണ്. വർക്ക് ഫ്രം ഹോം ആയും, ഫ്രീ ലാൻസറായും ഒഴിവുകൾ വരുന്ന സമയത്ത് അത് കണ്ടെത്തി അപ്ലൈ ചെയ്ത് കണ്ടന്റ് റൈറ്ററാവാൻ കഴിയും. 

work from home

ഇനിയുമൊരുപാടുണ്ട് പറയാൻ. വളരെ ചുരുക്കം സാധ്യതകൾ മാത്രമാണ് ഞാൻ ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്. നിങ്ങൾക്കും കൂട്ടിച്ചേർക്കലുകൾ ആവാം. ആലോചിക്കുമ്പോൾ നിങ്ങളുടെ മനസിലേക്ക് വരുന്ന ആശയങ്ങൾ വളർത്തിയെടുത്ത് നിങ്ങൾക്കും നിങ്ങളുടേതായ ലോകം സൃഷ്ടിക്കാൻ കഴിയും. എന്നെ കൊണ്ട് ഒന്നിനും പറ്റില്ല എന്ന ചിന്ത മാറ്റിവെച്ച് ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തി നോക്കൂ. നമുക്ക് പറ്റും. നമ്മളത് ചെയ്യും. ഒന്നുട്രൈ ചെയ്ത് നോക്കൂ.