Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

സർഗ്ഗ ശേഷിയുള്ളവർക്ക് അത് തന്നെ കരിയറാക്കി മാറ്റുവാനുള്ള നിരവധി അവസരങ്ങൾ ഇന്ന് ലഭ്യമാണു. സംഗീതം, നൃത്തം, ചിത്ര രചന തുടങ്ങിയവയുടെയൊക്കെ ഉയർന്ന തലത്തിലേക്ക് എത്തുവാൻ സഹായിക്കുന്ന നിരവധി കോഴ്സുകളും ഉന്നത നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളും ഇവിടെയുണ്ട്.

സംഗീതം

സംഗീതത്തിൽ ബി എ, എം എ, എം ഫിൽ, പി എച്ച് ഡി കോഴ്സുകൾ വരെ ലഭ്യമാണു. +2 പഠനം പൂർത്തിയാക്കിയവർക്ക് ബി എ ക്ക് ചേരാം. മ്യൂസിക് കോഴ്സിൽ വീണ, വയലിൻ, മൃദംഗം, വായ്പാട്ട് തുടങ്ങിയവ സ്പെഷ്യലൈസ് ചെയ്യാം.

ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി (www.ssusonline.org/), കണ്ണൂർ യൂണിവേഴ്സിറ്റി (www.kannuruniversity.ac.in/), മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള തൃപ്പൂണിത്തുറ ആർ എൽ വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് (www.rlvmusiccollege.org/), കേരളാ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊല്ലം എസ് എൻ വനിതാ കോളേജ്, തിരുവനന്തരപുരം ഗവ. വിമൻസ് കോളേജ് (www.gcwtrivandrum.com/), കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ് തിരുവനന്തപുരം (www.keralauniversity.ac.in/) നിറമൺകര എൻ എസ് എസ് വിമൻസ് കോളേജ് (http://nsscollege4women.edu.in/), , ശ്രീ സ്വാതി തിരുനാൾ മ്യൂസിക് കോളേജ് തിരുവനന്തപുരം, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള പാലക്കാട് ചെമ്പൈ മെമ്മോറിയൽ ഗവ മ്യൂസിക് കോളേജ് (http://cmgmusiccollege.org/), ചിറ്റൂർ ഗവ. കോളേജ് (http://chitturcollege.ac.in/) തുടങ്ങിയ സ്ഥാപനങ്ങളിലൊക്കെ സംഗീതത്തിൽ കോഴ്സുകൾ ലഭ്യമാണു.

പഠനം എ ആർ റഹ് മാൻറ്റെ സ്കൂളിൽ

ഓസ്കാർ അവാർഡ് ജേതാവായ എ ആർ റഹ്മാൻറ്റെ സംഗീത സ്കൂളിൽ സംഗീത പഠനത്തിനു അവസരമുണ്ട്. കെ എം കൺസർവേറ്ററി (http://kmmc.in/home/the-conservatory/) എന്ന ചെന്നയിലെ ഈ സ്ഥാപനത്തിൽ ചേരുവാൻ പ്രത്യേക വിദ്യാഭ്യാസ യോഗ്യതയോ പ്രായപരിധിയോ ഇല്ല. സംഗീതാഭിരുചി മാത്രമാണു മാനദണ്ഡം. 5 വർഷം ദൈർഖ്യമുള്ള പ്രിപ്പറേറ്ററി കോഴ്സ് ഇൻ മ്യൂസിക് (വെസ്റ്റേൺ ആൻഡ് ഇൻഡ്യൻ), ക്ലാസിക്കൽ, വയലിൽ, ഗിറ്റാർ, പിയാനോ, ഫ്ലൂട്ട്, ക്ലാർനെറ്റ്, ഡബ്ൾ ബാസ്, ട്രംപറ്റ്, പെർകഷൻ തുടങ്ങിയവ പഠിക്കാവുന്നതാണു. ഡിപ്ലോമ, ഫൗണ്ടേഷൻ കോഴ്സുകളും ഇവിടെയുണ്ട്.

ചിത്ര രചനയും ശില്പ നിർമ്മാണവും

ചിത്രം വരക്കുവാൻ വാസനയുള്ളവർക്ക് ഇന്ന് വളരെ അവസരങ്ങളുണ്ട്. ഓൺ ലൈൻ കച്ചവടം വ്യാപകമായോതോട് കൂടി ചിത്രങ്ങൾക്ക് ആഗോള വിപണിയാണിന്നുള്ളത്. ബി എഫ് എ, എം എഫ് എ എന്നീ കോഴ്സുകൾ ലഭ്യമാണു. +2 പൂർത്തിയാക്കവർക്ക് ബി എഫ് എ ക്കും ബി എഫ് എ പൂർത്തിയാക്കിയവർക്ക് എം എഫ് എ ക്കും ചേരാം. പെയിൻറ്റിങ്ങ്, മ്യൂറൽ പെയിൻറ്റിങ്ങ്, സ്കൾപ്ചർ ആൻഡ് അപ്ലൈഡ് ആർട്സ് തുടങ്ങിയവ സ്പെഷ്യലൈസ് ചെയ്യാം.

ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി, തൃപ്പൂണിത്തുറ ആർ എൽ വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, മാവേലിക്കരയിലെ രാജാ രവി വർമ കോളേജ് ഓഫ് ഫൈൻ ആർട്സ് (www.cfamavelikkara.com/), കോളേജ് ഓഫ് ഫൈൻ ആർട്സ് തിരുവനന്തപുരം (www.cfathiruvananthapuram.com/) എന്നിവിടങ്ങളിൽ പഠന സൗകര്യമുണ്ട്.

ഹരിയാനയിലെ പ്രശസ്തമായ കുരുക്ഷേത്ര യൂണിവേഴ്സിറ്റി (www.kuk.ac.in/), മധ്യപ്രദേശിലെ ഇൻഡോർ പ്രൊഫഷണൽ സ്റ്റഡീസ് അക്കാദമി (www.ipsacademy.org/), ഉത്തർപ്രേദേശിലെ ബുന്ദൽഖന്ദ് യൂണിവേഴ്സിറ്റി (www.bujhansi.org/) തുടങ്ങി വിരവധി സ്ഥാപനങ്ങളിൽ ചിത്ര കലാ പഠനത്തിനവസരമുണ്ട്.

മലയാള കലാഗ്രാമം

മയ്യഴിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളാണുള്ളത്. ശനി, ഞായർ ദിവസങ്ങളിലാണു ക്ലാസുകൾ. പെയിൻറ്റിങ്ങ്, മ്യൂറൽ പെയിൻറ്റിങ്ങ്, സ്കൾപ്ചർ എന്നിവ പഠിക്കാം.

നൃത്ത ഇനങ്ങൾ

ഭരത നാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി, കൂടിയാട്ടം, തുള്ളൽ, മിഴാവ്, പഞ്ചവാദ്യം, തിമില, മൃദംഗം, നൃത്തം തുടങ്ങിയവ ശാസ്ത്രീയമായി അഭ്യസിക്കുവാൻ ഇന്ന് സൗകര്യമുണ്ട്.

തൃപ്പൂണിത്തുറ ആർ എൽ വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി, സെൻറ്റ് തെരേസ കോളേജ് എറണാകുളം തുടങ്ങിയവ പ്രമുഖ സ്ഥാപനങ്ങളാണു.

ഭരത നാട്യം, മോഹിനിയാട്ടം തുടങ്ങിയവയ്ക്കായി സിനിമാ താരം ശോഭന ചെന്നൈയിൽ തുടങ്ങിയ സ്ഥാപനമാണു കലാർപ്പണ. വിശദ വിവരങ്ങൾക്ക് www.shobana.in/kalarpana.html

കേരള കലാമണ്ഡലം

കൽപ്പിത സർവ്വകലാശാലാ പദവിയുള്ള ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം കലാ പഠനത്തിനായി തിരഞ്ഞെടുക്കാവുന്ന ഉന്നത പഠന കേന്ദ്രമാണു. ഏഴാം ക്ലാസ് കഴിയുന്നത് മുതൽ ഇവിടെ പ്രവേശനമുണ്ട്. 3 വർഷം ദൈർഖ്യമുള്ള ആർട്സ് ഹൈസ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ് (AHSLC) കോഴ്സിനാണിത്. ജൂൺ 1 നു 13 വയസ്സ് തികഞ്ഞിരിക്കണം. 14 കലാ വിഷയങ്ങളിലായി 85 സീറ്റുണ്ട്. പ്ലസ് ടു, ബി എ, ബിരുദാനന്തര ബിരുദം, ഇൻറ്റഗ്രേറ്റഡ് എം ഫിൽ, പി എച്ച് ഡി (പാർട്ട് ടൈം) എന്നിവയാണു കോഴ്സുകൾ.

കഥകളി വേഷം (റഗുലർ കളരി, തെക്കൻ കളരി), കഥകളി സംഗീതം (റഗുലർ കളരി, തെക്കൻ കളരി), കഥകളി ചെണ്ട (റഗുലർ കളരി, തെക്കൻ കളരി), ചുട്ടി (റഗുലർ കളരി, തെക്കൻ കളരി), മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, മിഴാവ്, തിമില, കർണാടക സംഗീതം, മൃദംഗം, നൃത്തം എന്നിവയാണു കലാ വിഭാഗങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് www.kalamandalam.org

നാടക പഠനം

നാടക പഠനത്തിനായുള്ള സ്ഥാപനങ്ങളിൽ പ്രമുഖമായത് കേന്ദ്ര സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ന്യൂഡൽഹി ആസ്ഥാനമായുള്ള നാഷണൽ സ്കൂൾ ഓഫ് ഡ്രാമയാണു (http://nsd.gov.in/delhi/). ബിരുദമുള്ളവർക്ക് എം എ ക്ക് തുല്യമായി അംഗീകരിച്ചിരിക്കുന്ന 3 വർഷത്തെ ഡ്രാമാറ്റിക് ആർട്സ് ഡിപ്ലോമ കോഴ്സിനു ചേരാം.

കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിൽ തൃശൂരിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ഡ്രാമയിൽ ബാച്ചിലർ ഓഫ് തീയേറ്റർ ആർട്സ് (BTA), മാസ്റ്റർ ഓഫ് തിയേറ്റർ ആർട്സ് (MTA) എന്നീ കോഴ്സുകളുണ്ട്. യഥാക്രമം പ്ലസ് ടു, ഡിഗ്രി എന്നിവയാണു യോഗ്യത.

വിശ്വഭാരതി

കലാപഠനത്തിനു ദേശീയ തലത്തിൽ തന്നെ ഏറ്റവും ഉന്നതമായ സ്ഥാപനമാണു ബംഗാളിലെ വിശ്വഭാരതി സർവകലാശാല. സംഗീതം, ഹിസ്റ്ററി ഓഫ് ആർട്ട്, മണിപ്പൂരി നൃത്തം ഡിസൈൻ (ടെക്സ്റ്റൈൽ & സെറാമിക്), പെയിൻറ്റിങ്ങ്, സിതാർ, മ്യൂറൽ പെയിൻറ്റിങ്ങ്, ഗ്രാഫിക് ആർട്, സ്കൾപ്ചർ തുടങ്ങിയ വിഷയങ്ങൾ ഡിപ്ലോമ, ഡിഗ്രി, പി ജി തലത്തിൽ പഠിക്കുവാനിവിടെ അവസരമുണ്ട്. കൂടാതെ ലതർ ക്രാഫ്റ്റ്, ബാതിക് വർക്ക്, ഹാൻഡ് മെയ്ഡ് പേപ്പർ വർക്ക്, കൈത്തറി നെയ്ത്ത്, വുഡ് വർക്ക്, പോട്ടറി തുടങ്ങിയ നിരവധി വിഷയങ്ങളിൽ എട്ടാം ക്ലാസ് പാസായവർക്ക് സർട്ടിഫിക്കറ്റ് കോഴ്സും നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.visva-bharati.ac.in

കലയിലൂടെയൊരു കരിയർ കെട്ടിപ്പടുക്കുവാൻ സർട്ടിഫിക്കറ്റുകളുടെ പിൻബലത്തേക്കാളേറെ നൈസർഗ്ഗീകമായ കഴിവിനാണു പ്രാമുഖ്യമെന്ന് തിരിച്ചറിയേണ്ടതുണ്ട്. സർഗ്ഗ ശേഷിയുള്ളവർക്ക് മുൻപിൽ കലാപഠനം ഇന്ന് പുത്തൻ വാതയാനങ്ങൾ തുറന്നിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!