Ravi Mohan

CEO of NowNext | Marketing Guru 

Career Consultant | Startup Mentor
Facebook.com/ravi.mohan.12

പ്രതിസന്ധികൾ വരുമ്പോൾ മനുഷ്യർ വ്യത്യസ്തമായ രീതികളിലാണ് പ്രതികരിക്കുന്നത്. പലരും പ്രതികൂല സാഹചര്യങ്ങൾ മറികടക്കാൻ അവരുടെ ജീവിതരീതിയും ശൈലികളുമൊക്കെ മാറ്റാറുണ്ട്. അതിൽത്തന്നെ ഒട്ടേറെപ്പേർ നിരാശരായി തങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ വളരെ ചുരുക്കംപേർ മാത്രമാണ് അത്തരം സാഹചര്യങ്ങളോട് പോരാടാൻ ശ്രമിക്കുന്നത്. അത്തരത്തിലുള്ള ഒരാളെയാണ് ഞാനിവിടെ പരിചയപ്പെടുത്താൻ പോകുന്നത്.

ജാർഖണ്ഡിൽ ജനിച്ചുവളർന്നു ലോകത്തിനുമുഴുവൻ മാതൃകയായി, ജാർഖണ്ഡിന്റെ വാട്ടർമാൻ എന്നറിയപ്പെടുന്ന സൈമൺ ഒറാവോൺ എന്ന വ്യക്തിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പ്രകൃതി സംരക്ഷണത്തിനും ജലസംരക്ഷണത്തിനും വേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ഇദ്ദേഹം സൈമൺ ബാബ എന്നാണ് നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നത്. ജാർഖണ്ഡ് നേരിട്ട കടുത്ത ജലദൗർലഭ്യതയെ വിജയകരമായി നേരിടാനും ആ നാടിനെ തന്നെ രക്ഷിക്കാനും ഇദ്ദേഹത്തിന് സാധിച്ചു.

ഇദ്ദേഹം തന്റെ ജീവിതകാലംമുഴുവൻ കഷ്ടപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളെ ആദരിക്കുന്നതിനായി 2016 ജനുവരി മാസത്തിൽ ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ടതും നാലാമത്തെ ഏറ്റവും വലിയ സിവിലിയൻ അംഗീകാരവുമായ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. അതിനുശേഷമാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും ലോകംമുഴുവൻ ശ്രദ്ധിക്കാൻ തുടങ്ങിയത്.

തന്റെ കുട്ടിക്കാലത്ത് വേനൽക്കാലമാകാറാകുമ്പോൾ സ്വന്തം ഗ്രാമമായ ബെഡോയിൽ നിന്ന് നാട്ടുകാരും ബന്ധുക്കളുമൊക്കെ പലായനം ചെയ്യുന്നതു കണ്ടു കൊണ്ടാണ് സൈമൺ വളർന്നത്. ഇതിനുകാരണം ആ നാട് അനുഭവിക്കുന്ന കടുത്ത വരൾച്ചതന്നെയാണ്. വേനൽകാലം കഴിയാറാകുമ്പോഴേക്കും ഒട്ടെറേപ്പേരുടെ ജീവനെടുത്തിട്ടുണ്ടാകും ആ വരൾച്ച. ഇത്തരം പ്രതികൂലസാഹചര്യങ്ങളിൽ വളർന്ന സൈമണ് നാലാം ക്ലാസ്സിൽവെച്ചുതന്നെ പഠിത്തം അവസാനിപ്പിക്കേണ്ടിവന്നു. പ്രദേശത്തിന്റെ മനസ്സു നിറയെ ഈ കൊടുംവരൾച്ചയെ എങ്ങനെയെങ്കിലും മറികടക്കണമെന്നുള്ള ചിന്തകൾമാത്രമായിരുന്നു.

അതിനെത്തുടർന്ന് മഴപെയ്യുമ്പോൾ ഒഴുക്കിന്റെ ഉത്ഭവം കണ്ടെത്താനായി, വെള്ളത്തിന്റെ ഒഴുക്കിനെതിരായി അദ്ദേഹം നടന്നു. ഈ ഉദ്യമത്തിൽ വിജയിച്ച കുഞ്ഞു സൈമൺ ചെന്നെത്തിയത് വലിയൊരു മലയുടെ മുകളിലാണ്. അവിടെനിന്നുകൊണ്ട് സൈമൺ വെള്ളത്തിന്റെ ഒഴുക്കിന്റെ ദിശ കണക്കുകൂട്ടി മാപ്പ് തയ്യാറാക്കി. തുടർന്ന് താഴ്‌വരയിൽ ഒരു അണക്കെട്ട് നിർമ്മിച്ചാൽ വെള്ളം ഒഴുകിനഷ്ടപ്പെടുന്നത് തടയാം എന്നദ്ദേഹം കണക്കുകൂട്ടി. തുടർന്ന് അണക്കെട്ടിൽ നിന്നുള്ള കനാലുകൾവഴി വെള്ളം ഗ്രാമത്തിന്റെ പലഭാഗങ്ങളിലേക്ക് എത്തിക്കാമെന്നും അദ്ദേഹം ആലോചിച്ചു. ചെറുപ്രായത്തിൽ താൻ തയ്യാറാക്കിയ പദ്ധതി തന്റെയും ആ ഗ്രാമത്തിന്റെയും തന്നെ തലവിധി മാറ്റിമറിക്കുമെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല.

കഠിനമാണെന്നറിയാമായിരുന്നിട്ടും ഈ വലിയ ഉദ്യമം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. തുടർന്ന് ഗ്രാമത്തിലെ ചിലരെയും കൂടെ കൂട്ടി അദ്ദേഹം ഒരു ഡാം നിർമ്മിച്ചു. അതും അദ്ദേഹം നാലാം ക്ലാസ്സിൽ പഠിത്തം അവസാനിപ്പിച്ച അതേ വർഷം (1961) തന്നെ. പക്ഷെ അദ്ദേഹത്തെ കാത്തിരുന്നത് വിധിയുടെ ക്രൂരതയായിരുന്നു. വെള്ളത്തിന്റെ ശക്തി താങ്ങാൻ കഴിയാതെപോയ അണക്കെട്ട് അധികം വൈകാതെതന്നെ തകർന്നുപോയി. പക്ഷെ അവിടംകൊണ്ടൊന്നും സൈമൺ പിൻമാറാൻ തയ്യാറല്ലായിരുന്നു.. ഉറച്ച മനസ്സിൽനിന്നുള്ള ഉറപ്പുള്ള തീരുമാനമായതിനാൽ അദ്ദേഹം വീണ്ടും പരിശ്രമിച്ചു, കൂടുതൽ ഉറപ്പുള്ള അണക്കെട്ട് നിർമ്മിച്ചു. പക്ഷെ വിധി വീണ്ടും അദ്ദേഹത്തെ തളർത്തി. പുതിയ അണക്കെട്ടും തകർന്നു തരിപ്പണമായി. പക്ഷെ ഇത്തവണ അദ്ദേഹത്തിന്റെ ശ്രമങ്ങൾ സംസ്ഥാന ജലവിഭവ വകുപ്പിന്റെ ശ്രദ്ധയിൽപെട്ടു. കൂടുതൽ ഉറപ്പുള്ള വലിയ അണക്കെട്ട് നിർമ്മിക്കാൻ അവർ സഹായിക്കാമെന്നേറ്റു. അപ്രകാരം നിർമ്മിച്ച ആ അണക്കെട്ട് ഇന്നും ഒരു പോറൽപോലുമില്ലാതെ നിലനിൽക്കുന്നു.

അവിടം കൊണ്ടും നിർത്താതെ, അടുത്ത ഗ്രാമങ്ങളായ ദേശബാലി, ജാരി എന്നിവിടങ്ങളിൽ രണ്ടു ഡാമുകൾ അദ്ദേഹം സർക്കാർ സഹായമില്ലാതെ തന്നെ നിർമ്മിച്ചു. ഹരിഹർപൂർ, ജാമ്ടോളി, ഖാഖിസ്റ്റോളി, ബൈത്തൂലി, ഭാസ്‌നാനന്ദ എന്നീ ഗ്രാമങ്ങളിൽ അഞ്ചു വലിയ കുളങ്ങളും അദ്ദേഹം നിർമ്മിച്ചു. തുടർന്ന് ഈ കുളങ്ങളെ അദ്ദേഹം ഡാമുകളുമായി ബന്ധിപ്പിച്ചു. കുളങ്ങളിൽ വെള്ളം തടഞ്ഞുനിർത്തി അത് കനാലുകളിലൂടെ സമീപപ്രദേശങ്ങളിലേക്ക് എത്തിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ നിർമ്മിതികൾ.

അവിടെയും അവസാനിപ്പിക്കാതെ ഈ ജലസംഭരണികളുടെ തുടർന്നുള്ള സംരക്ഷണവും അദ്ദേഹംതന്നെ ഏറ്റെടുത്തു നടത്തി. കൂടാതെ മണ്ണൊലിപ്പ് തടയുന്നതിനായി ഏകദേശം 30000 മരങ്ങളാണ് സൈമൺ നട്ടുപിടിപ്പിച്ചത്. സൈമൺ ഒറാവോവിന്റെ പ്രവർത്തനങ്ങളുടെ ഫലമായി ഒറ്റവിള കൊയ്തിരുന്ന 1500 ഓളം കുടുംബങ്ങൾ ഇപ്പോൾ മൂന്നു വിളകൾ കൊയ്യുന്നു. ഇതുകൂടാതെ 2000 ഏക്കറോളം നീണ്ടുകിടക്കുന്ന കൃഷിസ്ഥലങ്ങളിൽ നിന്നു കൊൽക്കത്ത, റാഞ്ചി, ജംഷഡ്‌പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വൻതോതിലാണ് പച്ചക്കറികൾ കയറ്റി അയക്കുന്നത്.

വനനശീകരണം തടയാനായി ഒരു പൊതുജനസഖ്യവും അദ്ദേഹം രൂപപ്പെടുത്തി. കുടിവെള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോഴും അദ്ദേഹം ഗ്രാമീണരെ ഒത്തുചേർത്തുകൊണ്ട് വനനശീകരണത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി അവബോധം നടത്തിയിരുന്നു. ഏത് സ്രോതസ്സിൽനിന്നുള്ള ജലമായാലും അത് ഒഴുകിപ്പോകാൻ അനുവദിക്കാതെ അതിനെ സംരക്ഷിക്കണമെന്നാണ് സൈമൺ അഭിപ്രായപ്പെടുന്നത്. ഇത്തരം ആശയങ്ങൾ മുൻനിർത്തിക്കൊണ്ട് എല്ലാ ഗ്രാമത്തിലും 25 പേർ വീതം അടങ്ങുന്ന സംഘങ്ങൾ ഉണ്ടാക്കി വനങ്ങൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളും സൈമൺ നടത്തിപ്പോന്നു.

സൈമൺ ഒറാവോൺ എന്ന മനുഷ്യന്റെ ജീവിതംകൊണ്ട് തിരുത്തിയെഴുതപ്പെട്ടത് ജാർഖണ്ഡിന്റെ തലവിധി തന്നെയായിരുന്നു. ബെഡോ എന്ന ഗ്രാമം ജാർഖണ്ഡിന്റെ കാർഷിക ഹബ് ആകാൻ കാരണമായത് സൈമൺ ഒറാവോൺ ന്റെ പ്രവർത്തനങ്ങൾ മാത്രമാണ്. ഏകദേശം 20,000 മെട്രിക് ടൺ വിളകളാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇവിടെനിന്നും കയറ്റി അയക്കുന്നത്. ഇപ്പോഴും അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിട്ടില്ല. എല്ലാ വർഷവും ചുരുങ്ങിയത് 1000 വൃക്ഷതൈകളെങ്കിലും അദ്ദേഹം നട്ടുപിടിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here