Lorance Mathew

Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

പ്രകൃതിയുടെ ചൂഷണമാണ് വ്യവസായമെന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്. ഏതൊരു കാലഘട്ടത്തിലും മനുഷ്യന്‍റെ അനുദിനമുള്ള ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ വ്യവസായങ്ങളനിവാര്യമാണെന്നുള്ളത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. എന്നാല്‍ പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണം ഭാവി തലമുറയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യം മുന്‍പിലുണ്ടെന്ന വസ്തുത നാം കാണാതിരുന്നു കൂടാ. പ്രത്യേകിച്ചും കേരളം പോലെ ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത്. അതിനാലാണ് ലോകരാഷ്ട്രങ്ങള്‍ തന്നെ ഒരു ബദല്‍ മാര്‍ഗ്ഗം ആരാഞ്ഞ് തുടങ്ങിയത്. പരിസ്ഥിതിക്ക് ഹാനികരമായ പ്രവണതകള്‍ കുറക്കാനും ഊര്‍ജ്ജ സംരംക്ഷണത്തെയും പ്രകൃതി സംരംക്ഷണത്തെയും യോജിപ്പിച്ച് പുതിയൊരു സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനെക്കുറിച്ച് ലോകം ചിന്തിച്ച് തുടങ്ങിയിരിക്കുന്നു ഇവിടെയാണ് ഗ്രീന്‍ ടെക്നോളജിയുടെ പ്രസക്തി.

എന്താണ് ഗ്രീന്‍ ടെക്നോളജി

സാങ്കേതിക ലോകത്ത് താരതമേന്യ പുതിയ പദമാണിത്. പരിസ്ഥിതി സൌഹാര്‍ദ്ദമായ സാങ്കേതിക വിദ്യയെന്ന് പൊതുവേ നിര്‍വ്വചിക്കാം. ഊര്‍ജ്ജ ഉപയോഗം താരതമേന്യ കുറഞ്ഞ ഉല്‍പ്പന്ന നിര്‍മ്മാണമാണിനിയുള്ള കാലത്തിലെ ട്രെന്‍റ്. മലീനീകരണമില്ലാത്തതോ അല്ലായെങ്കില്‍ താരതമേന്യ കുറഞ്ഞതോ ആയ വ്യവസായങ്ങള്‍ക്ക് മാത്രമേ ഇനി നില നില്‍പ്പുള്ളുവെന്ന തിരിച്ചറിവാണ് ഈ ദിശയിലേക്ക് ചിന്തിക്കുവാനുള്ള കാരണം. ആയതിനാല്‍ തന്നെ വ്യവാസായിക ലോകവും വിവിധ ഗവണ്‍മെന്‍റുകളും ഈ തരത്തിലാണിപ്പോള്‍ കാര്യങ്ങള്‍ നീക്കുന്നത്. വികസനമെല്ലാം തന്നെ Sustainable ആയെങ്കില്‍ മാത്രമേ ഈ പ്രകൃതി അതു പോലെ നില നില്‍ക്കുവെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാവി തലമുറയുടെ ആവശ്യങ്ങള്‍ പരിഗണിച്ചു കൊണ്ട് മാത്രമുള്ള വികസനത്തിനാണ് Sustainable Development എന്ന് പറയുന്നത്.

വ്യവസായിക മാറ്റങ്ങള്‍

സാങ്കേതിക ലോകവും വിവിധ ഗവണ്മെന്‍റുകളുമെല്ലാം ഈ ദിശയില്‍ ചിന്തിക്കുമ്പോള്‍ വ്യാവസായിക രംഗത്ത് വിവിധ മാറ്റങ്ങളുണ്ടാവുമെന്ന് മാത്രമല്ല കൂടുതല്‍ തൊഴിലവസരങ്ങളും ഉടലെടുക്കുവാനിടയാകും. മലീനികരണമുണ്ടാക്കുന്ന വസ്തുക്കള്‍ കുറക്കുകയെന്നതാണ് ഈ രംഗത്തെ ആദ്യത്തെ ചുവട് വെപ്പ്. എങ്ങനെ മാലിന്യങ്ങള്‍ കുറക്കാമെന്ന് ചിന്തിക്കുന്നതിന് മുന്‍പ് എന്തിന് മാലിന്യങ്ങള്‍ കുറക്കണമെന്നാലോചിക്കേണ്ടിയിരിക്കുന്നു. ജന സംഖ്യാവര്‍ദ്ധനവും മാറുന്ന ജീവിത സാഹചര്യങ്ങളും വിവിധ തരത്തിലുള്ള മാലിന്യങ്ങളുടെ തോത് ക്രമാതീതമായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ആയതിനാല്‍ തന്നെ മാലിന്യങ്ങള്‍ കുറക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഓഫീസുകള്‍ ഓണ്‍ലൈനാക്കി മാറ്റുന്നത് വഴി പേപ്പറ്‍ വേസ്റ്റ് കുറക്കുവാന്‍ കഴിയും. അതായത് ഇത് മൂന്ന് R കളിലാണ് നില നില്‍ക്കുന്നത്. Reduce, Re use and Recycle എന്നിവയാണിവ. Reduce ചെയ്യുവാനും Re use ചെയ്യുവാനും കഴിഞ്ഞാലും Recycle എന്ന മറ്റൊരു സാധ്യത ഇവിടെയുണ്ട്. അതിനാല്‍ത്തന്നെ വിവിധ മാലിന്യങ്ങള്‍ പുനരുപയോഗം നടത്തി ഉപയോഗപ്രദമായ മറ്റുല്‍പ്പന്നങ്ങളാക്കി മാറ്റുന്ന പ്ലാന്‍റുകള്‍ക്ക് ഇനി ഏറെ സാധ്യതയാണുള്ളത്. പേപ്പര്‍, പ്ലാസ്റ്റിക്, റബ്ബര്‍ തുടങ്ങിയവയ്ക്കൊക്കെ ഇത്തരം സാധ്യതകള്‍ കൂടുതലായി ആരായാവുന്നതാണ്. ഉപയോഗപ്രദമല്ലാത്ത പ്ലാസ്റ്റിക് ഉള്‍പ്പന്നങ്ങളെ കരകൌശല വസ്തുക്കളാക്കി മാറ്റാവുന്നതാണ്. പ്രകൃതിക്ക് ഹാനികരമായ പാഴ് വസ്തുക്കളില്‍ നിന്ന് ഉപയോഗപ്രദമായ നിരവധി കരകൌശല വസ്തുക്കളുല്‍പ്പാദിപ്പിക്കുവാന്‍ കഴിയും.

ഓട്ടോ മൊബൈല്‍ വ്യവസായ രംഗം

വാഹനങ്ങളില്‍ നിന്നും ബഹിര്ഗ്ഗമിക്കുന്ന പുകയുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം കുറക്കുകയെന്നത് ആഗോള വ്യാപകമായി ചര്‍ച്ച ചെയ്യുന്നയൊന്നാണ്. ആയതിനാല്‍ത്തന്നെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ ഈ ദിശയിലേക്ക് തിരിഞ്ഞിരിക്കുന്നു. ഇതാണ് ഹൈബ്രിഡ് കാറുകളുടെ ഉല്‍പ്പാദനത്തിലേക്കെത്തിച്ചത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകളാണിവ. ഒന്ന് ചാര്‍ജ്ജ് ചെയ്താല്‍ ദീര്‍ഘ നേരം ചാര്‍ജ് നില്‍ക്കുന്ന ബാറ്ററിയുടെ കണ്ട് പിടുത്തം ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. പുത്തന്‍ മെറ്റീരിയലുകളുടെ കണ്ട് പിടുത്തവും ഇതിന് ഉപോല്‍ബലകമാകുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇത് കൂടുതല്‍ വിജയപ്രദമായാല്‍ അതുണ്ടാക്കുന്ന വ്യാവസായിക മാറ്റങ്ങളും തൊഴില്‍ മേഖലയിലെ മാറ്റങ്ങളും പ്രവചിക്കുക അസാധ്യം. പെട്രോള്‍ പമ്പുകളുടെ സ്ഥാനത്ത് ബാറ്ററി ചാര്‍ജിങ്ങ് പോയിന്‍റുകള്‍ ആവിര്‍ഭവിക്കും. ബാറ്ററികളുടെ നിര്‍മ്മാണവും സര്‍വീസിങ്ങും മറ്റൊരു തൊഴില്‍ മേഖലയായി ഉയര്‍ന്ന് വരാം.

ഗ്രീന്‍ ടെക്നോളജി ഐ ടി മേഖലയിലും

കമ്പ്യൂട്ടറും മൊബൈലുമെല്ലാം ചേര്‍ന്ന ഐ ടി മേഖല ഒരു വരമുമാന സ്രോതസ് മാത്രമല്ല മറിച്ച് ഒരു പ്രമുഖ ഊര്‍ജ്ജ ഉപഭോക്താവും കൂടിയാണ്. അതിനാല്‍ത്തന്നെ ഊര്‍ജ്ജ സംരംക്ഷണം ഏറ്റവും ആവശ്യമായയിടമാണിത്. മനുഷ്യന്‍ പുറം തള്ളുന്ന ഹരിത വാതകങ്ങളുടെ (Green house gases) രണ്ട് ശതമാനം ഈ മേഖലയുടെ സംഭാവനയാണെന്നാണ് യു കെയിലെ ഗ്രോബല്‍ ആക്ഷന്‍ പ്ലാന്‍ നല്‍കുന്ന കണക്ക്.

ക്ലൌഡ് കമ്പ്യൂട്ടിങ്ങ് ഈ ദിശയിലേക്കുള്ള ഒരു ചുവട് വെപ്പാണ്. ചെറിയ മൊബൈല്‍ ഉപകരണങ്ങള്‍ക്ക് പോലും വലിയ അളവിലുള്ള ഡേറ്റാ കൈകാര്യം ചെയ്യുവാന്‍ ഇത് വഴി കഴിയുന്നു. ഇത് അനാവശ്യമായ സ്റ്റോറേജ് ഉപകരണങ്ങളുടെ ആവശ്യകത കുറക്കുകയും ഒപ്പം ക്ലൌഡ് കമ്പ്യൂട്ടിങ്ങ് എന്ന പുതിയൊരു മേഖലയില്‍ തൊഴിലവസരങ്ങള് സൃഷ്ടിക്കുകയും ചെയ്യുന്നു.

കമ്പ്യൂട്ടര്‍ നിര്‍മ്മാണ മേഖലയില്‍ ഇക്കോ ഫ്രണ്ടലി ആയ മെറ്റീരിയല്‍സ് ഉപയോഗിക്കുന്നതിലേക്കാണ് കമ്പനികളുടെ ഇപ്പോഴത്തെ ശ്രദ്ധ. ഐറിഷ് കമ്പനിയായ മൈക്രോ പ്രോ രൂപകല്‍പ്പന ചെയ്തിരിക്കുന്ന തടിയുടെ കെയ്സുള്ള IAMECO എന്ന കമ്പ്യൂട്ടര്‍ ഇത്തരത്തിലുള്ളയൊന്നാണ്. സാധാരണ കമ്പ്യൂറിനേക്കാള്‍ 70 ശതമാനം ഊര്‍ജ്ജ ഉപഭോഗം കുറവാണ് ഇതിന്. നമ്മുടെ മുള ഇത്തരത്തിലുള്ള ഒന്നാണ്. ട്രീറ്റ് ചെയ്ത മുളയാണിത്തരം നിര്‍മ്മിതിക്കുപയോഗിക്കുന്നത്. ഇത് വളരെ ഉറപ്പുള്ളയൊന്നായിട്ടാണ് മനസ്സിലാക്കപ്പെടുന്നത്.

കെട്ടിട നിര്‍മ്മാണ മേഖലയിലും ഗ്രീന്‍ തരംഗം

ലോകത്തിലുള്ള ഊര്‍ജ്ജ ഉപഭോഗത്തിന്‍റെ 40 ശതമാനവും പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ഡൈഓക്സൈഡിന്‍റെ 24 ശതമാനവും ഇപ്പോഴുള്ള കെട്ടിടങ്ങളില്‍ നിന്നാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്തരുണത്തിലാണ് പരിസ്ഥിതി സൌഹാര്‍ദ്ദമായ കെട്ടിട രൂപകല്‍പ്പനയിലേക്ക് ആര്‍ക്കിടെക്ടുമാരുടേയും എഞ്ചിനിയര്‍മാരുടേയും ശ്രദ്ധ തിരിഞ്ഞത്. സൂര്യപ്രകാശം പരമാവധി ഉപയോഗിക്കുന്ന രീതിയില്‍ വാതിലുകളുടേയും ജനലുകളുടേയും സ്ഥാനം രൂപകല്‍പ്പന ചെയ്യുന്നതില്‍ത്തന്നെ തുടങ്ങുന്നു ഇത്. സോളാര്‍ പാനലുകളും വിന്‍ഡ് നര്‍ജിയെ ഉപയോഗപ്പെടുത്തുന്ന സംവിധാനവുമെല്ലാം കെട്ടിട നിര്‍മ്മാണത്തിലേക്ക് കടന്ന് വരുന്നതും ഗ്രീന്‍ബില്‍ഡിങ്ങ് എന്ന ആശയം തന്നെ.

ഡച്ച് റിന്യൂവബ്ള്‍ എനര്‍ജി സ്റ്റാര്‍ട്ട് അപ് കമ്പനിയായ ആര്‍ക്കിമെഡീസ് വീടിന് മുകളില്‍ ഉപയോഗിക്കാവുന്ന വിന്‍ഡ് മില്ലുമായി രംഗത്ത് വന്നിരിക്കുന്നു. ഒരു വീട്ടിലെ പകുതിയോളം വൈദ്യുതി ആവശ്യങ്ങള്‍ ഇത് മൂലം നടക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സേളാറും കൂടി ഉപയോഗിച്ചാല്‍ രണ്ടും കൂടി ഗ്രിഡ് സിസ്റ്റം ആക്കാമെന്നാണ് കമ്പനിയുടെ സി ഇ ഓ ആയ റിച്ചാര്‍ഡ് റുജിറ്റിന്‍ ബീക്ക് പറയുന്നത്.

ഇക്കോ ഫ്രണ്ടലി ആയ മെറ്റീരിയല്‍സ് നിര്‍മ്മാണത്തിലുപയോഗിക്കുകയെന്നതാണ് മറ്റൊരു രീതി. ഫൈബറോണ്‍ എന്ന മെറ്റീരിയല്‍ ഇപ്പോള്‍ ഫ്ലോറിങ്ങിനുപയോഗിക്കുന്നുണ്ട്. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കില്‍ നിന്നുമാണിതുണ്ടാക്കുന്നത്. ട്രീറ്റ് ചെയ്ത മുള ഇപ്പോള്‍ കെട്ടിട നിര്‍മ്മാണത്തിലുപയോഗിക്കുന്നുണ്ട്. കാര്‍ബണ്‍ഡൈ ഓക്സൈഡിനെ സ്വീകരിക്കുകയും 35 ശതമാനം ഓക്സിജനെ പുറന്തള്ളുവാനും കഴിവുള്ളതാണ് മുള. വേസ്റ്റേജ് കുറവാണെന്നാണ് ഇതിന്‍റെ ഒരു പ്രത്യേകത.

ജിയോ തെര്‍മല്‍ ഹീറ്റ് പമ്പകളാണ് ഈ മോഖലയിലെ മറ്റൊരു കാല്‍വെപ്പ്. ഭൂമിയെ Heat Source ഉം Heat Sink ഉം ആയി ഉപയോഗിക്കുകയാണിവിടെ. ഇത് വഴി മുറിക്കുള്ളിലെ ചൂട് ക്രമീകരിക്കുവാന്‍ കഴിയും. ഗള്‍ഫ് മേഖലയില്‍ ഇത് വ്യാപകമായി വരുന്നുണ്ട്.
എന്നാല്‍ ഇതിന്‍റെ പ്രാരംഭ ചിലവ് കൂടുതലാണെന്നതാണ് വസ്തുത.

ഗ്രീന്‍ ഇലക്ട്രോണിക്സ്

ഗ്രീന്‍ ഇലക്ട്രോണിക്സ് എന്നത് 3 ഘട്ടങ്ങളിലായാണ് യാഥാര്‍ഥ്യമാകുന്നത്. മെറ്റീരിയല്‍, പ്രോസസ്, ഉല്‍പ്പന്നം എന്നിവയാണവ. പി സി ബി (Printed Circuit Board) കളിലും മറ്റും ഉപയോഗിക്കുവാന്‍ ബയോ ഡിഗ്രേഡബിളായിട്ടുള്ള പോളിമര്‍ സംയുക്തങ്ങളായിരിക്കും വരും കാലങ്ങളില്‍. ചിലവ് കുറഞ്ഞതായ ഇത്തരം സംയുക്തങ്ങളുടെ പിറകേയാണ് ഗവേഷണ ലോകമിന്ന്. ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മ്മാണ രംഗമാണിനി. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്തതും അതേ സമയം കുറഞ്ഞ ഊര്‍ജ്ജമാവശ്യപ്പെടുന്നതുമായ നിര്‍മ്മാണ രീതിയും ഇത്തരത്തിലുള്ള രാസ വസ്തുക്കളും ഉപയോഗിച്ച് കൊണ്ടിത് പരിഹരിക്കാം. അവസാനമായി പരമാവധി കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗമുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും ലക്ഷ്യമിടുന്നു. റെഫ്രിജേറ്ററും വാഷിങ്ങ് മെഷീന്‍ പോലുള്ള ഗ്രഹോപകരണങ്ങളും കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗവും പരമാവധി പരിസ്ഥിതി സൌഹാര്‍ദ്ദവുമായിരിക്കേണമെന്നുള്ളതാണ് ഇന്നത്തെ കാഴ്ചപ്പാട്. ഗൃഹോപകരണങ്ങളിലെ സ്റ്റാര്‍ റേറ്റിങ്ങ് ഉദാഹരണമാണ്.

ഗ്രീന്‍ ടെക്നോളജിയും മെറ്റീരിയല്‍ സയന്‍സും

ഇന്ന് ഏറ്റവും കൂടുതല്‍ ഗവേഷണം നടക്കുന്നയൊരു മേഖലയാണ് മെറ്റിരിയല്‍ സയന്‍സിന്‍റേത്. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം ഇന്നൊരു ആഗോള പ്രശ്നമാണ്. ആയതിനാല്‍ ബയോ ഡിഗ്രേഡബിളായിട്ടുള്ള (മണ്ണില്‍ ലയിക്കുന്ന) പോളിമറുകളാണിന്ന് ട്രെന്‍റ്. ഇതിന്‍റെ കടന്ന് വരവ് എല്ലാ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയിലും ചലനങ്ങള്‍ സൃഷ്ടിക്കും. നാനോ ടെക്നോളജിയുടെ കടന്ന് വരവ് പുത്തന്‍ നിര്‍മ്മാണ വസ്തുക്കളിലേക്കുള്ള ഗവേഷണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. സില്‍ക്ക്, ജെലാറ്റിന്‍ തുടങ്ങിയവ ഇലക്ടോണിക്സ് വ്യവസായ രംഗത്തേക്ക് കടന്ന് വന്നിരിക്കുന്നു, പ്രത്യേകിച്ചും മെഡിക്കല്‍ ഇലക്ട്രോണിക്സ് മേഘലയില്‍. വസ്ത്ര നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കുന്ന കളറുകള്‍ സിന്തറ്റിക്കില്‍ നിന്നും നാച്വറിലേക്ക് മാറുന്നത് വഴി തുറക്കെപ്പെടുന്ന വ്യവസായ മേഖല വലുതായിരിക്കും. ചാലക ശക്തിയുള്ള ബയോ ഡിഗ്രേഡബിളായിട്ടുള്ള മെറ്റീരിയലുകള്‍ക്കായിട്ടാണ് ഗവേഷകരുടെ ഉന്നം. ശരീരത്തില്‍ ഘടിപ്പിക്കുന്ന നിരവധി ഉപകരണങ്ങളുള്ള വൈദ്യശാസ്ത്ര രംഗത്ത് ഇതിന്‍റെ പ്രയോജനം വലുതായിരിക്കും.

ഗ്രീന്‍ ടെക്നോളജിയുടെ വര്‍ത്തമാന കാല പ്രസക്തി

ഇന്ന് ഒഴിവാക്കാനാവത്താതാണ് ഗ്രീന്‍ ടെക്നോളജി എന്ന ആശയം. മനുഷ്യന്‍ കൂടുതല്‍ സുഖ സൌകര്യങ്ങശക്കായി ശാസ്ത്ര സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തുമ്പോള്‍ മറന്ന് പോകുന്നതാണ് ഈ ഭൂമിയുടെ നില നില്‍പ്പ്. ആയതിനാല്‍ത്തന്നെ വ്യവസായ ലോകം ഉല്‍പ്പന്ന നിര്‍മ്മാണത്തിലും മറ്റും ഈ ആശയം ഉള്‍ക്കൊള്ളേണ്ടതാണ്. സോളാര്‍ പോലുള്ള ഊര്‍ജ്ജ സ്രോതസുകള്‍ പ്രയോജനപ്പെടുത്തുകയും പുത്തന്‍ മെറ്റീരിയല്‍സും ഊര്‍ജ്ജ ഉപഭോഗം കുറഞ്ഞതും ഇക്കോ ഫ്രണ്ടിലിയായതുമായ നിര്‍മ്മാണ രീതികളിലേക്ക് മാറുകയും വേണം. അല്ലായെങ്കില്‍ നാം കൊടുക്കേണ്ട വില വലുതായിരിക്കും. UNIDO പോലുള്ള അന്താരാഷ്ട്ര ഏജന്‍സികളും വിവിധ ഗവണ്‍മെന്‍റുകളും വ്യവസായ ലോകവും ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നുയെന്നുള്ളത് ആശാവഹമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!