Ravi Mohan

CEO of NowNext | Marketing Guru 

Career Consultant | Startup Mentor
facebook.com/ravi.mohan.12

കോവിഡ്, ലോകത്താകമാനം അനിശ്ചിതത്വം സൃഷ്ടിച്ചിട്ട് ഏഴ് മാസങ്ങൾ പിന്നിടുന്നു. ഇനിയെന്ത് എന്നതിന് ഇതേവരെ കൃത്യമായ ഉത്തരം കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ബിസിനസ്സ്, പ്രൊഫഷണൽ സേവന രംഗത്തുള്ളവർ എല്ലാം മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാൻ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം 2020 എന്നത് വിടവുകളുടെ വർഷമായി മാറുന്നതാണ് നാം കാണുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിലും നമുക്ക് ലഭ്യമായ അവസരങ്ങളെ ഫലപ്രദമായി വിനിയോഗിക്കുക, അഥവാ പ്രതിസന്ധികളിൽ അവസരങ്ങൾ കണ്ടെത്തി അവയെ നമുക്ക് അനുകൂലമാക്കി മാറ്റുക എന്നതാണ് യുകതവും പ്രായോഗികവുമായ കാര്യം.

ഈ കോവിഡ് കാലം വിദ്യാർത്ഥികൾക്ക് രണ്ടു സാധ്യതകൾ ആണ് സമ്മാനിക്കുന്നത്. ഒന്നുകിൽ അവരുടെ CV യിൽ ഉൾപ്പെടുത്താവുന്ന സ്കില്ലുകൾ സ്വായത്തമാക്കുവാനുള്ള സമയം. അല്ലെങ്കിൽ ശൂന്യത സൃഷ്ടിക്കുന്ന വലിയൊരു വിടവ്.

സാങ്കേതിക വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുക:

നിങ്ങൾ ടെക്നിക്കൽ സ്കില്ലുകൾ കുറഞ്ഞ വ്യക്തിയാണെങ്കിൽ, ചില അടിസ്ഥാന കഴിവുകൾ വികസിപ്പിക്കാനുള്ള സമയമാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ, സ്മാർട്ട് ഗാഡ് ജെറ്റുകൾ, റോബോട്ടിക്സ് എന്നിവയുടെ പാതയിലേക്കുള്ള ലോകത്തിന്റെ മാറ്റത്തിന് ആക്കം പല ഇരട്ടികളായി വർദ്ധിച്ചുവെന്നോർക്കുക. സാങ്കേതിക വിഷയങ്ങളിലുള്ള നിങ്ങളുടെ അറിവും കഴിവുകളും പുതിയ ലോകത്തിനു ആവശ്യമായ സാക്ഷരതയാണ്. പൈത്തൺ, അപ്ലിക്കേഷൻ ഡെവലപ്പ്മെന്റ്, ഗെയിം ഡെവലപ്പ്മെന്റ്, ബേസിക് ഡാറ്റ അനാലിസ് എന്നിവയിൽ തുടക്കക്കാർക്ക് നിരവധി മൊഡ്യൂളുകൾ ഉണ്ട്.

ഡിസൈനിങ് രംഗത്ത്, അഡോബി ഇല്ലസ്ട്രേറ്റർ, ഫോട്ടോഷോപ്പ് തുടങ്ങിയ പ്ലാറ്റുഫോമുകൾ പഠിച്ചെടുക്കുന്നത് സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നുണ്ട്. പുതിയ പ്രോഗ്രാമിങ് ലാംഗ്വേജുകൾ പഠിക്കാൻ ശ്രമിക്കാവുന്നതാണ്. അതിനായി ഒരുപാട് ഓൺലൈൻ സംവിധാനങ്ങളുണ്ടെങ്കിലും, ലാംഗ്വേജ് പഠിക്കുന്നതിനൊപ്പം സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും കൂടി വേണ്ടി ശ്രമിക്കുന്നത് നന്നാകും.

ഓൺലൈൻ ജോലികളും ഇന്റേൺഷിപ്പുകളും:

പല കമ്പനികളിലും എൻട്രി ലെവൽ ജോലികളും ഇന്റേൺഷിപ്പുകളും പ്രോജക്റ്റുകളും ലഭ്യമാണ്. പ്രധാനമായും ഡാറ്റ അനലിറ്റിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കണ്ടന്റ് ഡെവലപ്പ്മെന്റ്, ഓൺലൈൻ വിൽപ്പന എന്നിങ്ങനെ വിവിധ മേഖലകളിൽ ഓൺലൈൻ ജോലികൾ ചെയ്യാൻ ശ്രമിക്കാവുന്നതാണ്. ഇവ മൂന്നാഴ്ച മുതൽ വിവിധ കാലയളവിലേക്ക് നീണ്ടുനിൽക്കുന്നവയാണ് ഇത്തരം ജോലികൾ.

മാനസികവും ശാരീരികവുമായ ക്ഷമത:

നിങ്ങളുടെമാനസിക സമ്മർദ്ദം, അനാവശ്യമായ ഉത്കണ്ഠകൾ, വിഷാദം എന്നിവയൊക്കെ പരിഹരിച്ച് മാനസിന്റെ ആരോഗ്യം വീണ്ടെടുക്കാനുള്ള മികച്ച അവസരമാണിത്. മികച്ച ഒരു തെറാപ്പിസ്റ്റുമായി ബന്ധപ്പെട്ട് നിങ്ങൾക്കനുയോജ്യമായ വിവിധയിനം കോഴ്സുകൾ പരീക്ഷിക്കാവുന്നതാണ്. ശരീരത്തിന്റെ ആരോഗ്യവും ക്ഷമതയും വർദ്ധിപ്പിക്കാൻ ഡയറ്റിങ്, യോഗ, ആയോധന കലകൾ, കായിക ഇനങ്ങൾ, ജിം എന്നിവയിലേക്ക് തിരിയാനും ശീലങ്ങൾ ഉണ്ടാക്കിയെടുക്കാനും ശ്രമിക്കാം. നിങ്ങൾ ആഗ്രഹിക്കുന്ന അല്ലെങ്കിൽ സ്വപ്നം കണ്ടിരുന്ന ജീവിതശൈലി, ആരോഗ്യം, ശരീരം എന്നിവ ലക്ഷ്യമിടാനുള്ള സമയമാണിത്.

നിങ്ങൾ ഇത് വരെ ചെയ്യാത്ത എന്തെങ്കിലും ചെയ്യൂ:

അതെ നിങ്ങൾ ഇത് വരെ ചെയ്തിട്ടില്ലാത്ത എന്തെങ്കിലുമൊക്കെ ചെയ്തു തുടങ്ങു. അതിൽ നിങ്ങൾ വിദഗ്ദ്ധനാണോ അല്ലയോ എന്നതിന് ഇവിടെ പ്രസക്തിയില്ല. മറിച്ച് നിങ്ങളുടെ മടി മാറ്റുന്ന, അടിഞ്ഞു കൂടിയിരിക്കുന്നു മനസ്സിനെ സ്വാതന്ത്രമാക്കുന്ന ഒന്നായിരിക്കണം. പാട്ടുകൾ, നൃത്തം, വാദ്യോപകരണങ്ങൾ, എഴുത്ത്, ചിത്ര രചന, സൈക്ലിംഗ്, ഓട്ടം അങ്ങനെ എന്തുമാകാം.

സംരംഭകത്വം:

ഭാവിയിൽ നല്ലൊരു ബിസിനസ്സ്കാരനാകണം എന്ന് ആഗ്രഹിക്കുന്നുണ്ടോ? പരീക്ഷണങ്ങൾക്കായുള്ള ഏറ്റവും വലിയ അവസരമാണ് നിങ്ങളുടെ മുന്നിലിപ്പോഴുള്ളത്. ചെറുതായി നിങ്ങളുടെ കഴിവിനൊത്ത് തുടങ്ങുന്ന എന്ത് തരത്തിലുള്ള സംരംഭവും പ്രോത്സാഹനം അർഹിക്കുന്നതാണ്. നിങ്ങളുടെ കഴിവുകളെയും സമയത്തെയും മുതൽ മുടക്കാക്കി തുടങ്ങാവുന്ന സംരംഭങ്ങളെ കുറിച്ചാണ് ഞാൻ ഇവിടെ സൂചിപ്പിക്കുന്നത്. ബ്ലോഗിങ്ങ്, യൂട്യൂബ് ചാനൽ, റേറ്റിംഗ് ആപ്പ്ളിക്കേഷനുകൾ, ഓൺലൈൻ ഇവന്റുകൾ തുടങ്ങിയ എന്തും നിങ്ങൾക്ക് തുടങ്ങാം. ഇപ്പോൾ നിങ്ങൾക്ക് ലഭിച്ചേക്കാവുന്ന സാമ്പത്തികത്തിനു പ്രാധാന്യം നൽകാതെ ശ്രദ്ധിക്കുക. സംരംഭത്വത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന പുത്തൻ അനുഭവങ്ങൾ, തിരിച്ചറിവുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുക.

“നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെ പാഴാക്കിക്കളയരുത്!” വിൻസ്റ്റൺ ചർച്ചിലിന്റെ വരികളാണിവ. അതെ, നമ്മുടെ മുന്നിലുള്ള ഈ അനിശ്ചിതാവസ്ഥയും അത് സൃഷ്ടിച്ച വിടവുകളും നിങ്ങളുടെ ജീവിതത്തിൽ പുതിയ നേട്ടങ്ങൾക്ക് കാരണമാകട്ടെ.. ആ നേട്ടങ്ങൾ നാളെയിൽ നിങ്ങളെ ശക്തമാക്കാക്കും, തീർച്ച!!

Leave a Reply