ഷാഹിദ് തിരുവള്ളൂർ IIS

തലക്കെട്ട് കണ്ട് പരിഭ്രമിക്കണ്ട, തിരഞ്ഞെടുപ്പിനും മുമ്പും ശേഷവും പരീക്ഷിക്കാവുന്ന ഒരു ബിസിനസ് പദ്ധതിയെക്കുറിച്ചാണ് ഈ കുറിപ്പ്. എല്ലാ നൂതന ബിസിനസിലുമെന്ന പോലെ ഇതും ആദ്യമായി അവതരിപ്പിച്ചത് ചൈനക്കാരാണ്. പക്ഷെ, കേരളത്തില്‍ ഇന്ന് ഈ ബിസിനസിന് ഏറെ പ്രസക്തിയുണ്ട്. വിശിഷ്യാ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കു പ്രകാരം ക്രൈം ക്യാപിറ്റല് എന്ന റെക്കോര്‍ഡ് ഉള്ള സമയത്ത്. പെട്ടെന്നുള്ള വെട്ടും കൊലപാതകവും കടിച്ചുകീറലും രാഷ്ട്രീയ കൊലപാതകവും തുടങ്ങി എന്തിന് ആത്മഹത്യകള്‍ മുതല്‍ കുടുംബ പ്രശ്‌നങ്ങള്‍ വരെ തടയാന്‍ ഈ ബിസിനസിനാകും. ഒപ്പം നിക്ഷേപം ഉദ്ധേശിക്കുന്നവര്‍ക്ക് നല്ല ലാഭവുമാകും. രാജ്യത്തിന്റെ ജി.ഡി.പി കൂടും. ഒരു സ്റ്റാര്‍ട്ട് അപ് എന്ന രൂപത്തില്‍ വികസിപ്പിക്കുകയാണെങ്കില്‍ സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതിക്ക് ഒരു ബൂസ്റ്റുമാകും. ചുരുക്കി പ്പറഞ്ഞാല്‍ എല്ലാരും ഹാപ്പി.

ഏതായാലും ഇനി വിഷയത്തിലേക്ക് കടക്കാം. ആങ്കര്‍ റൂമുകളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. 25 കാരനായ ജിന്‍ മെംഗ് ആണ് ബീജിംഗില്‍ ഈ സംരംഭം തുടങ്ങിയത്. സ്‌കൂളില്‍ ടീച്ചറോട് ഈറ പിടിച്ചാലോ, വീട്ടില്‍ ഭാര്യയോട് ദേഷ്യം പിടിച്ചാലോ, കമ്പനിയില്‍ മാനേജറിനു ഒന്ന് കൊടുക്കാന്‍ തോന്നിയാലോ, ഉടനെ ഇവിടെയെത്താം. പണമടച്ച ശേഷം നിങ്ങളെ സ്മാഷ് കമ്പനിയുടെ സെയില്‍സ്മാന്‍ വ്യത്യസ്ത ആങ്കര്‍ റൂമുകളിലേക്ക് നടത്തും. നിങ്ങള്‍ അടച്ച പണത്തിനനുസരിച്ച് ബോട്ടിലുകള്‍ അടിച്ചു തകര്‍ക്കാം, ടിവി തല്ലിപ്പൊളിക്കാം, ഗ്ലാസുകള്‍ തവിടുപൊടിയാക്കാം, കംപ്യൂട്ടറിനെ നിര്‍ത്തിപ്പൊരിക്കാം, വലിയ കല്ല് എടുത്തുപൊന്തിക്കാം. എന്നിട്ട് അലമാറയുടെ ഗ്ലാസിന് നേരെ എറിയാം അങ്ങനെ എന്തും നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഇവിടെ റെഡിയാണ്. ബാക്ക് ഗ്രൗണ്ടില്‍ നിങ്ങളുടെ ശുണ്ഠി കൂട്ടാനുള്ള മ്യൂസിക് ലഭ്യമായിരിക്കും. റൂമില്‍ നിരത്തിവെച്ച പ്രതിമകള്‍ക്കു നേരെ കൊഞ്ഞനം കാട്ടി കല്ലെറിയാം. അങ്ങനെ നിങ്ങളുടെ ദേഷ്യം അവസാനിച്ചാല്‍ റെസ്റ്റ് റൂമില്‍ വിശ്രമിച്ച് രണ്ട് ഗ്ലാസ് വെള്ളം കുടിച്ച് അഡീഷണലായി പൊട്ടിച്ച സാധനങ്ങളുടെ ബില്ലുമടച്ച് നിങ്ങള്‍ക്ക് കൂളായി ഇറങ്ങിപ്പോരാം. യു.ആര്‍.ഹാപ്പി. പദ്ധതി തുടങ്ങിയ ജിന്‍ മെംഗും ഹാപ്പി. കഴിഞ്ഞ സപ്തംബറില്‍ പദ്ധതി തുടങ്ങിയ ശേഷം ഇതുവരെ 15,000 ബോട്ടിലുകള്‍ തകര്‍ക്കപ്പെട്ടുവെന്നും ജീവനുള്ളതിനെയെല്ലാത്ത എല്ലാത്തിനെയും തല്ലാനുള്ള അവസരമിവിടെയുണ്ടെന്നും ഉപഭോക്താക്കളില്‍ ഭൂരിഭാഗവും 20-35 വയസ്സിനിടയിലെ യുവാക്കളാണെന്നും അദ്ദേഹം പ്രതികരിക്കുന്നു. അക്രമം പ്രോത്സാഹിപ്പിക്കുകയല്ല, വലിയ സിറ്റികളില്‍ ജീവിക്കുമ്പോഴുള്ള സമ്മര്‍ദ്ദം കുറച്ച് ജീവിതത്തില്‍ സന്തോഷം പകരുകയാണെന്ന് തന്റെ സാമൂഹ്യ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Anger Room, Image Source: pinterest.com

സംഗതി തമാശയെന്നു തോന്നാമെങ്കിലും സന്ദേശം ഗൗരവമേറിയതാണ്. ഹിംസയുടെ മൂലഹേതു കോപമാണെന്നും അതിന്റെ അനിയന്ത്രിതാവസ്ഥയെ തണുപ്പിക്കാന്‍ ആ വ്യക്തി കുളിക്കുന്നത് ഉചിതമാണെന്നും മുഹമ്മദ് നബി(സ)മൊഴിഞ്ഞത് ഇവിടെ ചേര്‍ത്തുവായിക്കാം. ചില വൈകാരിക സന്ദര്‍ഭങ്ങളുടെ അനിയന്ത്രിതാവസ്ഥയാണ് പൊടുന്നനെ തര്‍ക്കങ്ങളിലേക്കും ചിലപ്പോള്‍ കൊലപാതകങ്ങളിലേക്കും കലാപങ്ങളിലേക്കും നയിക്കുന്നത് എന്ന് ആര്‍ക്കാണറിയാത്തത്. സാമൂഹ്യ അളവു സൂചകങ്ങള്‍ കൂടുതലുള്ള മേഖലകളാണ് എപ്പോഴും ഇതിന്റെ സെന്‍സിറ്റീവ് ഏരിയകള്‍. അതുകൊണ്ടാണ് മാനവ വിഭവവികസന സൂചകം ഏറ്റവും കൂടുതലുള്ള കേരളം ക്രൈം റേറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നത്. രണ്ട് കോടി ആളുകള്‍ ജീവിക്കുന്ന ഡല്‍ഹിയേക്കാള്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് പതിനൊന്ന് ലക്ഷം ആളുകള്‍ മാത്രം ജീവിക്കുന്ന കേരളത്തിലെ കൊല്ലം ജില്ലയാണെന്ന റിപ്പോര്‍ട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തിറക്കിയിട്ട് കൂടുതല്‍ കാലമായിട്ടില്ല. വൈകാരികാവസ്ഥയെ ബുദ്ധിപരമായി നേരിടാന്‍ ഇമോഷണല്‍ ഇന്റലിജന്‍സ് പരിശീലനം കുട്ടികള്‍ക്ക് നല്‍കണമെന്ന് വിദ്യാഭ്യാസ വിചക്ഷണര്‍ ആവശ്യപ്പെടുന്നതും വെറുതെയല്ല.

ദേഷ്യം വന്നാല്‍ അടിച്ചമര്‍ത്തരുത്. അത് അഗ്നിപര്‍വ്വതം പോലെ പുകഞ്ഞ് അവസാനം പൊട്ടിത്തെറിക്കുമെന്നാണ് മനശ്ശാസ്ത്രജ്ഞരുടെ മന്ത്രം. എങ്കില്‍ പിന്നെ ഒറ്റവഴിയേ ഉള്ളൂ, ആങ്കര്‍ റൂമില്‍ പോയി തല്ലിത്തീര്‍ക്കാം. ബിസിനസുകാര്‍ സ്ഥലം തെരെഞ്ഞെടുക്കുമ്പോ സ്വയം തല്ലുകിട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നേയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!