വേണാട് എന്ന ചെറിയ രാജ്യത്തെ 1729-നും 1758-നും മധ്യേ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്, അനേകം കൊച്ചുരാജ്യങ്ങളെ ജയിച്ച് കന്യാകുമാരി മുതല്‍ കൊച്ചിയുടെ അതിര്‍ത്തിയോളം വിസ്തൃതമാക്കിയ നാടാണ് തിരുവിതാംകൂര്‍, അദ്ദേഹത്തിന്റെ അനന്തിരവന്‍ കാര്‍ത്തിക തിരുനാള്‍ (1758-1798) മഹാരാജാവിന്റെ കാലത്ത് ഇതിന്റെ വടക്കേ അതിര് പറവൂരും, തെക്കേ അതിര് കന്യാകുമാരിയും ആയിരുന്നു.

1729-ല്‍ സ്ഥാനാരോഹണം ചെയ്ത അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് ആധുനിക തിരുവിതാംകൂറിന്റെ ശില്പി. രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലഘട്ടത്തില്‍ ചെറിയൊരു നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിനെ പുരോഗതിയിലേക്ക് നയിച്ചതും വലിയൊരു രാജ്യമായി വികസിപ്പിച്ചതും മാര്‍ത്താണ്ഡവര്‍മയായിരുന്നു. മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ് തിരുവിതാംകൂര്‍ എന്ന പേരില്‍ പ്രശസ്തിനേടുന്നത്. തിരുവിതാംകോട് അഥവാ തൃപ്പാപ്പൂര്‍ സ്വരൂപത്തിലെ അംഗമായിരുന്നു മാര്‍ത്താണ്ഡവര്‍മ. തിരുവിതാംകോട് എന്ന സ്വരൂപനാമത്തില്‍ നിന്നാണ് തിരുവിതാംകൂര്‍ എന്ന രാജ്യനാമം ഉണ്ടാകുന്നത്.

രാജ്യത്തുടനീളം തികഞ്ഞ അരാജകത്വം നിലനിന്നിരുന്ന കാലഘട്ടത്തിലായിരുന്നു മാര്‍ത്താണ്ഡവര്‍മ അധികാരമേറ്റത്. എട്ടുവീട്ടില്‍ പിള്ളമാരുടെ പാവ മാത്രമായിരുന്നു മാര്‍ത്താണ്ഡവര്‍മയ്ക്കു മുമ്പുള്ള രാജാക്കന്മാര്‍. ഇതിന് അറുതിവരുത്താന്‍ മാര്‍ത്താണ്ഡവര്‍മ തമിഴ്നാട്ടില്‍ നിന്നും മറവപ്പടയെ കൂലിക്കുകൊണ്ടുവന്നു. അരാജകവാദികളായ തമ്പിമാരെയും എട്ടുവീട്ടില്‍പ്പിള്ളമാരെയും ഉന്മൂലനം ചെയ്യുകയും, അവരുടെ സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി വിട്ടു. രാജ്യവിസ്തൃതി വര്‍ധിപ്പിക്കാന്‍ സ്വന്തം സൈന്യത്തെ സജ്ജീകരിക്കുകയും ചെയ്തു. യുദ്ധത്തില്‍ തോല്‍ക്കുന്ന ചെറുകിട നാട്ടുരാജ്യങ്ങളും ദേശങ്ങളും തിരുവിതാംകൂറിനോട് കൂട്ടിച്ചേര്‍ത്തുകൊണ്ട് അദ്ദേഹം രാജ്യവിസ്തൃതി വര്‍ധിപ്പിച്ചു. പരാജിതരായ നാടുവാഴികളെ സാമന്തന്മാരായി അവരവരുടെ നാട് ഭരിക്കുവാന്‍ അനുവദിക്കുകയായിരുന്നു രീതി.

 

1741 ആഗസ്റ്റില്‍ കുളച്ചലില്‍ വച്ച് തിരുവിതാംകൂര്‍ സൈന്യം ഡച്ചുകാരെ പൂര്‍ണമായി പരാജയപ്പെടുത്തിയതോടെ ഡച്ചു ആധിപത്യം കേരളത്തില്‍ പൂര്‍ണമായും അവസാനിച്ചു. തടവുകാരനായി പിടിച്ച ഡച്ചു സേനാനായകന്‍ ഡിലനോയിയെ മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ സൈന്യത്തിന്റെ പരിശീലകനാക്കി. തുടര്‍ന്ന് നടന്ന പല യുദ്ധങ്ങളിലും തിരുവിതാംകൂറിനെ നയിച്ചത് ഡിലനോയിയായിരുന്നു. 1742-56 വര്‍ഷത്തില്‍ മാര്‍ത്താണ്ഡവര്‍മ കായംകുളം, കൊല്ലം, അമ്പലപ്പുഴ, തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നീ നാട്ടുരാജ്യങ്ങളെ ആക്രമിച്ചു പരാജയപ്പെടുത്തുകയും ആ രാജ്യങ്ങള്‍ തിരുവിതാംകൂറിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ജനോപകാരപ്രദമായ നിരവധി പ്രവര്‍ത്തനങ്ങളും മാര്‍ത്താണ്ഡവര്‍മയുടെ കാലഘട്ടത്തില്‍ ഉണ്ടായി. അണക്കെട്ടുകള്‍, ജലസംഭരണികള്‍, തോടുകള്‍, റോഡുകള്‍ എന്നിവ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ നിര്‍മിച്ചു. പദ്മനാഭപുരം കൊട്ടാരവും പദ്മനാഭസ്വാമിക്ഷേത്രവും കൃഷ്ണപുരം കൊട്ടാരവും അദ്ദേഹം പുതുക്കിപ്പണിതു. രാമയ്യന്‍ ദളവയായിരുന്നു മാര്‍ത്താണ്ഡവര്‍മയുടെ പ്രധാന ഉപദേശകന്‍. 1750 ജനു. 3-ന് മാര്‍ത്താണ്ഡവര്‍മ രാജ്യം ശ്രീപദ്മനാഭന് തൃപ്പടിദാനമായി സമര്‍പ്പിച്ചു. അതുമുതല്‍ മാര്‍ത്താണ്ഡവര്‍മയും പിന്‍ഗാമികളും ശ്രീപദ്മനാഭദാസരായിട്ടാണ് ഭരണം നടത്തിയത്. രാമപുരത്തുവാര്യര്‍, കുഞ്ചന്‍നമ്പ്യാര്‍ എന്നീ കവികള്‍ ഏറെക്കാലം മാര്‍ത്താണ്ഡവര്‍മ രാജാവിന്റെ സദസ്സിലെ അംഗങ്ങളായിരുന്നു.

മാര്‍ത്താണ്ഡവര്‍മയ്ക്കുശേഷം തിരുവിതാംകൂറില്‍ അധികാരത്തില്‍ വന്നത് ധര്‍മരാജ എന്ന പേരില്‍ ഭരണം നടത്തിയ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ രാജാവായിരുന്നു. 1766 ൽ ഹൈദരാലിയും ടിപ്പുവും വടക്കന്‍ കേരളം (മലബാര്‍) ആക്രമിച്ച് മലബാറില്‍ അവരുടെ ആധിപത്യം ഉറപ്പിച്ചു. 1744-ല്‍ കോഴിക്കോട് കീഴടക്കിയ മൈസൂര്‍ സൈന്യം കൊച്ചിയിലേക്ക് നീങ്ങി. 1790-ല്‍ ടിപ്പുവിന്റെ സൈന്യം ആലുവ വരെ എത്തി. എന്നാല്‍ ബ്രിട്ടീഷ് സൈന്യം മൈസൂര്‍ ആക്രമിച്ചതിനാല്‍ ടിപ്പുവിന് മൈസൂറിലേക്ക് പിന്മാറേണ്ടിവന്നു. തുടര്‍ന്ന് മൈസൂര്‍ യുദ്ധത്തില്‍ ടിപ്പു പരാജയപ്പെടുകയും മലബാര്‍ ബ്രിട്ടീഷുകാര്‍ക്ക് ലഭിക്കുകയും ചെയ്തു. മൈസൂറിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ബ്രിട്ടീഷുകാരുടെ സഹായംതേടിയ രാജാവ് തിരുവിതാംകൂറിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നെടുങ്കോട്ട നിര്‍മിക്കുകയും ഡച്ചുകാരില്‍ നിന്നും കൊടുങ്ങല്ലൂര്‍, പള്ളിപ്പുറം എന്നീ കോട്ടകള്‍ വിലയ്ക്കുവാങ്ങുകയും ചെയ്തു.

തിരുവിതാംകൂര്‍ സേനയ്ക്ക് ‘നായര്‍ ബ്രിഗേഡ്‘ എന്ന പേരു നല്‍കിയത് 1830-ല്‍ സ്വാതിതിരുനാളിന്റെ കാലത്തായിരുന്നു. കുറ്റകൃത്യം തെളിയിക്കാന്‍ ശുചീന്ദ്രത്തു നിലവിലിരുന്ന തിളച്ച നെയ്യില്‍ കൈമുക്കുന്ന പ്രാകൃതമായ സമ്പ്രദായം സ്വാതിതിരുനാള്‍ നിര്‍ത്തല്‍ ചെയ്തു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാരംഭം കുറിച്ചത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു (1843). നക്ഷത്രബംഗ്ലാവിന്റെ സ്ഥാപനവും കാനേഷുമാരി കണക്കെടുപ്പും മറ്റുമായിരുന്നു സ്വാതിതിരുനാളിന്റെ കാലത്തെ ശ്രദ്ധേയമായ ഇതര പരിഷ്കാരങ്ങള്‍. കർണ്ണാടക സംഗീതത്തിനു സ്വാതിതിരുനാൾ നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നു. ഷഡ്കാല ഗോവിന്ദമാരാരെപോലെയുള്ള മഹാ സംഗീതജ്ഞർ അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ താമസിച്ചിരുന്നു. ആദ്യമായി സെൻസസ് നടത്തിയതും, നിലങ്ങൾ പുരയിടങ്ങൾ എന്നിവ അളന്നു തിട്ടപ്പെടുത്തിയതും സ്വാതിതിരുനാളിന്റെ കാലത്തായിരുന്നു.

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ, Image Source: Wikipedia.org

അവസാനത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്നു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ. 1937 ൽ അദ്ദേഹം തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിച്ചു. തിരുവിതാംകൂർ റബ്ബർ വർക്ക്സ്, കുണ്ടറ കളിമൺ ഫാക്റ്ററി, FACT എന്നീ സ്ഥാപനങ്ങൾ സ്ഥാപിച്ചത് ചിത്തിരതിരുനാളിന്റെ കാലത്താണ്. പള്ളിവാസൽ ജലവൈദ്യുത പദ്ധതി, സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് സർവ്വീസ് എന്നിവയുടെ തുടക്കവും ഇതേ കാലയളവിൽ ആയിരുന്നു. തിരുവിതാംകൂർ ദിവാനായ സർ സി പി രാമസ്വാമി അയ്യരുടെ വിവിധ നടപടികൾ വിശേഷിച്ച് സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയം ഒട്ടേറെ പ്രതിഷേധങ്ങൾക്ക് വഴി തെളിച്ചു. 1946 ൽ പുന്നപ്ര, വയലാർ സമരങ്ങളെ നിർദ്ദാക്ഷ്യണ്യം അടിച്ചമർത്താൻ ശ്രമിച്ചു. നിരവധി പേരാണ് ആ സമരങ്ങളിൽ മരിച്ചു വീണത്. ദിവാനെതിരെ നാടെങ്ങും പ്രതിഷേധം ശക്തമാകുകയും തുടർന്നുണ്ടായ വധശ്രമം ദിവാനെ നാട് വിട്ട് പോകാൻ നിർബന്ധിതനാക്കുകയും ചെയ്തു. 1949 ൽ തിരുവിതാംകൂറും കൊച്ചിയും ലയിച്ചു തിരുക്കൊച്ചിയായി. അതിന്റെ തലവൻ എന്ന രീതിയിൽ ചിത്തിരതിരുനാൾ രാജപ്രമുഖനായി. ആദ്യത്തെയും അവസാനത്തേയും രാജപ്രമുഖൻ ആയിരുന്നു അദ്ദേഹം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിച്ചപ്പോൾ 1956 ൽ കേരള സംസ്ഥാനം രൂപീകൃതമായി.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!