P Biju
P Biju, Vice Chariman - KSYWB

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ ശ്രീ. പി. ബിജു ഇന്നലെ അന്തരിച്ചു. 43 വയസ്സ് മാത്രം പ്രായമുള്ള അദ്ദേഹത്തിന്റെ വിയോഗം, വലിയൊരു നടുക്കമാണ് പൊതു സമൂഹത്തിൽ വിശേഷിച്ചും യുവാക്കൾക്കിടയിൽ സൃഷ്ടിച്ചത്. ചെറിയൊരു കാലയളവ് കൊണ്ട് കേരളത്തിലെ യുവ മനസ്സുകളിൽ സ്ഥിര പ്രതിഷ്ഠ നേടിയ ശ്രീ. ബിജു യുവജനക്ഷേമ ബോർഡിന്റെ തലപ്പത്ത് എത്തിയ നാൾ മുതൽ യുവാക്കൾക്കായി ശ്രദ്ധേയമായ ഒട്ടേറെ പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നു. രാജ്യത്തിന് തന്നെ മാതൃകയാവുന്ന രീതിയിൽ യുവജനക്ഷേമ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ബിജുവിന് സാധിച്ചു എന്നത് അദ്ദേത്തിന്റെ ക്രിയാത്മക പ്രവർത്തനത്തിന്റെ സാക്ഷ്യ പത്രമാണ്. കേരളത്തിലെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും സർവ്വതോൻമുഖമായ വളർച്ച ലക്‌ഷ്യമാക്കി പ്രവർത്തിക്കുന്ന നൗനെക്സ്റ്റിനു അദ്ദേഹവുമായി ഒരുമിച്ചു പ്രവർത്തിക്കാനുള്ള ഒട്ടേറെ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ യുവ സംരംഭകർക്കായി സംഘടിപ്പിച്ച KEY Summit, കേരളം കണ്ട ഏറ്റവും വലിയ തൊഴിൽ മേളകളിൽ ഒന്നായ കരിയർ എക്സ്പോ തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ്.

സൗമ്യമായ ഇടപെടലുകളും, ഉറച്ച നിലപാടുകളും, കൃത്യതയുള്ള കാഴ്ച്ചപ്പാടുകളും അദ്ദേഹത്തെ വിത്യസ്തനാക്കിയിരുന്നു. ഒരു പരിപാടി നിശ്ചയിക്കപ്പെട്ടാൽ, അത് വിജയകരമായി പൂർത്തിയാക്കുന്നത് വരെ നേതൃ സ്ഥാനത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പാണ്. എന്തിനും ഏതിനും ഉപദേശങ്ങളായും നിർദ്ദേശങ്ങളായും പ്രിയപ്പെട്ട വൈസ് ചെയർമാൻ രംഗത്തുണ്ടാകും. പ്രതിസന്ധികൾ വരുമ്പോൾ, അത് പരിഹരിക്കുന്നതിലും മുൻപന്തിയിൽ നമുക്ക് കാണാനാകുക ശ്രീ. ബിജുവിനെ ആയിരിക്കും.

Sri P Biju having discussion with Sri Navas Meeran, Chairman of Eastern Group and Sri Ravi Mohan, CEO of NowNext

2018 ൽ കേരളം പ്രളയത്തിലായപ്പോൾ നൗനെക്സ്റ്റിന്റെ ആസ്ഥാനമായ ആലുവ വളരെയധികം ബാധിക്കപ്പെട്ടു. ആ സമയത്ത് നൗനെക്സ്റ്റ് നേതൃത്വം നൽകി പ്രളയ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിച്ചിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏതാണ്ട് 130 യുവതീ യുവാക്കൾ ആലുവ ക്യാമ്പ് ചെയ്തു ശുചീകരണം, കൗൺസിലിംഗ് സേവനങ്ങൾ, വീട്ടുപകരണങ്ങളുടെ റിപ്പയറിംഗ്, അവശ്യ സാധനങ്ങളുടെ സജ്ജീകരണം എന്നീ പ്രവർത്തനങ്ങൾ നടത്തി. പദ്ധതി പ്ലാൻ ചെയ്യുമ്പോൾ തന്നെ അത് അറിഞ്ഞു ഈ സേവന പ്രവർത്തനത്തിന് വേണ്ട സഹായ സഹകരണങ്ങൾ ഉറപ്പാക്കാൻ പി ബിജു മുന്നോട്ട് വന്നത് ഈ സമയത്ത് ഓർക്കുന്നു.

ശ്രീ. പി ബിജുവിന്റെ അകാലത്തിലുള്ള ഈ വേർപാട്, പൊതു സമൂഹത്തിൽ വലിയൊരു വിടവ് സൃഷ്ഠിക്കുമെന്നതിൽ തർക്കമില്ല. ഒട്ടേറെ വികസന പദ്ധതികൾ ആസൂത്രണത്തിൽ ഉള്ള സമയത്താണ് വിധി ഇത്തരം ക്രൂരവിളയാട്ടം നടത്തിയത്. യുവാക്കളുടെ ദുരന്ത നിവാരണ സേന, സൗജന്യ സിവിൽ സർവ്വീസ് ക്ളാസുകൾ തുടങ്ങി അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയിലൂന്നിയുള്ള സംഭാവനകൾ എന്നും കേരള സമൂഹം സ്നേഹത്തോടെ ഓർത്തുവയ്ക്കും.

ശ്രീ. പി ബിജുവിന്റെ വിയോഗം നൗനെക്സ്റ്റിനെ സംബന്ധിച്ച് പരിഹരിക്കാൻ സാധിക്കാത്ത ഒരു നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ എന്നിവരുടെ ദുഃഖത്തിൽ നൗനെക്സ്റ്റും പങ്കാളികളാകുന്നു.

Team NowNext

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!