ഏള്‍ ഡിക്സണ്‍ (Earle Dickson) എന്ന പേര് നമുക്കത്ര പരിചിതമല്ല. എന്നാല്‍ അദ്ധേഹം നിര്‍മിച്ച ബാന്‍ഡ്-ഐഡ് (Band-Aid) നമ്മള്‍ക്ക് സുപരിചിതമാണ്. ചെറിയ മുറിവുകള്‍ക്ക് ലോകത്തെവിടെയും ഇന്ന് ബാന്‍ഡ്-ഐഡ് ഉപയോഗിക്കുന്നു.

1917 ലാണ് ഡിക്സണ്‍, ജോസ്ഫൈന്‍ ഫ്രാന്‍സിസ് നൈറ്റിനെ (Josephine Frances Knight) വിവാഹം കഴിക്കുന്നത്. അടുക്കള ജോലിക്കിടെ തന്റെ നവവധുവിന്‍റെ വിരലുകള്‍ക്ക് ഇടയ്ക്കിടെ മുറിവേല്‍ക്കുന്നത് ഡിക്സണ്‍ ശ്രദ്ധിച്ചു. അന്ന് ചെറിയ മുറിവുകള്‍ കെട്ടാന്‍ ഉപയോഗിച്ചിരുന്ന കോട്ടണ്‍ വലിപ്പകൂടുതല്‍ ഉള്ളതും ജോലികള്‍ക്ക് അല്‍പം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും ആയിരുന്നു. മാത്രമല്ല ഇവ പെട്ടന്ന് അഴിഞ്ഞുവീഴുകയും ചെയ്യും. ഇതിനൊരു പരിഹാരം കണ്ടെത്താനായി ഡിക്സന്‍റെ ശ്രമം. ശസ്ത്രക്രിയക്ക് ശേഷം ഉപയോഗിക്കുന്ന ടേപ്പുകളുടെ (Surgical Tapes) താഴെ ചെറിയ കനത്തില്‍ കോട്ടണിന്റെ കഷ്ണങ്ങള്‍ വെച്ച്, അതിനു മുകളില്‍ ഒരു ചെറിയ കമ്പികൊണ്ടുള്ള നൂൽ ഉപയോഗിച്ച് ചെറിയ മുറിവുകള്‍ക്ക് പാകമായ രീതിയിലുള്ള ഒരു ബാന്‍ഡ്-ഐഡ് ഡിക്സണ്‍ നിര്‍മിച്ചെടുത്തു. ചെറിയ മുറിവുകള്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പമുള്ള രീതിയില്‍ ആയിരുന്നു ഇതിന്‍റെ നിര്‍മിതി. ബാന്‍ഡ്-ഐഡിന്‍റെ ആദ്യ ഉപഭോക്താവായ ജോസ്ഫൈന്‍ തന്‍റെ ഭര്‍ത്താവിന്‍റെ കണ്ടുപിടുത്തത്തില്‍ പൂര്‍ണ്ണ സന്തുഷ്ടയായിരുന്നു.

Hands holding medical plasters realistic set Free Vector

ഡിക്സണ്‍ ഈ സമയത്ത് ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനിയില്‍ ജോലിചെയ്യുകയായിരുന്നു. തന്‍റെ കണ്ടുപിടുത്തത്തിന്‍റെ കാര്യം സഹപ്രവര്‍ത്തകരുമായി ഡിക്സണ്‍ പങ്കുവെച്ചു. സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി തന്‍റെ കണ്ടുപിടുത്തത്തെ ഡിക്സണ്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ മാനേജ്മെന്റിന് മുന്നില്‍ അവതരിപ്പിച്ചു. മാനേജ്മെന്റ് അധികാരികള്‍ അത്ര താല്പര്യം ബാന്‍ഡ്-ഐഡിനോട്‌ കാണിച്ചില്ല. എങ്കിലും ജെയിംസ്‌ വുഡ് ജോണ്‍സണ്‍ എന്ന മാനേജര്‍ക്ക് ബാന്‍ഡ്-ഐഡ് ഇഷ്ട്ടപെട്ടു.

കൈ കൊണ്ട് നിര്‍മിച്ചവയായിരുന്നു ആദ്യകാലത്ത് ബാന്‍ഡ്-ഐഡുകള്‍. പ്രതീക്ഷിച്ച സ്വീകാര്യത ഇവയ്ക്ക് ലഭിച്ചില്ല. മാര്‍ക്കെറ്റിങ്ങിന്‍റെ ഭാഗമായി സ്കൌട്ട് യൂണിറ്റുകള്‍ക്ക് സൗജന്യമായി ബാന്‍ഡ്-ഐഡ് വിതരണം ചെയ്ത് തുടങ്ങി. ഇതോടെ ജനങ്ങള്‍ പതിയെ ബാന്‍ഡ്-ഐഡ് ഉപയോഗിക്കാനും ഇഷ്ടപെടാനും തുടങ്ങി.

1924 മുതല്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ വ്യത്യസ്ഥ വലുപ്പത്തിലുള്ള ബാന്‍ഡ്-ഐഡുകള്‍ യന്ത്ര സഹായത്തോടെ നിര്‍മിക്കാന്‍ തുടങ്ങി. 1939 മുതല്‍ അണുവിമുക്തമാക്കിയ ബാന്‍ഡ്-ഐഡുകളും, 1958 മുതല്‍ വിനയല്‍ (vinyl) ഉപയോഗിച്ചുള്ള ബാന്‍ഡ്-ഐഡുകളും വിപണിയില്‍ എത്തിച്ചു.

ഏള്‍ ഡിക്സണ്‍ ഒടുവില്‍ ജോണ്‍സണ്‍ & ജോണ്‍സണന്‍റെ വൈസ് പ്രസിഡന്റ് പദവിയില്‍ വരെ എത്തുകയും 1957 ല്‍ വിരമിക്കുന്നത് വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. വിരമിച്ചതിനു ശേഷവും ഡിക്സണ്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ 1961 ല്‍ തന്‍റെ മരണം വരെ തുടര്‍ന്നു. ഏള്‍ ഡിക്സണ്‍ തന്‍റെ പത്നിക്ക് വേണ്ടി നിര്‍മിച്ച ബാന്‍ഡ്-ഐഡ് ഇന്ന് ഏകദേശം 30 ബില്ല്യന്‍ ഡോളറിന് ലോകമൊട്ടാകെ ഓരോ വര്‍ഷവും വിറ്റഴിച്ചുകൊണ്ടിരിക്കുന്നു.

 

Leave a Reply