വലിയ കപ്പലുകളെ ഓർക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുക ടൈറ്റാനിക്കും, എം എസ് ഹാര്‍മണിയും ഒക്കെയാകും. എന്നാല്‍ ഇത്തരം യാത്രക്കപ്പലുകളെ വലുപ്പത്തില്‍ എന്നും പിന്നിലാക്കിയിട്ടുണ്ട് ചരക്ക് കപ്പലുകള്‍. അതുകൊണ്ട് തന്നെ ലോകത്ത് ഇന്നേ വരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലിയ കപ്പലേതെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. അത് ജപ്പാന്‍റെ ഉടമസ്ഥതയില്‍ നിര്‍മിക്കപ്പെട്ട സീ വൈസ് ജയന്‍റ് ആണ്.

1979 ല്‍ ജപ്പാനിലെ ഒപ്പാമാ തുറമുഖത്ത് നിന്നു തുടങ്ങി 2010 ല്‍ ഗുജറാത്തിലെ അലാംഗ് തീരത്ത് യാത്ര അവസാനിപ്പിച്ച സീ വൈസ് ജയന്‍റ് ഇന്നും ലോകത്തെ ഏറ്റവും വലിയ കപ്പലായി തുടരുകയാണ്. ഏറ്റവും വലിയ കപ്പലാണെന്നത് മാത്രമല്ല 30 വര്‍ഷം നീണ്ട സേവനത്തിനിടയില്‍ സീ വൈസ് ജയന്‍റ് നേരിട്ട വെല്ലുവിളികള്‍ കൂടിയാണ് ഈ കപ്പലിനെ ശ്രദ്ധേയമാക്കുന്നത്. ഒരു തവണ ബോബ് സ്ഫോടനത്തെയും മൂന്നു തവണ ചുഴലിക്കാറ്റിനെയും അതിജീവിച്ച സീ വൈസ് ജയന്‍റ് ഒരിക്കല്‍ കടലിന്‍റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോയതാണ്. അവിടെ നിന്നു ഉയര്‍ത്തിയെടുത്ത ശേഷവും 21 വര്‍ഷം സീ വൈസ് സമുദ്രഭേദനം നടത്തി. ഇത്രയും കാലത്തിനിടയില്‍ അഞ്ചു തവണ പേരു മാറുക കൂടി ചെയ്തു എന്ന പ്രത്യേകതയും സീ വൈസ് ജയന്‍റിനുണ്ട്.

കപ്പലിന്‍റെ തുടക്കം തന്നെ അപശകുനത്തോടെയായിരുന്നു. 1979 ല്‍ ഒരു ഗ്രീക്ക് വ്യവസായിക്ക് വേണ്ടിയാണ് ജപ്പാനിലെ ഒപ്പാമ കപ്പല്‍ശാല സീ വൈസ് ജയന്‍റ് നിര്‍മിക്കുന്നത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായതിനൊപ്പം തന്നെ ഈ വ്യവസായി കടക്കെണിയിലായി. കപ്പല്‍ശാലയ്ക്ക് പണം നല്‍കാനില്ലാതെ വന്നതോടെ സീ വൈസ് ജയന്‍റ് ജനിച്ചത് തന്നെ അനാഥത്വത്തിലേക്കായിരുന്നു. പിന്നീട് രണ്ടു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു സീ വൈസ് ജയന്‍റിന് പുതിയ ഉടമകളെത്താന്‍.

ചൈനീസ് വ്യാപാരിയായ സി വൈ തുംഗ് ആണ് 1981 ല്‍ സീ വൈസ് ജയന്‍റിനെ ജാപ്പനീസ് നിര്‍മാതാക്കളില്‍ നിന്നു വാങ്ങുന്നത്. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ 1482 അടിയായിരുന്നു സീ വൈസ് ജയന്‍റിന്‍റെ നീളം. ഈ നീളത്തിലും ലോകത്തിലെ ഏറ്റവും വലിയ കപ്പലായിരുന്നു സീ വൈസ് എങ്കിലും തുംഗ് കപ്പലിന്‍റെ നീളം 18 അടി കൂടി വര്‍ദ്ധിപ്പിച്ചു. ഇതോടെ സീ വൈസിന്‍റെ വലുപ്പം 1500 അടി നീളവും 220 അടി വീതിയിലും എത്തി. തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ നിന്ന് അമേരിക്കയിലേക്ക് എണ്ണ കയറ്റുമതിക്കായി കപ്പല്‍ ഉപയോഗിക്കാനാരംഭിച്ചു.

Photo credit: www.soidergi.com

1988 ല്‍ ഇറാനെതിരെ ഇറാഖിന്‍റെ അപ്രതീക്ഷിത ആക്രമണമുണ്ടായത് സീ വൈസ് ജയന്‍റിന്‍റെ കഥയില്‍ അടുത്ത നാടകീയ വഴിത്തിരിവിന് കാരണമായി. ഇറാന്‍ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന സീ വൈസ് ജയന്‍റിന് നേരെ ഇറാഖ് സൈന്യം ബോംബ് വര്‍ഷിച്ചു. ബോബാക്രമണത്തില്‍ സമ്പൂര്‍ണമായി കത്തി നശിച്ച കപ്പല്‍ ഇറാന്‍ തുറമുഖത്തിന്‍റെ അടിത്തട്ടിലേക്ക് ആഴ്ന്നു. കടലിന്‍റെ അടിത്തട്ടിലമര്‍ന്ന് ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും കപ്പൽ ഒരു നോര്‍വീജിയന്‍ കമ്പനി തുച്ഛവിലക്ക് സ്വന്തമാക്കി. ഇവര്‍ കടലിന്‍റെ അടിത്തട്ടില്‍ നിന്ന് സീ വൈസിനെ പൊക്കിയെടുത്തു. തുടര്‍ന്ന് സിംഗപ്പൂരിലേക്ക് അറ്റകുറ്റപ്പണികള്‍ക്കയച്ചു. 3700 ടണ്‍ സ്റ്റീലാണ് ഈ അഴിച്ചു പണിയുടെ ഭാഗമായി സീ വൈസ് ജയന്‍റില്‍ നിന്നു മാറ്റി പുതിയത് സ്ഥാപിച്ചത്.

നോര്‍വീജിയന്‍ ഉടമകള്‍ സീ വൈസ് ജയന്‍റിന് ഹാപ്പി ജയന്‍റ് എന്ന പുതിയ പേര് നല്‍കി. 1991ൽ പുതിയ നാമം സ്വീകരിച്ച് ഹാപ്പി ജയന്‍റ് വീണ്ടും വിപണിയിലേക്കെത്തി. തുടര്‍ന്ന് കപ്പല്‍ വ്യവസായ ഭീമനായ ജോര്‍ഗന്‍ ജാഹ്റെ ഹാപ്പി ജയന്‍റിനെ 3 കോടി യൂറോയ്ക്ക് സ്വന്തമാക്കി. ഒപ്പം ഹാപ്പി ജയന്‍റിന് പുതിയൊരു പേരും ലഭിച്ചു, ജാഹ്റെ വിക്കിങ്.

2001 ന് ശേഷം എണ്ണകയറ്റുമതിക്ക് പകരം മറ്റു പല വ്യാപാരങ്ങള്‍ക്കും ഈ കപ്പല്‍ ഉപയോഗിച്ച് തുടങ്ങി. 2004 ആയപ്പോഴേക്കും അമിത ചെലവ് മൂലം കപ്പല്‍ നോര്‍വേയിലെ തന്നെ ഫസ്റ്റ് ഓല്‍സണ്‍ ടാങ്കേഴ്സിന് വിറ്റു. ഇവിടെ വച്ച് ക്നോക് നേവിസ് എന്ന പേര് കപ്പലിന് ലഭിച്ചു.

ചരക്കു കടത്തുന്നത് അമിതചിലവായി വന്നതോടെ ഖത്തറിലെ ഒരു എണ്ണഖനിയില്‍ പെട്രോളിയം സൂക്ഷിക്കാനുള്ള സംഭരണിയായ ക്നോക് നേവിസ് ഉപയോഗിക്കാന്‍ തുടങ്ങി. 6 വര്‍ഷത്തിന് ശേഷം ഒരിക്കല്‍ കൂടി ക്നോക് നേവിസ് കടല്‍ യാത്ര നടത്തി. ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഈ യാത്ര ക്നോക് നേവിസിന്‍റെ അവസാനയാത്രയായിരുന്നു.

കൂടുതല്‍ സംഭരണ ശേഷിയുള്ള ചെറുകപ്പലുകള്‍ നിര്‍മിക്കപ്പെടുന്ന ഈ കാലത്ത് ഇനിയൊരു സീ വൈസ് ജയന്‍റ് ഉണ്ടാകാനിടയില്ല. ഇത്ര വലിയ കപ്പല്‍ നിര്‍മിച്ചാലും അത് സംരക്ഷിക്കാനുള്ള ബാധ്യതയും, ചരക്ക് നീക്കത്തിന്  വലിയ കപ്പലുകളെ ഓർക്കുമ്പോൾ അതുപയോഗിച്ചാലുണ്ടാകുന്ന പാഴ്ചിലവുമാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ലോകത്ത് തന്നെ നിര്‍മിക്കപ്പെട്ട ഏറ്റവും വലിയ കപ്പലായി സീവൈസ് ജയന്‍റ് എല്ലാ കാലത്തേക്കും തുടരാനാണ് സാധ്യത.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!