വർഷങ്ങൾക്ക് മുൻപേ കൊച്ചി തുറമുഖത്ത് നില നിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു ചാപ്പ. തൊഴിലവസരം വിഭജിക്കുന്നതിനുള്ള ഒരു നടപടിക്രമമായിരുന്നു ഇത്. സ്റ്റീവ്ഡോർസ് എന്നറിയപ്പെടുന്ന തൊഴിലുടമകൾ, കങ്കാണി (തണ്ടേലാൻ) യെ ചാപ്പ എറിയാൻ ചുമതലപ്പെടുത്തും. ലോഹം കൊണ്ടുണ്ടാക്കിയ ടോക്കനാണ് ചാപ്പ. ഇത് കിട്ടുന്നവർക്ക് ജോലിക്ക് കയറാം എന്നതായിരുന്നു ഈ സമ്പ്രദായത്തിന്റെ പ്രതേകത. ഇത് നിത്യേന ആവർത്തിക്കപ്പെടും.

കങ്കാണിയുടെ വീട്ടിൽ ദാസ്യവേല ചെയ്തും, കൈക്കൂലി നൽകിയും മറ്റും ചിലർ ചാപ്പ മുൻകൂട്ടി വാങ്ങുന്ന പതിവുമുണ്ടായിരുന്നു. യാതൊരു ആനുകൂല്യങ്ങളുമില്ലാത്ത ഒരു ദിവസത്തെ തൊഴിലിന് വേണ്ടി ആത്മാഭിമാനം നഷ്ടപ്പെടുത്തിയാണ് അന്ന് തുറമുഖ തൊഴിലാളികൾ ചാപ്പ നേടിയിരുന്നത്. ചാപ്പ നേടുന്നതിനായി പരക്കം പായുകയും തമ്മിലടിക്കുകയും ചെയ്യുന്ന തൊഴിലാളികളെ, വിനോദമെന്നവണ്ണം വീക്ഷിക്കുന്നതിന് കങ്കാണികളും; മുതലാളിമാരും അവരുടെ കുടുംബവും വന്നുനിൽക്കാറുണ്ടായിരുന്നു.

അടിമത്വ സമ്പ്രദായത്തിന് സമാനമായിരുന്നു അന്ന് തൊഴിൽ, തൊഴിലവകാശം എന്നൊന്നുണ്ടായിരുന്നില്ല.

അരനൂറ്റാണ്ട് ആയിട്ടും കൊച്ചിയിൽ ഒരുദിന തൊഴിൽ സമയം 12 മണിക്കൂറായിരുന്നു. രണ്ട് രൂപയായിരുന്നു അതിന് കൂലി. രാത്രി കൂടിചേർത്ത് 24 മണിക്കൂർ തുടർച്ചയായി തൊഴിൽ ചെയ്താൽ അഞ്ച് രൂപ കൂലി. ബോംബെ, കൽക്കട്ട തുറമുഖങ്ങളിൽ 25 പേരടങ്ങുന്ന ഗാങ്ങ് ചെയ്യുന്ന ജോലി ഇവിടെ 16 പേർ ചെയ്തു തീർക്കണമായിരുന്നു. എന്നിട്ടും തൊഴിലാളികളുടെ എണ്ണം പെരുകിയപ്പോൾ തൊഴിലുടമകൾ കൂലി പകുതിയായി കുറച്ച് അതിനീചമായ ചൂഷണം തുടങ്ങി. ഈ ചൂഷണത്തിന്റെ ഭാഗമായിരുന്നു ചാപ്പ സമ്പ്രദായം.

പ്രാകൃതമായ ഈ സമ്പ്രദായത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങൾ ഉറവിടുത്ത് തുടങ്ങി.

ഈ  സാഹചര്യത്തിലാണ് ഇതിന് അറുതി വരുത്തണമെന്ന് അന്നത്തെ തൊഴിലാളി പ്രവർത്തകർ തീരുമാനിച്ചത്. അങ്ങനെ 1946 മെയ് 12-ന് തുറമുഖ തൊഴിലാളികൾ യോഗം ചേർന്ന് യൂണിയൻ ഉണ്ടാക്കി, ‘കൊച്ചിൻ പോർട്ട് കാർഗോ ലേബർ യൂണിയൻ’. യൂണിയൻ തൊഴിലാളികളിൽ അവകാശേബാധം സൃഷ്ടിച്ചതോടെ ചൂഷണത്തിന്റെ തോത് കുറഞ്ഞു. ഇതേ തുടർന്ന് തൊഴിലാളികളിൽ ഭിന്നിപ്പുണ്ടാക്കാൻ കങ്കാണിമാരുടെ സഹായത്തോടെ തൊഴിലുടമകൾ നീക്കം തുടങ്ങി. തൊഴിലുടമകൾ സർക്കാറിൽ സ്വാധീനം ചെലുത്തി. തൊഴിലാളികളുടെ സംഘബോധത്തിന് മുന്നിൽ മുട്ടുമടങ്ങിത്തുടങ്ങിയ തൊഴിലുടമകൾ യൂണിയൻ തകർക്കാൻ മറ്റൊരു തന്ത്രം കൂടി പുറത്തെടുത്തു. ചാപ്പ കൊടുക്കാനുള്ള അവകാശം യൂണിയൻ നേതാക്കൾക്ക് നൽകാമെന്ന് പ്രഖ്യാപിച്ചു.

നേതൃത്വത്തിന് മുന്നിൽ തൊഴിലാളികളെ അടിമകളെപ്പോലെ നിർത്താമന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. ആ നേതാക്കളെ വിലക്കെടുത്താൽ സംഗതി എളുപ്പമാവുമെന്നും അവർ കരുതി. എന്നാൽ ഇതിനെ നേതാക്കൾ എതിർത്തു. ചാപ്പ സമ്പ്രദായം നിർത്തലാക്കി പകരം തൊഴിലാളികളെ മസ്റ്റർ റോൾ ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതിനായി ഡോക്ക്ലേബർ ബോർഡ് രൂപവത്ക്കരിക്കണമെന്നും നിർദേശിച്ചു. എല്ലാത്തരം തൊഴിൽ ചൂഷണങ്ങളും അവസാനിപ്പിക്കാൻ ഇതാണ് ശരിയായ വഴിയെന്നും വാദിച്ചുപോന്നു. അന്നത്തെ കേന്ദ്ര സർക്കാറിൽ നിർണായക സ്വാധീനമുണ്ടായിരുന്ന യൂണിയൻ ചാപ്പ കൊടുക്കാനുള്ള അവകാശം സ്റ്റീവ്ഡോർസ് നിന്നും സ്വന്തമാക്കി. ഈ നടപടിയിലൂടെ തുറമുഖ തൊഴിലാളികളെ വിഭജിച്ചെടുക്കുന്നതിൽ തൊഴിലുടമകൾ വിജയിച്ചു.

1953 ജൂൺ ഒന്നുമുതൽ മട്ടാഞ്ചേരിയിൽ സംഘടിത തൊഴിലാളി വർഗം സമരം ആരംഭിച്ചു. ചാപ്പ സമ്പ്രദായം അവസാനിപ്പിക്കുക എന്ന മിനിമം ആവശ്യമാണ് അവർ ഉന്നയിച്ചത്. സമരം 74 ദിവസം പിന്നിട്ട ആഗസ്ത് 14-ന് ‘എസ്.എസ്. സാഗർവീണ’ എന്ന ചരക്ക് കപ്പൽ തുറമുഖത്ത് നങ്കൂരമിട്ടു. ബാൻജി ജേവത്ത് ഖോന (ബി.ജെ. ഖോന) എന്ന ഗുജറാത്തിയായിരുന്നു ആ കപ്പലി​​ന്റെ സ്റ്റീവ്ഡോർ. ആ കപ്പലിലെ തൊഴിലിന് ചാപ്പ കൊടുക്കാനുള്ള അവകാശം അവർ കുറച്ച് പേർക്ക് പതിച്ച് നൽകി. ചാപ്പ നിലനിർത്തുക എന്നതായിരുന്നു തൊഴിലുടമകളുടെ ആത്യന്തിക ലക്ഷ്യം. അതിന് യൂണിയനെ അവർ കരുവാക്കുകയും ചെയ്തു. ഇതോടെ സ്റ്റീവ്ഡോറി​​ന്റെ ബസാറിലെ കമ്പനി ഉപരോധിക്കാൻ തൊഴിലാളികൾ തീരുമാനിച്ചു. തൊഴിലാളികൾ പിന്മാറാതെ സമരരംഗത്ത് നിലയുറപ്പിച്ചു. പിറ്റേന്ന് രാവിലെ ആറ് മണിക്ക് കരിപ്പാലം മൈതാനിയിൽ സമ്മേളിച്ച് അവിടെ നിന്ന് പ്രകടനമായാണ് അവർ സമരമുഖത്തേക്ക് നീങ്ങിയത്. കമ്പനിയുടെ കവാടത്തിനരികെ നടന്ന ആ ചെറുത്ത്നിൽപ്പ് വെടിവെപ്പിലാണ് കലാശിച്ചത്. മട്ടാഞ്ചേരിയുടെ സമരഭൂമികയിൽ ഇന്നും ചാപ്പ സമ്പ്രദായത്തിന്റെ ചരിത്രം തളംകെട്ടി നിൽപ്പുണ്ട്. അവിടെ മുന്നേറിയ ആ ധീരന്മാരുടെ കാലടിപ്പാടുകൾ കാലം കെടാതെ കാത്തു വെച്ചിട്ടുണ്ട്.

ഒമ്പത് വർഷം കൂടി നിണ്ടുനിന്ന ആവശ്യത്തിനൊടുവിൽ 1962 ൽ കൊച്ചിൻ ഡോക്ക്ലേബർ ബോർഡ് രൂപവത്ക്കരിക്കാൻ അധികൃതർ തയാറായി. പൊരുതി നേടിയ വിജയത്തിൽ അവർ തൊഴിലിടത്തി​​ന്റെ മഹാത്മ്യം തിരിച്ചറിഞ്ഞു. 12000 തൊഴിലാളികൾ ഈ ബോർഡിൽ രജിസ്റ്റർ ചെയ്തു. ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണം സ്റ്റീവ്ഡോറമാർ ബോർഡിനെ അറിയിക്കുകയും,  ബോർഡ് നിര വ്യവസ്ഥയിൽ തൊഴിലാളികളെ നൽകുകയും ചെയ്യുന്ന സമ്പ്രദായം ആരംഭിച്ചു. ഡോക്ക് ലേബർ ബോർഡ് പിന്നീട് കൊച്ചിൻ പോർട്ടിന്റെ ഭാഗമാക്കിയപ്പോൾ ബോർഡ് ലേബർ ഡിവിഷൻ എന്നാണ് അറിയപ്പെടുന്നത്.

ഈ ചരിത്രപ്രധാനമായ സമ്പ്രദായത്തെ മുൻ നിർത്തിക്കൊണ്ട് രാജീവ് രവി സംവിധാനം ചെയ്യുന്ന “തുറമുഖം” എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. നിവിൻ പോളിയാണ് നായകനായി എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!