സൂപ്പര്‍ ഹീറോസ് മൃഗങ്ങള്‍ സിനിമയിലും കഥയിലുമെല്ലാം സാധാരണമാണ്. എന്നാല്‍ സൂപ്പര്‍ ഹീറോ ആയ ഒരു എലിയുണ്ട്. മഗാവ എന്ന് പേരുള്ള ധീരനായ എലി ഗോള്‍ഡ് മെഡല്‍ അവാര്‍ഡ് നേടിയ ജീവിയാണ്. ഒരു ലാൻഡ്‌മൈൻ ഡിറ്റന്‍ഷന്‍ റാറ്റ് ആണ് മഗാവ. അതായത് ഭൂമിക്കടിയില്‍ പൊട്ടാതെ കിടക്കുന്ന മൈനുകള്‍ തിരിച്ചറിയുന്ന എലി. കംബോഡിയയില്‍ മനുഷ്യരുടെ ജീവന്‍ രക്ഷിക്കുന്ന മഗാവയ്ക്ക് പി.ഡി.എസ്.എ (People’s Dispensary for Sick Animals) ധീരതയ്ക്കും , ജോലിയോടുള്ള അര്‍പ്പണമനോഭാവത്തിനുമുള്ള ആദരപൂര്‍വം ഗോള്‍ഡ് മെഡല്‍ സമ്മാനിക്കുകയായിരുന്നു. 77 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മൃഗത്തിന് പിഡിഎസ്എ അവാര്‍ഡ് ലഭിക്കുന്നത്. ടാന്‍സാനിയയില്‍ APOPO എന്ന എന്‍ ജി ഒ -യാണ് ലാന്‍ഡ്‌മൈനുകള്‍ കണ്ടെത്തുന്നതിനായി മഗാവയെ പരിശീലിപ്പിച്ചെടുത്തത്. വളരെ ചെറിയ പ്രായത്തിലാണ് മഗാവയെ ലാന്‍ഡ്‌മൈനുകള്‍ കണ്ടെത്തുന്നതിനായി പരിശീലിപ്പിക്കാന്‍ തുടങ്ങിയത്. അതിനുശേഷമുള്ള ടെസ്റ്റുകളിലെല്ലാം വിജയിച്ചാണ് മഗാവ ജോലിയില്‍ പ്രവേശിച്ചത്.

1970 മുതല്‍ ആറ് മില്ല്യണ്‍ ലാന്‍ഡ്‌മൈനുകള്‍ കംബോഡിയയില്‍ മാത്രം പൊട്ടാതെ കിടപ്പുണ്ടായിരുന്നു. അതില്‍ മൂന്നു മില്ല്യണെങ്കിലും ഇനിയും കണ്ടെത്താനുണ്ട്. അറുപതിനായിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് ഈ ലാന്‍ഡ്‌മൈനുകളില്‍ നിന്നും പരിക്കേറ്റിരിക്കുന്നത്. അത് കണ്ടെത്തി നിര്‍വീര്യമാക്കുന്ന ജോലി സജീവമായി നടക്കുന്നുണ്ട്. അവിടെയാണ് മഗാവ ജീവിക്കുന്നതും ജോലി ചെയ്യുന്നതും. അതില്‍ വളരെ വിജയകരമായി പ്രവര്‍ത്തിക്കുന്ന അംഗം കൂടിയാണ് മഗാവ. മനുഷ്യരായ സഹപ്രവര്‍ത്തകര്‍, ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കുന്ന ജോലി വെറും അര മണിക്കൂറിനുള്ളില്‍ മഗാവ പൂര്‍ത്തിയാക്കുന്നു. ലാന്‍ഡ്‌മൈന്‍ ഉണ്ട് എന്ന് മനസിലാക്കിക്കഴിഞ്ഞാല്‍ ഉടനെത്തന്നെ മഗാവ സിഗ്‌നല്‍ കൈമാറും. എവിടെ നിന്നാണ് മഗാവ സിഗ്‌നല്‍ തരുന്നതെന്ന് അവര്‍ കൃത്യമായി മനസിലാക്കുകയും ആ ലാന്‍ഡ്‌മൈന്‍ നശിപ്പിച്ചുകളയുകയുമാണ് ചെയ്യുന്നത്. പ്രദേശത്തെ ജനങ്ങള്‍ക്കായി ഇങ്ങനെ 141,000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലമാണ് മഗാവ സുരക്ഷിതമാക്കി നല്‍കിയത്. മനുഷ്യരുടെ നല്ല ഭാവിക്കായി ഒരു കുഞ്ഞുജീവിക്ക് പോലും ചിലപ്പോള്‍ വലിയ കാര്യങ്ങള്‍ ചെയ്യാനാവും എന്ന് തെളിയിക്കുകയാണ് മഗാവ. മാത്രവുമല്ല, സഹപ്രവര്‍ത്തകരെ അപേക്ഷിച്ച് ഏറ്റവും വിജയകരമായി ജോലി ചെയ്യുന്ന അംഗം കൂടിയാണ് മഗാവ. അതിനുള്ള അംഗീകാരം കൂടിയാണ് ഈ ഗോള്‍ഡ് മെഡല്‍.

Photo Credit : production livingdocs bluewin

ഓരോ തവണ ലാന്‍ഡ്‌മൈന്‍ മഗാവ കണ്ടെത്തി വിവരം നല്‍കുമ്പോഴും എത്രയോ ആളുകളാണ് മരണത്തില്‍ നിന്നും രക്ഷപ്പെടുന്നത്. കംബോഡിയ ലോകത്തിലെ തന്നെ ലാൻഡ്‌മൈനുകൾ കാരണം അപകടം പറ്റിയ ജനങ്ങള്‍ ഏറിയ പങ്കും താമസിക്കുന്ന ഇടങ്ങളിലൊന്നാണ്. ഏതായാലും വിരമിക്കുന്നതുവരെ മഗാവ തന്റെ ജോലി ഇതുപോലെ ആത്മാര്‍ത്ഥമായും, ധീരമായും ചെയ്യുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. വിരമിച്ച ശേഷം അവന് വിശ്രമജീവിതം നയിക്കാം. ബ്രിട്ടീഷ് ചാരിറ്റി സിവിലിയന്‍ അവാര്‍ഡ് ആണ് മഗാവ എന്ന് പേരുള്ള ഇത്തിരിക്കുഞ്ഞന്‍ എലി സ്വന്തമാക്കിയിരിക്കുന്നത്.

1917-ല്‍ സ്ഥാപിച്ച PDSA പീപ്പിള്‍സ് ഡിസ്പെന്‍സറി ഫോര്‍ സിക്ക് അനിമല്‍സ് ആണ് 1943 മുതല്‍ ജന്തുലോകത്ത് ധീരമായ കാര്യങ്ങള്‍ ചെയ്യുന്ന മൃഗങ്ങള്‍ക്കായി ഈ അവാര്‍ഡ് ആരംഭിച്ചത്. PDSA അവാര്‍ഡ് നേടുന്ന ആദ്യ എലിയാണ് മഗാവ. രണ്ടാംലോക മഹായുദ്ധത്തില്‍ സ്ഥാപിക്കപ്പെട്ടു എന്ന് കരുതുന്ന 39 ലാന്‍ഡ് മൈനുകളും, 28 പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള പദാര്‍ത്ഥങ്ങളും കണ്ടുപിടിക്കാന്‍ അധികൃതരെ മഗാവ കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ സഹായിച്ചിട്ടുണ്ട്.

2014 നവംബര്‍ 5-ന് ടാന്‍സാനിയയില്‍ ജനിച്ച ആഫ്രിക്കന്‍ പൗച്ഡ് റാറ്റ് ഇനത്തില്‍പെട്ട ഏലിയാണ് മഗാവ. 70 സെന്റിമീറ്റര്‍ നീളവും, 1.23 കിലോഗ്രാം ഭാരവുമുള്ള മഗാവയെ പിന്നീട് ബെല്‍ജിയന്‍ സംഘടനയായ APOPO പരിശീലനം നല്‍കി. കംബോഡിയ, അംഗോള, സിംബാബെ, മൊസാമ്പിക് തുടങ്ങിയ രാജ്യങ്ങളിലെ ലാന്‍ഡ് മൈനുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്നതില്‍ വ്യാപൃതരായ സംഘടനയാണ് APOPO. APOPO പരിശീലനം നല്‍കിയതില്‍ ഏറ്റവും വിജയം നേടിയ ഏലിയാണ് മഗാവ. 20 ഫുട്‌ബോള്‍ ഫീല്‍ഡുകള്‍ക്ക് തുല്യമായ 1.41 ലക്ഷം ചതുരശ്ര മീറ്ററിലധികം സ്ഥലത്തെ മൈനുകള്‍ കണ്ടെത്താന്‍ മഗാവ സഹായിച്ചിട്ടുണ്ട്.

നിശ്ചയദാര്‍ഢ്യമുള്ള ജോലിക്കാരനും, എല്ലാവരോടും ഇണങ്ങുന്ന കൂട്ടത്തിലുമുള്ള കക്ഷിയാണ് മഗാവ എന്ന് PDSA നിരീക്ഷിച്ചു. തീരുമാനങ്ങള്‍ പെട്ടെന്നെടുക്കാനുള്ള വൈദഗ്ധ്യമാണ് മഗാവയെ വ്യത്യസ്തനാക്കുന്നത്. ഇടവേളയില്‍ ലഘുഭക്ഷണം കഴിക്കാനും മഗാവയ്ക്ക് ഏറെ ഇഷ്ടമാണ്. ലാൻഡ്‌മൈനുകൾ കണ്ടെത്തിയാല്‍ തന്റെ പ്രിയപ്പെട്ട വാഴപ്പഴം തനിക്ക് ലഭിക്കുമെന്ന് മഗാവയ്ക്ക് നന്നായറിയാം. നിലക്കടല, തണ്ണിമത്തന്‍ എന്നിവയും മഗാവയ്ക്ക് ഏറെ ഇഷ്ടമാണ്. മഗാവയ്ക്ക് മുന്‍പ് PDSA ഗോള്‍ഡ് അവാര്‍ഡ് നേടിയത് എല്ലാം പട്ടികള്‍ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!