Siva Kumar
Management Skills Development Trainer, Dubai

വീഴുന്നതല്ല, മറിച്ച് വീണിടത്ത് നിന്നും എഴുന്നേല്‍ക്കാത്തതാണ് യഥാര്‍ത്ഥ പരാജയം. പ്രതിസന്ധികളില്‍ പൊരുതുന്നവര്‍ക്കുള്ളതാണ്, വിജയങ്ങളും നേട്ടങ്ങളും. സോയ്ചീറോയുടെ ജീവിതം, കഥയല്ല ഒരു  സംഭവമാണ്,

ജീവിത വഴിയിലെ പ്രശ്‌നങ്ങളില്‍, തടഞ്ഞു നില്‍ക്കാത്തവരോ, പ്രതിസന്ധികളില്‍ തട്ടി വീഴാത്തവരോ, ആയി ആരും തന്നെയുണ്ടാവില്ല. പക്ഷേ, ചിലര്‍ ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതായി കാണുമ്പോള്‍ ഒരു വലിയ വിഭാഗം  ജീവിക്കാന്‍ വേണ്ടി മാത്രമുള്ള  ജീവിത സമരത്തിലുമാണ്. പണ്ഡിതനെന്നോ, പാമരനെന്നോ, സമ്പന്നനെന്നോ, ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരു തരത്തിലല്ലെങ്കില്‍, മറ്റൊരു തരത്തില്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരും, അഭിമുഖീകരിച്ചവരുമാണ് എന്ന യാഥാര്‍ത്ഥ്യം, സ്വന്തം പ്രശ്‌നങ്ങളെ പര്‍വ്വതീകരിച്ച് കാണുന്നവര്‍ മനസ്സിലാക്കിയാല്‍ പ്രതിസന്ധികള്‍ വഴി മാറുന്നത് അനുഭവത്തില്‍ കാണാം.

ജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയവരുടെ ജീവിതം അറിഞ്ഞാല്‍  മാത്രമേ, അവര്‍ നേരിട്ട പ്രശ്‌നങ്ങളുടെ ബാഹുല്യവും, അതിജീവിച്ച പ്രതിസന്ധികളും നടന്നു തീര്‍ത്ത കനല്‍വഴികളും മനസ്സിലാക്കാന്‍ നമ്മുക്ക് സാധിക്കുകയുള്ളു. അത്തരത്തില്‍ ഒരാളാണ് സോയ്ചീറോ.

സോയ് ചീറോ എന്ന ചെറുപ്പക്കാരന്റെ സ്വപ്നം ഏവരെയും പോലെ, ജപ്പാനിലെ  പ്രശ്‌സ്തമായ ടൊയോട്ട കമ്പനിയില്‍ ജോലി നേടുക എന്നതായിരുന്നില്ല. മറിച്ച് ടൊയോട്ട കമ്പനിക്ക് യന്ത്രഭാഗങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഒരു കരാറുകാരനാവുക,  അഥവാ  സംരംഭകനാവുക  എന്നതായിരുന്നു.

Picture credit : 4.bp.blogspot.com

സ്വപ്ന പദ്ധതിക്കായി, ഭാര്യയുടെ ആഭരണമടക്കം വിറ്റുകിട്ടിയ പണം കൊണ്ട്, കാര്‍ എന്‍ജിന്റെ പിസ്റ്റണ്‍ റിംഗ് എന്ന ഭാഗം നിര്‍മ്മിച്ചു നല്‍കുന്ന ഒരു പ്ലാന്റ് സ്ഥാപിക്കാന്‍ അദ്ധേഹത്തിന് കഴിഞ്ഞു. ഇരുമ്പു പണിക്കാരനായിരുന്ന അച്ഛന്റെ ആലയിലെ ജോലി പരിചയം മുതലാക്കി പിസ്റ്റണ്‍ റിംഗുകള്‍ നിര്‍മ്മിച്ചെങ്കിലും ടൊയോട്ട കമ്പനി നിഷ്‌ക്കര്‍ഷിച്ച  ഗുണനിലവാരം പുലര്‍ത്താന്‍ പലവട്ടം ശ്രമിച്ചിട്ടും സാധിക്കുകയുണ്ടായില്ല.

സംരംഭം പരാജയമായെങ്കിലും,  പിന്‍മാറാന്‍ സോയ്ചീറോ ഒരുക്കമായിരുന്നില്ല. രണ്ടു വര്‍ഷത്തോളം ലോഹ സങ്കരങ്ങളെക്കുറിച്ച്  പോളിടെക്‌നിക്കില്‍ ചേര്‍ന്ന്  പഠിച്ച്, പുതിയ രീതിയില്‍  നിര്‍മ്മിച്ച, പിസ്റ്റണ്‍ റിംഗിന്റെ  സാംപിള്‍  ടൊയോട്ട കമ്പനി അംഗീകരിച്ചു.

തുടര്‍ന്ന് 30,000 റിംഗുകളുടെ ഓര്‍ഡര്‍ നേടിയെടുത്ത, സോയ്ചീറോ തന്റെ പ്ലാന്റ് വിപുലപ്പെടുത്തി നിര്‍മ്മാണവും തുടങ്ങി. പക്ഷേ, ആ സമയത്ത്  തന്നെ, ഒരു കാര്‍ റേസില്‍ പങ്കെടുത്ത ഡോയ് ചീറോ, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായി.

ആശുപത്രി കിടക്കയില്‍ വച്ചാണ് തന്റെ കമ്പനി നിര്‍മ്മിച്ച 30,000 റിംഗുകളില്‍ വെറും 3 എണ്ണം മാത്രമേ, ടൊയോട്ട കമ്പനി  ഗുണനിലവാരം പരിശോധിച്ച്   അംഗീകരിച്ചുള്ളു, എന്ന സത്യം സോയ് ചീറോ അറിയുന്നത്.  കമ്പനിയുടെ സാമ്പത്തിക നഷ്ടവും, ഇനിയെന്ത് എന്ന ചോദ്യവും  ഒരു വശത്ത്. മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന ചികിത്സയും ആശുപത്രി വാസവും മറുവശത്ത്. ആരായാലും തളര്‍ന്നു പോകുന്ന സാഹചര്യം.

പക്ഷേ ജീവിതവഴിയില്‍ വീണുപോയെന്ന് കരുതി, അവിടെ തന്നെ കിടക്കാന്‍ സോയ്ചീറോ ഒരുക്കമായിരുന്നില്ല. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ അദ്ധേഹം, നിര്‍മ്മാണത്തില്‍ പറ്റിയ പിഴവുകള്‍ പരിഹരിച്ച്, ടൊയോട്ട കമ്പനിയുടെ ഓര്‍ഡര്‍ വീണ്ടും നേടിയെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.

മാത്രവുമല്ല, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, ടൊയോട്ട കമ്പനി ഉപയോഗിക്കുന്ന പിസ്റ്റണ്‍ റിംഗുകളില്‍, 40 ശതമാനവും സപ്ലെ ചെയ്യുന്ന നിലയിലേക്ക് അദ്ധേഹത്തിന്റെ സ്ഥാപനം  വളര്‍ന്നു.

ഇങ്ങിനെ, കാര്യങ്ങള്‍ നല്ല രീതിയില്‍ പോകുമ്പോഴാണ്, രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യുദ്ധത്തില്‍ അമേരിക്കന്‍ വിമാനം  വര്‍ഷിച്ച ബോംബ് വീണ് സോയ് ചീറോയുടെ പിസ്റ്റണ്‍ റിംഗ് കമ്പനി തകര്‍ന്നു പോയി.  പക്ഷേ വീഴ്ചകളില്‍ തളരാത്ത സോയ് ചീറോ, യുദ്ധം കഴിഞ്ഞയുടന്‍  മറ്റൊരു നഗരത്തില്‍ പുതിയ കമ്പനി സ്ഥാപിച്ച് വീണ്ടും പ്രവര്‍ത്തനം തുടങ്ങി.

പക്ഷേ, കഷ്ടകാലം അദ്ധേഹത്തെ വിടാന്‍ ഒരുക്കമല്ലായിരുന്നു. ഒരു വര്‍ഷത്തിനകം തന്നെ, പുതിയതായി നിര്‍മ്മിച്ച  ഫാക്ടറി, ജപ്പാനിലുണ്ടായ  ഭൂകമ്പത്തില്‍ തകര്‍ന്ന് തരിപ്പണമായി. അവസാനം ഫാക്ടറി സാധനങ്ങള്‍ എല്ലാം ആക്രി വിലക്ക്,  ടൊയോട്ട കമ്പനിക്ക് നല്‍കി, കിട്ടിയ കാശുമായി സോയ് ചീറോ സ്വന്തം  ഗ്രാമത്തിലെത്തി.

സോയ്ചീറോ തളര്‍ന്നെന്നും,  തകര്‍ച്ച പൂര്‍ണ്ണമായെന്നും,  എല്ലാവരും  തന്നെ കരുതി. യുദ്ധാനന്തര മാന്ദ്യത്തിലും, ക്ഷാമത്തിലും പെട്ടുഴലുന്ന ജപ്പാനില്‍, പുതിയ ബിസിനസ്സ് സാദ്ധ്യതകള്‍ വളരെ കുറവായിരുന്നു.

പക്ഷേ, ജീവിതത്തില്‍ വീഴ്ചകള്‍ സ്വാഭാവികമാണെന്നും, വീണ്ടും എണീക്കാതിരിക്കുന്നതാണ് പരാജയമെന്നും വിശ്വസിച്ചിരുന്ന സോയ് ചീറോ, പ്രതിസന്ധികള്‍ നല്‍കുന്ന സാദ്ധ്യതകളിലേക്ക് ശ്രദ്ധയൂന്നി.

പെട്രോള്‍ ക്ഷാമവും, സാമ്പത്തിക പരാധീനതയും മൂലം, കാറുകള്‍ ഉള്ള മിക്കവരും സൈക്കിളിലേക്ക് മാറിയ കാലമായിരുന്നു അത്. ഒരു ചെറിയ എന്‍ജിന്‍ സൈക്കിളില്‍ പിടിപ്പിച്ചാല്‍, അതിന് വന്‍ ഡിമാന്റ് ഉണ്ടാവുമെന്ന് കണക്കുകൂട്ടിയ അദ്ധേഹം, അതിനായി  ഒരു കൊച്ചു എന്‍ജിന്‍ വികസിപ്പിച്ചെടുത്തു. സൈക്കിളില്‍ പിടിപ്പിച്ച അവയ്ക്കാകട്ടെ, നല്ല സ്വീകാര്യത ലഭിക്കുകയും ചെയ്തു.

പക്ഷേ, വ്യാവസായികാടിസ്ഥാനത്തില്‍ എന്‍ജിന്‍  നിര്‍മ്മിക്കാനാവശ്യമായ  ഇരുമ്പിന്റെ ലഭ്യതക്കുറവും, വീണ്ടും ഒരു ഫാക്ടറി നിര്‍മ്മിക്കാനുള്ള  മുതല്‍ മുടക്കില്ലാത്തതും അദ്ധേഹത്തെ കുഴക്കി.

തളരാന്‍ തയ്യാറല്ലാത്തവര്‍ക്ക് മുന്‍പില്‍, പ്രതിസന്ധികള്‍ വഴി മാറും എന്ന വിശ്വാസം മാത്രമാണ്  അദ്ധേഹത്തെ മുന്നോട്ട് നയിച്ചത്.  യുദ്ധകാലത്ത് അമേരിക്കന്‍ പട്ടാളക്കാര്‍, നാടെങ്ങും  ഉപേക്ഷിച്ച് പോയ ഗ്യാസോലിന്‍ ക്യാനുകള്‍ പെറുക്കിയെടുത്ത്  ഉരുക്കി ഇരുമ്പിന്റെ ലഭ്യതക്കുറവ്, സോയ്ചീറോ  മറികടന്നു.

പിന്നീട് മൂലധനം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു. രാജ്യത്തുള്ള പതിനായിരത്തില്‍ പരം സൈക്കിള്‍ ഷോപ്പുടമകളോട്, തന്റെ പുതിയ സംരംഭത്തില്‍ ചെറിയ രീതിയില്‍ മുതല്‍ മുടക്കി പങ്കാളിയാവാന്‍, സോയ്ചീറോ ഹോണ്ട അഭ്യര്‍ത്ഥിച്ചതില്‍ പകുതിയോളം പേര്‍ അനുകൂലമായി സഹകരിച്ചതോടെ, ഹോണ്ട മോട്ടോര്‍ കമ്പനി എന്നു പേരിട്ട സ്ഥാപനത്തില്‍ നിന്നും ആദ്യത്തെ മോട്ടോറൈസ്ഡ് സൈക്കിള്‍ പുറത്തിറങ്ങി.

പിന്നീടുള്ളത്  എല്ലാവര്‍ക്കുമറിയാവുന്ന ഹോണ്ടയുടെ വിജയചരിത്രം.  മോട്ടോര്‍ സൈക്കിളും കാറും മുതല്‍ എയര്‍ക്രാഫ്റ്റ് വരെ നീളുന്ന ഹോണ്ട എന്ന നാമധേയം, ലോകത്തില്‍ സ്ഥാനം ഉറപ്പിച്ചത്, സോയ് ചീറോ ഹോണ്ട എന്ന വ്യക്തിയുടെ, തകര്‍ച്ചയിലും തളരാത്ത മനഃസാന്ദിദ്ധ്യം ഒന്നു കൊണ്ട് മാത്രമാണ്. ഏതെങ്കിലും ഘട്ടത്തില്‍ അദ്ധേഹം തളര്‍ന്നു വീണിരുന്നെങ്കില്‍ ‘ഹോണ്ട’ എന്ന പ്രസ്ഥാനം തന്നെ ലോകത്തുണ്ടാവുമായിരുന്നില്ല

പ്രതിസന്ധികളില്‍ പതറാത്ത, ജീവിതത്തില്‍ വീഴ്ചയുണ്ടാവുമ്പോഴൊക്കെ, പൂര്‍വ്വാധികം ശക്തിയോടെ, കുതിക്കുന്നവര്‍ക്കുള്ളതാണ് വിജയവും നേട്ടങ്ങളും എന്നതിന് അടിവരയിടുന്നതാണ് സോയ് ചിറോ ഹോണ്ടയുടെ ജീവിതം.

പ്രതിസന്ധികളില്‍ തട്ടി വീഴുമ്പോള്‍ നാമിനി റോഡിലേക്ക് നോക്കാം. പ്രതിസന്ധികളെ അതിജീവിച്ച ഹോണ്ടയെ, വാഹനങ്ങളിലൂടെ ദർശിക്കാം.  1991 ല്‍ സോയ് ചീറോ ഹോണ്ടയും 2013ല്‍ പത്‌നി സാചി ഹോണ്ടയും ഈ ലോകം വിട്ടു പോയെങ്കിലും അവര്‍ കാണിച്ചു തന്ന വെളിച്ചം നമ്മുക്ക് ഊര്‍ജ്ജം നല്‍കട്ടെ.

ജീവിതമൊരിക്കലും പട്ടുവരവതാനി വിരിച്ച വഴികളിലൂടെയാവില്ല.  നമ്മുക്കിനിയും പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നേക്കാം.

ഇന്ന് 140 ല്‍ പരം രാജ്യങ്ങളില്‍ വില്‍പ്പനയുള്ള ഹോണ്ട മോട്ടോര്‍ സൈക്കിളും കാറുകളും കാണുമ്പോള്‍ നാമോര്‍ക്കേണ്ടത്, വീഴുന്നതല്ല, മറിച്ച് വീണിടത്ത് നിന്നും എഴുന്നേല്‍ക്കാതിരിക്കുന്നതാണ് പരാജയം എന്ന സത്യമാണ്. സോയ് ചീറോ ഹോണ്ട കാണിച്ചു തന്ന സത്യം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!