രാജ്യത്തെ 50 ശതമാനത്തിലധികം പ്രൊഫഷണലുകളും വരുന്ന മൂന്ന് മാസത്തിനുള്ളിൽ തങ്ങളുടെ നിലവിലെ ജോലി മാറാൻ താൽപ്പര്യപ്പെടുന്നുവെന്ന് ‘അപ്‌ന ഭാരത് ബാക്ക് ടു വർക്ക്’ സർവേ റിപ്പോർട്ട്. നിലവിലുള്ള ജോബ് പ്രൊഫൈൽ നിലനിർത്തണമെന്ന് തന്നെയാണ് സർവേയിൽ പങ്കെടുത്തവരിൽ അഞ്ചിൽ നാല് പേരുടെയും അഭിപ്രായം. നിലവിലുള്ള ജോലി തുടരുന്നതിനിടയിൽ തന്നെ ഓരോ മാസത്തിലും ശരാശരി അഞ്ച് പുതിയ ജോലികളിലേക്കെങ്കിലും ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നുവെന്നും പഠനം വെളിപ്പെടുത്തുന്നുണ്ട്. പ്രൊഫഷണലുകളിൽ 50 ശതമാനം പേരും ആക്ടീവായി ജോലി തിരയുന്നവരാണ്. 22 ശതമാനം പേർ കിട്ടുന്ന സമയം മുഴുവൻ പുതിയൊരു ജോലിക്കായി ശ്രമം നടത്തുന്നവരാണ്. 30 ശതമാനം പേർ രണ്ട് മാസത്തിലൊരിക്കൽ മാത്രം പുതിയ ജോലിക്കായി ശ്രമിക്കുന്നു.

ടയർ I, ടയർ II നഗരങ്ങളിലായി അപ്ന ഡോട്ട് കോ (apna.co) നടത്തിയ സർവേയിൽ പുതിയ ജോലി തേടുന്നതിൽ 74 ശതമാനം പേർക്കും വേണ്ടത് ഉയർന്ന ശമ്പളമാണ്. 37 ശതമാനം പേർ കരിയറിലെ ഉയർച്ചയാണ് ജോലി മാറുന്നതിലൂടെ ലക്ഷ്യമിടുന്നത്. ടയർ I നഗരങ്ങളിലെ പ്രൊഫഷണലുകളാണ് ജോലി തിരയുന്നവരിൽ മുന്നിലുള്ളത്. എത്രയും പെട്ടെന്ന് പുതിയ ജോലിയിലേക്ക് മാറണമെന്ന് ഇവർ ആഗ്രഹിക്കുന്നു.

ടയർ II നഗരങ്ങളിലെ പ്രൊഫഷണലുകളിൽ കൂടുതൽ പേരും ഉയർന്ന ശമ്പളമാണ് ലക്ഷ്യം വെക്കുന്നത്. കരിയറിൽ പുരോഗതി വേണമെന്ന് ആഗ്രഹിക്കുന്നവരിലും ഭൂരിപക്ഷം പേർക്കും കൂടുതൽ ശമ്പളം വേണമെന്നും ആഗ്രഹമുണ്ട്. നിലവിലുള്ള ജോലി താൽക്കാലികമായി നിലനിൽക്കാനുള്ള വഴിയായാണ് ഇവർ കരുതുന്നത്. തങ്ങളുടെ മനസ്സിനിണങ്ങിയ ജോലി വൈകാതെ ലഭിക്കുമെന്ന് ഇവർ സ്വപ്നം കാണുന്നു. മെഡിക്കൽ ഇൻഷുറൻസ് പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കണമെന്ന് പുതിയ ജോലി തേടുന്നവർ ആഗ്രഹിക്കുന്നു. തങ്ങൾക്കും കുടുംബത്തിനും മെഡിക്കൽ ഇൻഷുറൻസ്, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്ന തരത്തിലുള്ള ആനുകൂല്യങ്ങൾ എന്നിവയെല്ലാം പ്രൊഫഷണുകളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!