ഓരോ വ്യക്തികളും സമൂഹങ്ങളും അവർക്ക് അനുയോജ്യമായ രീതിയിൽ പലതരം ചരിത്രങ്ങൾ നിർമ്മിച്ചെടുക്കുന്ന സംഘർഷങ്ങളുടെ പുതിയ കാലഘട്ടത്തിൽ ചരിത്രഗവേഷകരുടെ പ്രസക്തിയും ഉത്തരവാദിത്വവും വർദ്ധിച്ചുവരികയാണെന്ന് ചരിത്രകാരനും മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് പ്രൊഫസറുമായ ഡോ. എ. ആർ. വെങ്കിടാചലപതി പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ചരിത്രവിഭാഗം സംഘടിപ്പിച്ച യുവഗവേഷകരുടെ ദ്വിദിന ദേശീയ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രമെഴുതുന്നവരാണ് സമൂഹത്തിന്റെ ഭൂതകാലത്തെ നിർണയിക്കുന്നത്. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ പൊതുബോധത്തെ ശരിയായ ദിശയിലേക്കു നയിക്കുന്നതിൽ ചരിത്ര ഗവേഷകർക്ക് നിർണ്ണായക പങ്കുണ്ട്, അദ്ദേഹം പറഞ്ഞു.

സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ അക്കാദമിക് ബ്ലോക്ക് ഒന്നിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫസർ എം.വി. നാരായണൻ അധ്യക്ഷനായിരുന്നു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ആർട്‌സ് ആൻഡ് സോഷ്യൽ സയൻസസ് ഫാക്കൽട്ടി ഡീൻ ഡോ. സനൽ മോഹൻ മുഖ്യപ്രഭാഷണം നടത്തി. ചരിത്ര വിഭാഗം അധ്യക്ഷ ഡോ. കെ. എം. ഷീബ, ഡോ. സൂസൻ തോമസ്, ഡോ. എൻ.ജെ. ഫ്രാൻസിസ്, ഡോ. സെന്തിൽ ബാബു ദണ്ഡപാണി എന്നിവർ പ്രസംഗിച്ചു. ചരിത്ര വിഭാഗം ഗവേഷകരായ മീനു റബേക്കാ മത്തായി, ഐ. പി. സിത്താര, ജെലേന ആന്റണി, കെ.എ. ശ്രീജിത്ത് ഇ. സന്തോഷ്, കെ. ജി. അജിത് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ദേശീയ കോൺഫറൻസ് ഇന്ന് സമാപിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!