Reshmi Thamban
Sub Editor, Nownext
ഓക്കിഗഹാറ ഒരു നിബിഡ വനമാണ്. ജപ്പാനിലെ ഏറ്റവും വലിയ പർവ്വതമായ മൗണ്ട് ഫുജിയുടെ താഴ്വരയിലാണ് ഈ വനം സ്ഥിതിചെയ്യുന്നത്. മൗണ്ട് ഫുജിയിലേക്ക് യാത്രക്കാരെ ആകർഷിക്കുന്ന ഏറ്റവും പ്രധാന കാരണം എന്നതിനേക്കാളുപരി ഓക്കിഗഹാറ വനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരാൾക്ക് അയാളുടെ ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നുകയാണെങ്കിൽ അതിനു ഏറ്റവും പോപ്പുലർ ആയ ലോകത്തെ തന്നെ രണ്ടാമത്തെ ഇടം, അത് ഓക്കിഗഹാറയാണ്. ചുരുക്കത്തിൽ ഓക്കിഗഹാറ ഒരു ആത്മഹത്യാക്കാടാണ്.
ഇടതൂർന്ന മരങ്ങളും പച്ചപ്പുമൊക്കെ കൊണ്ട് തന്നെ sea of trees എന്നൊരു പേരുകൂടി ഉണ്ട് ഓക്കിഗഹാറക്ക്. വനത്തിന്റെ 30sq കിലോമീറ്റർ വോൾക്കാനിക് ലാൻഡ് ആണ്. ഏറ്റവും പ്രധാനം, ടോക്കിയോ നഗരത്തിൽ നിന്നും രണ്ട് മണിക്കൂർ യാത്ര ചെയ്താൽ ഓക്കിഗഹാറയിലെത്താം. പക്ഷെ സ്വസ്ഥമായി കുറച്ച് നടക്കാം, കാട് കാണാം എന്നൊക്കെയാണെങ്കിൽ, അതിന് പറ്റിയ സ്ഥലമല്ല ഓക്കിഗഹാറ.
കെട്ടുപിണഞ്ഞ് കിടക്കുന്ന മരങ്ങളുടെ വേരുകൾ യാത്രക്കാരെ നിഗൂഢമായ ഒരുതരം ഏകാന്തതയിലേക്കാണ് നയിക്കുക. പേടിപ്പിക്കുന്ന ഒന്ന്. വഴി തെറ്റി കാട്ടിലകപ്പെടാനും ആളുകളെ കാണാതാവാനും ഇത് കാരണമാവും. പക്ഷെ ജപ്പാൻ ആത്മീയവാദികൾ വിശ്വസിക്കുന്നത്, ഓക്കിഗഹാറയിൽ ആത്മഹത്യാ ചെയ്തവരുടെ ആത്മാക്കൾ മരങ്ങളിലേക്ക് തുളച്ചുകയറുകയും, പിന്നീട് കാട്ടിലേക്ക് വരുന്നവരെ കാടിന്റെ ആഴങ്ങളിൽ നിന്നും രക്ഷപെടാൻ കഴിയാത്ത വിധം കെണിയിൽ പെടുത്തുകയും ചെയ്യുന്നു എന്നാണ്.
പെട്ടുപോയാൽ രക്ഷപെടാൻ പറ്റാത്തതിന്റെ യഥാർത്ഥ കാരണം അവിടെയുള്ള വോൾക്കാനിക് ലാൻഡിലുള്ള മാഗ്നെറ്റിക് അയൺ നിക്ഷേപമാണ്. കാരണം മാഗ്നെറ്റിക് അയൺന്റെ നിക്ഷേപം കൂടുതലായുള്ളതിനാൽ തന്നെ അവിടെ എത്തുന്നതോടെ, ജി പി എസ് സിസ്റ്റവും, സെൽ ഫോണും, കോമ്പസ്സുകൾ പോലും പ്രവർത്തിക്കാതെയാവും. സ്വാഭാവികമായും വഴിതെറ്റും, ഒറ്റപ്പെടും, ഫോൺ ചെയ്യാനോ സഹായമഭ്യർത്ഥിക്കാനോ പോലും കഴിയാതെ കാട്ടിൽ അകപ്പെട്ടും പോകും. അതുകൊണ്ട് തന്നെ കാടിനുള്ളിലേക്ക് പോകുന്നവർ മരങ്ങളിൽ ടേപ്പുകൾ ചുറ്റിവെച്ച് വഴി അടയാളപ്പെടുത്തി വെക്കും. അങ്ങനെ ചെയ്താൽ വഴിതെറ്റിയാലും അടയാളം കണ്ടെത്തിയാൽ തിരിച്ചെത്താൻ കഴിയും.
ഓക്കിഗഹാറയിൽ എത്ര പേർ ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നതിന്റെ കണക്കുകൾ പുറത്തുവിടാൻ ജപ്പാൻ ഗവണ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല. പക്ഷെ റിപോർട്ടുകൾ പ്രകാരം 100 ൽ അധികം പേർ ഓരോ വർഷവും ഓക്കിഗഹാറയിൽ ആത്മഹത്യ ചെയ്യുന്നുണ്ട്. പല റിപ്പോർട്ടുകളും പറയുന്നത് ആളുകൾ ആഴ്ചകളോളം കാടിനുള്ളിൽ ക്യാമ്പ് ചെയ്യുകയും മരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയും ചെയ്യാറുണ്ട് എന്നാണ്. കാടിന്റെ എൻട്രൻസിൽ, ഒരു സൈൻ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. അത് ആളുകളെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായുള്ളതാണ്.
ഫോറെസ്റ്റ് സൂയിസൈഡ് കൗൺസിലേഴ്‌സും, പോലീസും കാടിനുള്ളിൽ അവിടവിടെയായി, സൈൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സമ്മാനമായി കിട്ടിയ ജീവിതം സ്വയം അവസാനിപ്പിക്കുന്നതിന് മുൻപ് രണ്ടുവട്ടം ചിന്തിക്കൂ… നിങ്ങളുടെ കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും ചിന്തിക്കൂ… നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്ക് നൽകിയ മനോഹരമായ ഗിഫ്റ്റ് ആണ് ഈ ജീവിതം എന്നിങ്ങനെ സന്ദേശങ്ങൾ ആ സൈൻ ബോർഡുകളിൽ എഴുതിവെച്ചിരിക്കുന്നുമുണ്ട്.
ഓക്കിഗഹാറയിലെത്തുന്ന ആളുകളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നത്, അവിടെ മുൻപ് മരിച്ച് പോയവരുടെ ആത്മാക്കളാണ് എന്നും, അവിടെ മരിച്ചവരുടെ ആത്മാക്കൾ കാടിനെ വേട്ടയാടിക്കൊണ്ടേയിരിക്കുകയാണ് എന്നുമാണ്, ചിലർ വിശ്വസിക്കുന്നത്. ‘യുറേയ്’ എന്നി വിളിക്കപ്പെടുന്ന ഈ ആത്മാക്കൾ കാടിനുള്ളിൽ വഴിതെറ്റി ദുഖിതരായി എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന ആളുകളെ ആത്മഹത്യയിലേക്ക് ആകർഷിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു എന്നും അവർ വിശ്വസിക്കുന്നു.
നിരവധി ബെസ്റ്റ് സെല്ലിങ് നോവലുകളിലും സിനിമകളിലും ഓക്കിഗഹാറ വനം പരാമർശിക്കപ്പെട്ടിട്ടുണ്ട്. The Forest, The Sea of Trees എന്നിവ ഉദാഹരണം. യഥാർത്ഥത്തിൽ ഓക്കിഗഹാറ മനോഹരമായ ഒരു ടൂറിസ്റ്റ് പ്ലേസ് ആണ്. ട്രെക്കിങ്ങിനും കാട് എക്‌സ്‌പ്ലോർ ചെയ്യാനുമൊക്കെ പറ്റിയ ഇടം. ആളുകൾ എന്തിനാണ് മരിക്കാനായി ഈ ഒരിടം തിരഞ്ഞെടുക്കുന്നത് എന്നാണ് ആർക്കും അറിയാത്തത്. മൃഗങ്ങൾക്ക് ഭക്ഷണമാവുക, അല്ലെങ്കിൽ കാടിനുള്ളിൽ കിടന്ന് ശരീരം ചീഞ്ഞ് അളിഞ്ഞ് പോവുക എന്നതിൽ കൂടുതൽ വേറൊന്നും പ്രതീക്ഷിക്കാനുമില്ല. പിന്നെ എന്തിന്? എന്തിന് മനുഷ്യർ സ്വയം കൊല്ലാൻ ഈ ഒരു കാട് തിരഞ്ഞെടുക്കണം? ഉത്തരമില്ലാത്ത ചോദ്യമായി ഓക്കിഗഹാറ ആത്മഹത്യാക്കാട് ഇന്നും നിലനിൽക്കുന്നു.