Reshmi Thamban
Sub Editor, Nownext
സ്വപ്നങ്ങൾക്ക് പിന്നാലെ പോവാറുണ്ടോ നിങ്ങൾ? നടക്കില്ല, നടക്കില്ല, ഒരിക്കലും നടക്കില്ല, വെറുതെ സമയം കളയണ്ട എന്ന് മാത്രം ചുറ്റുപാടുകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും എല്ലാവരിൽ നിന്നും കേട്ട് കേട്ട് മടുത്തതിന് ശേഷവും സ്വപ്നങ്ങൾക്ക് പിന്നാലെ പോയിട്ടുണ്ടോ? ഒരു നാൾ, ഒരു നാൾ ആ സ്വപ്നം യാഥാർഥ്യമാക്കിയിട്ടുണ്ടോ നിങ്ങൾ? നിരുത്സാഹപ്പെടുത്തിയവരുടെയൊക്കെ മുന്നിൽ ഞാൻ അത് ചെയ്തു എന്ന് ആത്മവിശ്വാസത്തോടെ തലയുയർത്തി പറയാൻ കഴിഞ്ഞിട്ടുണ്ടോ നിങ്ങൾക്ക്?
ഒന്നാലോചിച്ച് നോക്കൂ… എത്ര മനോഹരമായിരിക്കും ആ ഒരു നിമിഷം? കാത്യ എചാസരേറ്റ. മെക്സിക്കോയിലെ വഡാലഹാരയിൽ ജനിച്ചുവളർന്ന കാത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട സ്വപ്നം ബഹിരാകാശ യാത്ര ആയിരുന്നു. നടക്കില്ല, നമ്മളെകൊണ്ട് കൂട്ടിയാൽ കൂടില്ല, നമ്മളെപ്പോലുള്ളവർക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല എന്ന് മാതാപിതാക്കളും പിന്നാലെ സുഹൃത്തുക്കളും അധ്യാപകരും വരെ മുടക്കം പറഞ്ഞിട്ടും കാത്യ പിൻവാങ്ങാൻ തയ്യാറായിരുന്നില്ല.
അമേരിക്കൻ ബില്യണയർ ജെഫ് ബെസോസിന്റെ ഏറോസ്പേസ് മാനുഫാക്ചട്യൂറിങ് കമ്പനി ആയ ബ്ലൂ ഒറി ജിൻ ഈയിടെയാണ് അവരുടെ അഞ്ചാമത്തെ ബാച്ച് യാത്രക്കാരെ സ്പേസിലേക്ക് കൊണ്ടുപോയത്. ആറുപേരടങ്ങുന്ന യാത്രക്കാരുടെ സംഘത്തിൽ ഒരാളായി കാത്യയും തന്റെ സ്വപ്നം യാഥാർഥ്യമാക്കി. പുറത്തറിയിച്ചിട്ടില്ലാത്ത അത്രയും തുക കൊടുത്ത് ബാക്കിയെല്ലാവരും തന്റെ സീറ്റ് സ്വന്തമാക്കിയപ്പോഴും കാത്യ പക്ഷെ പൂർണമായും അവളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് സ്പേസിൽ പറന്ന് തിരിച്ചെത്തിയത്. ഇതോടെ ബഹിരാകാശത്ത് പരന്ന ആദ്യ മെക്സിക്കൻ വംശജയും, ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ വനിതയും കാത്യ എചാസരറ്റെ മാറി.
എലെക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദധാരിയാണ് കാത്യ. നാസയിൽ ടെസ്റ്റ് ലീഡ് ആയി വർക്ക് ചെയ്തിട്ടുണ്ട്. പഠിക്കുന്ന സമയത്ത് തന്നെ ഒരേസമയം നാല് ജോലി വരെ അവൾ ചെയ്തിട്ടുണ്ടത്രെ. 7 ആം വയസിൽ മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് മൈഗ്രേറ്റ് ചെയ്ത കാത്യ 18 ആം വയസിൽ മക്‌ഡൊണാൾഡിൽ ജോലിയും തുടങ്ങി. പക്ഷെ പഠനമുപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. ഇപ്പോൾ മെരിലാന്റിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും പി ജി കംപ്ലീറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് കാത്യ.
തന്നെ പോലെ ഉറച്ച ആഗ്രഹവും ആത്മവിശ്വാസവുമായി സ്വപ്‌നങ്ങൾ കീഴക്കടക്കാനെത്തുന്നവരെ അതിനു സഹായിക്കുക എന്ന ആഗ്രഹമാണ് കാത്യ യാത്രക്ക് ശേഷം പങ്കുവെച്ചത് . തന്നെ പോലെ ‘നിനക്കുള്ളതല്ല’ എന്ന് മാത്രം കേട്ടുശീലിച്ചവരെ, പറഞ്ഞ് ശീലിച്ചവരെ മാറ്റിച്ചിന്തിപ്പിക്കുക എന്ന ലക്ഷ്യവും കാത്യ പങ്കവെക്കുന്നു.
കാത്യ എചാസരറ്റെ എന്ന പെൺകുട്ടി സ്വപ്നം കാണാനും അതിനുവേണ്ടി ശ്രമിക്കാനും നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. നിരുത്സാഹപ്പെടുത്താൻ ഒരുപാടുപേരുണ്ടാകും. പക്ഷെ നമ്മുടെ സ്വപ്നവും, അതെത്രമാത്രം മനോഹരമാണ് എന്നും, അത് യാഥാർഥ്യമാവുന്നത് വരെ നമുക്ക് മാത്രമേ അറിയൂ. അതുകൊണ്ട്, സ്വപ്നം കാണുക, സ്വപ്നങ്ങൾക്ക് പിന്നാലെ പോവുക. അത് കയ്യെത്തിപ്പിടിക്കുക. കാത്യയെപ്പോലെ.