Reshmi Thamban
Sub Editor, Nownext
520 കൊല്ലങ്ങൾക്ക് മുൻപ് ലിയനാർഡോ ഡാവിഞ്ചി വരച്ച പോർട്രെയ്റ്റാണ് മൊണാലിസ. ലോകത്തെ ഏറ്റവും പ്രശസ്തമായ പോർട്രൈറ്റ്. ഡാവിഞ്ചി ഒളിപ്പിച്ച നിഗൂഢതകളും പേറി മൊണാലിസ ഇന്നും ഊഹാപോഹങ്ങൾക്ക് വിധേയയായി ലോകത്തെ അതിശയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. രൂപം കൊടുത്തിട്ട് അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം ഇന്നും ലുവെർ മ്യുസിയത്തിൽ ബുള്ളെറ്റ് പ്രൂഫ് ചില്ലുകൾക്ക് പുറത്ത് ആയിരക്കണക്കിനാളുകളാണ് ദിവസവും മൊണാലിസയെ കാണാനെത്തുന്നത്. ഹാളിന്റെ എല്ലാ വശങ്ങളിലൂടെയും മൊണാലിസയെ നോക്കി, ശരിയാണല്ലോ എങ്ങനെ നോക്കിയാലും എന്നെ തന്നെയാണല്ലോ നോക്കുന്നത് എന്ന്, ആശ്ചര്യപ്പെട്ടും, ഡാവിഞ്ചി വരച്ചൊളിപ്പിച്ച കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ തേടി കണ്ടുപിടിക്കാൻ ശ്രമിച്ചും അവർ കൗതുകം വിട്ടൊഴിയാതെ തിരിച്ച് പോവും. പഠിതാക്കളും ഗവേഷകരും മൊണാലിസയെ ചുറ്റിപ്പറ്റി ഇന്നും പഠനം തുടർന്നുകൊണ്ടേയിരിക്കുന്നുമുണ്ട്.
ആരാണ് മൊണാലിസ? ഇന്നും ആളുകൾ തിങ്ങി കൂടി കാണാൻ മാത്രം എന്ത് പ്രത്യേകതകളായിരിക്കും മൊണാലിസക്ക് ഉണ്ടായിരിക്കുക? അല്ലെങ്കിൽ എന്തൊക്കെ കാര്യങ്ങളായിരിക്കും ഡാവിഞ്ചി മൊണാലിസയിൽ ഒളിപ്പിച്ചിരിക്കുക? ഏതാണ്ട് 1503 – 1517 കാലയളവിലാണ് ഡാവിഞ്ചി മൊണാലിസക്ക് രൂപം കൊടുത്തിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയതും കണ്ടെത്താത്തതുമായി ഒരുപാടുണ്ട് മൊണാലിസക്ക് പ്രത്യേകതകൾ. മൊണാലിസ ഒരു എവൊല്യൂഷനറി ചിത്രം തന്നെയായിരുന്നു. അന്നുവരെ ആളുകളുടെ മുഖത്തിന്റെ പകുതി വശം മാത്രമായിരുന്നു വരക്കപ്പെട്ടിരുന്നതെങ്കിൽ, ഒരാളെ മുൻവശത്തുനിന്നും നോക്കിയാൽ കാണുന്നതെങ്ങനെയാണോ അതെ രീതിയിലാണ് ഡാവിഞ്ചി മൊണാലിസയുടെ രൂപം വരച്ചത്. സ്ഫുമാറ്റോ ടെക്‌നിക്ക് ഉപയോഗിച്ചാണ് ഡാവിഞ്ചി മൊണാലിസയെ വരച്ചിരിക്കുന്നത്. വെളിച്ചത്തിൽ നിന്ന് നിഴലുകളിലേക്കും, നിഴലുകളിൽ നിന്ന് വെളിച്ചത്തിലേക്കും വളരെ സൂക്ഷ്മമായ ട്രാൻസിഷൻസുമൊക്കെയായി ബ്ലെൻഡഡ് ആയി കിടക്കുന്ന, ഒരൊറ്റ നോട്ടത്തിൽ ഈ ട്രാൻസിഷൻസൊന്നും കണ്ട് മനസിലാക്കാൻ കഴിയാത്ത വിധമാണ് അത്.
ആരാണ് മൊണാലിസ? ആർക്കും ഇന്നും വ്യക്തമായി ഉത്തരമില്ലാത്ത ഒരു ചോദ്യമാണിത്. ഡാവിഞ്ചി തന്റെ തന്നെ മുഖം ഒരു സ്ത്രീയുടേതാക്കി വരച്ചതാണെന്നും, അല്ല, ചിത്രത്തിലുള്ളത് ഇറ്റാലിയൻ വനിതയായ ലിസ ജോകൊണ്ടോ ആണെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ട്. ചിത്രത്തിലെ വസ്ത്രങ്ങൾ നോക്കി, പഠിച്ച് അതിന്റെ അടിസ്ഥാനത്തിൽ മൊണാലിസ ഒരു ഗർഭിണിയായ സ്ത്രീയായിരുന്നെന്നും, അക്കാലത്ത് ഗർഭിണികളാണ് ഇത്തരം നേർത്ത കറുത്ത വസ്ത്രങ്ങൾ ധരിക്കാറുണ്ടായിരുന്നത് എന്നും കണ്ടെത്തലുകൾ കാണാം. മുടി അഴിച്ചിട്ടിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മൊണാലിസ ഒരു വേശ്യ ആയിരുന്നെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് വിധേയമായ, ചൂടൻ ചർച്ചകൾക്ക് വഴിതിരിച്ച ഒരഭിപ്രായവും അതാണ്. ഇതൊന്നും പോരാതെ തന്റെ അസിസ്റ്റന്റായിരുന്ന സലയ് എന്ന പുരുഷനെ മുന്നിലിരുത്തിയാണ് ഡാവിഞ്ചി മൊണാലിസ എന്ന സ്ത്രീ രൂപം വരച്ചത് എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
മൊണാലിസയുടെ പിറകിലായി വന്യമൃഗങ്ങൾ ഉള്ളതായി അനുമാനങ്ങളുണ്ട്. നേരെ നോക്കുമ്പോൾ കാണാൻ കഴിയാത്ത ഇവ ചിത്രം ഒരു പ്രത്യേക ദിശയിൽ തിരിച്ച് വച്ച് നോക്കുമ്പോൾ കാണാൻ കഴിയുമത്രേ. റോൺബോ കരീലോ എന്ന ചിത്രകാരനാണ് പശ്ചാത്തലത്തിൽ ഒളിപ്പിച്ചിരുന്ന ഈ വന്യമൃങ്ങളെ കുറിച്ച് ആദ്യമായി പറഞ്ഞത്. ചിത്രത്തിൽ കുറെയധികം രഹസ്യ കോഡുകൾ ഡാവിഞ്ചി ഉപയോഗിച്ചിട്ടുണ്ടെന്നാണ് മറ്റൊരു കണ്ടെത്തൽ. മൊണാലിസയുടെ കണ്ണിൽ എൽ വി എന്ന ഡാവിഞ്ചിയുടെ സിഗ്നേച്ചർ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. അതുപോലെ പശ്ചാത്തലത്തിൽ ചില നമ്പറുകളും ഉണ്ടത്രേ. പ്രശസ്ത എഴുത്തുകാരൻ ഡാൻ ബ്രൗൺ തന്റെ ഡാവിഞ്ചി കോഡ് എന്ന പുസ്തകത്തിൽ ഈ കോഡുകളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അതിന്റെ പേരിൽ ഡാൻ ബ്രൗൺ നിരവധി വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്. പിന്നീട് മാഗ്നിഫൈയിങ് ഗ്ലാസുകൾ ഉപയോഗിച്ചാൽ മാത്രം കാണാൻ കഴിയുന്ന ചില നമ്പർ കോഡുകൾ ചിത്രത്തിലുണ്ടെന്ന് കണ്ടെത്തി.
മൊണാലിസക്ക് പുരികങ്ങൾ ഇല്ല എന്നതാണ് അടുത്ത പ്രത്യേകത. ഇന്ന് നമ്മൾ കാണുന്ന മൊണാലിസ ചിത്രങ്ങളിൽ പുരികങ്ങൾ കാണാൻ കഴിയില്ല. പക്ഷെ ഡാവിഞ്ചി വരച്ച മൊണാലിസക്ക് പുരികങ്ങളുണ്ടയിരുന്നത്രെ. കാലക്രമേണ മാഞ്ഞുപോയ മൊണാലിസയുടെ പുരികങ്ങളുടെ അടയാളങ്ങൾ സൂപ്പർ കംപ്യൂട്ടറുകളുടെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്. ഇനിയുള്ളത് മൊണാലിസയുടെ ചിരിയാണ്. ഇത്രയും ശക്തമായ ഒരു ചിരി വേറെ ഒരു പെയിന്റിങ്ങിലും നമുക്ക് കാണാൻ കഴിയില്ല. ആ ചിരി ഇത്രകണ്ട് പ്രത്യേകത നിറഞ്ഞതായതിന് പിന്നിലെ കാരണം, വളരെ കുറഞ്ഞ സ്‌പേഷ്യൽ സ്‌ട്രോക്കിലാണ് ചുണ്ടുകൾ വരക്കപ്പെട്ടിരിക്കുന്നത് എന്നതിനാലാണ് എന്നാണ് ചിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. ഇങ്ങനെ ഇങ്ങനെ നീണ്ടുപോകുന്ന മൊണാലിസയുടെ നിഗൂഢതകൾ പഠിക്കാൻ ഇന്നും ആളുകൾക്ക് ഒരു ക്ഷാമവുമില്ല എന്നതാണ് ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം.
എല്ലാത്തിലുമുപരി ഏറ്റവും കൂടുതൽ കടത്തികൊണ്ടുപോകലുകൾക്കും, മോഷണങ്ങൾക്കും വിധേയമായിട്ടുള്ള ചിത്രം എന്ന പ്രത്യേകതയും മൊണാലിസക്കുള്ളതാണ്. മോഷണം, കല്ലെറിഞ്ഞ് ഗ്ലാസ് തകർക്കൽ മുതൽ ആസിഡാക്രമണത്തിനു വരെ വിദേയമായിട്ടുണ്ട് മൊണാലിസ. ലോകത്തെ ഏറ്റവും പ്രശസ്തമായ പെയിന്റിങ്ങായി, അഞ്ചൂറിലധികം വർഷം പഴക്കമുള്ള ഡാവിഞ്ചി ചിത്രം ഇന്നും നിലനിൽക്കുന്നതിന്റെ കാരണം ഇവയൊക്കെ തന്നെയാവും. പഠനങ്ങൾ നടന്നുകൊണ്ടേയിരിക്കുകയാണ്. ഡാവിഞ്ചിക്ക് മാത്രം അറിയാവുന്ന രഹസ്യങ്ങളുടെ ചുരുളഴിയാത്തിടത്തോളം കാലം അതൊക്കെ തുടർന്നുകൊണ്ടേയിരിക്കുകയും ചെയ്യും. ഡാവിഞ്ചിയും മൊണാലിസയും അതിലൊളിഞ്ഞിരിക്കുന്ന ഡസൻ കണക്കിന് നിഗൂഢതകളും ആളുകളുടെ ജിജ്ഞാസ കുറക്കുന്നേയില്ല എന്നതാണ് സത്യം.