അടുത്ത വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് പങ്കെടുക്കുന്ന നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ക്യാമ്പിന് എം.ജി. സർവകലാശാല ആതിഥ്യമരുളും. നവംബർ ഒൻപതു മുതൽ 18 വരെ എറണാകുളം ജില്ലയിലെ പൂത്തോട്ട സ്വാമി ശാശ്വതീകാനന്ദ കോളജിലാണ് ക്യാമ്പ്.

കേരളം, തമിഴ്‌നാട്, കർണാടക, പോണ്ടിച്ചേരി, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 210 എൻ.എസ്.എസ് വോളണ്ടിയർമാർ പങ്കെടുക്കും. ശാരീരിക ക്ഷമത, ആശയവിനിമയത്തിലും കലാ-സാഹിത്യമേഖകളിവുമുള്ള മികവ് തുടങ്ങിയവ വിലയിരുത്തിയാണ് ക്യാമ്പിലേക്ക് വോളണ്ടിയർമാരെ തിരഞ്ഞെുടുത്തത്. ഇതിൽ 40 പേരാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ യോഗ്യത നേടുകയെന്ന് എം.ജി. സർവകലാശാലാ എൻ.എസ്.എസ് കോ -ഓർഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസൻ അറിയിച്ചു.

നവംബർ അഞ്ചിന് കോട്ടയം ബസേലിയോസ് കോളേജിൽ നടന്ന ക്യാമ്പിൽനിന്ന് തിരഞ്ഞെുടുക്കപ്പെട്ട ആറു വിദ്യാർഥികൾ ദക്ഷിണേന്ത്യൻ ക്യാമ്പിൽ എം.ജി. സർവകലാശാലയെ പ്രതിനീധികരിക്കും. അഖിൽ രാജൻ(എൻ.എസ്.എസ്. ഹിന്ദു കോളജ് ചങ്ങനാശേരി), അഭിരാം ശങ്കർ(എൻ.എസ്.എസ് കോളജ് കോന്നി), അഫ്സൽ മിഥിലജ് എൻ.ടി (ഗവൺമെൻറ് കോളജ് കോട്ടയം) ഗൗരി എസ്.( നിർമല കോളേജ് മൂവാറ്റുപുഴ), അരുന്ധതി നമ്പ്യാർ(ഗവൺമെൻറ് ലോ കോളജ് എറണാകുളം), തെരേസ് മരിയ ബ്രൂസ് ലി(ബസേലിയോസ് കോളേജ് കോട്ടയം) എന്നിവരാണ് എം.ജി. സർവകലാശാലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.

നവംബർ ഒൻപതിന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങിൽ എം.ജി. സർവകലാശാലാ വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നാഷണൽ സർവീസ് സ്‌കീം റീജിയണൽ ഡയറക്ടർ ജി. ശ്രീധർ അധ്യക്ഷത വഹിക്കും. സർവകലാശാലാ സിൻഡിക്കേറ്റ് അംഗം റെജി സക്കറിയ മുഖ്യ പ്രഭാഷണം നടത്തും.

കാഷ് അവാർഡ്, സ്‌കോളർഷിപ്പ്, സാമ്പത്തിക സഹായം; എം ജി സർവകലാശാല അപേക്ഷ ക്ഷണിച്ചു

ഡൽഹിയിൽ 2020-2021, 2021-2022 അധ്യയന വർഷങ്ങളിലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻ.എസ്.എസ് വോളണ്ടിയർമാർക്കും എൻ.സി.സി കേഡറ്റുകൾക്കുമുള്ള കാഷ് അവാർഡിന് ഡിപ്പാർട്ട്മെൻറ് ഓഫ് സ്റ്റുഡൻറ് സർവീസസ് (ഡി.എസ്.എസ്) അപേക്ഷ ക്ഷണിച്ചു.

2021- 2022ലെ മഹാത്മാ ഗാന്ധി സർവകശാലാ യൂത്ത് ഫെസ്റ്റിവൽ വിജയികൾക്കുള്ള കൾച്ചറൽ സ്‌കോളർഷിപ്പിനും ഭിന്നശേഷി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കുള്ള മെഡിക്കൽ എയ്ഡ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികളായ വിദ്യാർഥികൾക്കുള്ള പ്രത്യേക സാമ്പത്തിക സഹായം എന്നിവയ്ക്കും ഡി.എസ്.എസിൽ അപേക്ഷിക്കാം.

അപേക്ഷാ ഫോറം സർവകലാശാലാ വെബ്സൈറ്റിലെ(www.mgu.ac.in) ഡൗൺലോഡ്സ് മെനുവിൽ അതർ ഫോംസ് എന്ന വിഭാഗത്തിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ പകർപ്പുകൾ ഉൾപ്പെടെ നവംബർ 30ന് വൈകുന്നേരം നാലിന് മുൻപ് സർവകലാശാലാ കാമ്പസിലെ ഡി.എസ്.എസ് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം.

കൾച്ചറൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നവർ യൂത്ത്ഫെസ്റ്റിവലിൽ സമ്മാനം ലഭിച്ചതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റിൻറെയും വരുമാന സർട്ടിഫിക്കറ്റിൻറെയും പകർപ്പുകളും അപേക്ഷയോടൊപ്പം നൽകണം.

എൻ.എസ്.എസ് വോളണ്ടിയർമാർക്കും എൻ.സി.സി കേഡറ്റുകൾക്കുമുള്ള കാഷ് അവാർഡിന് അപേക്ഷിക്കുന്നവർ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തതിന് ലഭിച്ച സർട്ടിഫിക്കറ്റിൻറെ പകർപ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. ഈ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ എൻ.സി.സി കേഡറ്റുകൾ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിൽനിന്ന് ലഭിച്ച സർട്ടിഫിക്കറ്റിൻറെയോ എൻ.എസ്.എസ് വോളണ്ടിയർമാൻ സർവകലാശാലാ എൻ.എസ്.എസ് ഡയറക്ടറുടെ സർട്ടിഫിക്കറ്റിൻറെയോ പകർപ്പ് നൽകിയാൽ മതിയാകും.

ചികിത്സാ സഹായത്തിനായി അപേക്ഷ സമർപ്പിക്കുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് ഏതു വിഭാഗത്തിലുള്ള സ്‌കോളർഷിപ്പിന് അല്ലെങ്കിൽ ധനസഹായത്തിനുള്ള അപേക്ഷയാണെന്ന് കാണിച്ചിരിക്കണം.

അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: ഡയറക്ടർ, ഡിപ്പാർട്ട്മെൻറ് ഓഫ് സ്റ്റുഡൻറ്‌സ് സർവീസസ്, മഹാത്മാ ഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ്, അതിരമ്പുഴ, കോട്ടയം 686560.