Reshmi Thamban

Reshmi Thamban
Sub Editor, Nownext

എന്താണ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ? യഥാർത്ഥത്തിൽ എന്താണ് ഈ അഡ്മിനിസ്ട്രേഷൻ ടീം ചെയ്യുന്നത്? ആശുപത്രികളിൽ ചെല്ലുമ്പോൾ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ചില ആരോഗ്യ പ്രവർത്തകരെയും മാത്രം കണ്ട് ശീലിച്ചിട്ടുള്ള നമുക്ക് ഈ പറഞ്ഞ അഡ്മിനിസ്ട്രേഷൻ ടീം അന്യരായിരിക്കും. നമുക്ക് പലപ്പോഴും അവരോട് ഡീൽ ചെയ്യേണ്ടി വരുന്നില്ല എന്നത് തന്നെ കാരണം. പക്ഷെ, ആശുപത്രികളിൽ അവരുടെ റോൾ വളരെ പ്രധാനപെട്ടതാണ്. ആശുപത്രികളുടെ പ്രവർത്തനങ്ങൾ സുഗമമായി നടന്നുപോകുന്നത് ഈ പറഞ്ഞ അഡ്മിനിസ്ട്രേഷൻ ടീം കാരണമാണ്. എങ്ങനെയാണോ ഹോട്ടലുകളും മറ്റും മാനേജർമാർ മാനേജ് ചെയ്യുന്നത്, അതെ പോലെ തന്നെ ആശുപത്രികളുടെ പ്രവർത്തനങ്ങൾ മാനേജ് ചെയ്യുന്നവരാണ് അഡ്മിനിസ്ട്രേഷൻ ടീം. 

ആശുപത്രിയുടെ ഡേ ടു ഡേ പ്രവർത്തനങ്ങൾ മാനേജ് ചെയ്യുന്ന ഒരാൾ, അയാളെ നമുക്ക് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ എന്ന് വിളിക്കാം. അവിടത്തെ A to Z കാര്യങ്ങളിൽ അഡ്മിനിസ്ട്രേറ്ററുടെ കണ്ണെത്തിയിരിക്കണം. രോഗികൾക്ക് മികച്ച സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങി ആശുപത്രി മാലിന്യങ്ങളുടെ സംസ്കരണം കൃത്യമായി നടക്കുന്നുണ്ടോ എന്നുറപ്പു വരുത്തേണ്ടത് വരെ അഡ്മിനിസ്ട്രേറ്ററുടെ ജോലിയാണ്. സാമ്പത്തിക കാര്യങ്ങൾ, ജോലിക്കാരുടെ നിയമനം, ഉദ്യോഗസ്ഥരെ നിയോഗിക്കാൻ, ദൈനം ദിന ആവിശ്യങ്ങൾക്ക് വേണ്ടിയുള്ള മുതൽമുടക്ക് കൈകാര്യം ചെയ്യൽ, കെട്ടിടങ്ങളുടെയും ഉപകരണങ്ങളുടെയും പരിപാലനം അങ്ങനെ അങ്ങനെ സകല കാര്യങ്ങളും മാനേജ് ചെയ്യണം. 

hospital administration

അഡ്മിനിസ്ട്രേഷൻ ജോലി ഒട്ടും എളുപ്പമല്ല, പ്രത്യേകിച്ച് ആശുപത്രിയിലേക്ക് വരുമ്പോൾ. ഫിനാൻഷ്യൽ സ്കിൽ, കമ്മ്യൂണിക്കേഷൻ സ്കിൽ, ലീഡർഷിപ്പ് സ്കിൽ, എംപ്ലോയീ റിലേഷൻസ്, പ്രോബ്ലം മാനേജ്‌മന്റ് സ്കിൽ തുടങ്ങി ഒരു ഓൾറൗണ്ടർ ആയാൽ മാത്രമേ അഡ്മിനിസ്ട്രേഷൻ മേഖലയിൽ ശോഭിക്കാൻ കഴിയൂ. ജോലി സാധ്യത ഒരുപാടുള്ള ഒരു മേഖലയാണ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ. കാരണം ഏത് ആശുപത്രിയിലായാലും, ഒരു ഡോക്ടറുടെയെന്ന പോലെ, നഴ്സിന്റെയെന്നപോലെ അത്രതന്നെ പ്രാധാന്യമുള്ള ഒരു പോസ്റ്റാണ് അഡ്മിനിസ്ട്രേറ്ററുടേത്. 

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ ഏതൊക്കെ എന്ന് നോക്കാം.

  • ബാച്ചിലർ ഓഫ് ഹോസ്പിറ്റൽ മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷൻ
  • പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷൻ
  • മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (MHA)
  • എം.ബി.എ. ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ
  • എം.ഡി./എം.ഫിൽ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ 

എന്നിങ്ങനെയാണ് കോഴ്സുകളുള്ളത്. കൂടാതെ ഹെൽത്ത്‌കെയർ അഡ്മിനിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എഴുപതോളം കോഴ്‌സുകൾ വേറെയുമുണ്ട്. ബാച്ചിലർ ഓഫ് ഹോസ്പിറ്റൽ മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷൻ കോഴ്സിന്റെ യോഗ്യത 50 % മാർക്കോടുകൂടിയ + 2 ആണ്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് എം.ബി.എ. ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, പി.ജി/ഡിഗ്രി/ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ തുടങ്ങിയ കോഴ്സുകൾക്ക് ചേരാൻ കഴിയും. 

എം ബി ബി എസ് ഡിഗ്രി ഉള്ളവർക്ക് മാത്രം ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് പരിമിതപ്പെടുത്തിയ ചില സ്ഥാപനങ്ങളുമുണ്ട്. 

  • ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്)
  • ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജ്, പൂനെ
  • ദേവി അഹല്യ വിശ്വവിദ്യാലയം, ഇൻഡോർ
  • നൈസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഹൈദരാബാദ്
  • കസ്തൂർഭാ മെഡിക്കൽ കോളേജ്, മണിപ്പാൽ 
  • ഷേർ-ഇ-കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ മെഡിക്കൽ സയൻസ്, ജമ്മു 

തുടങ്ങിയ സ്ഥാപനങ്ങളിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പഠിക്കാൻ എം.ബി.ബി.എസ്. നിർബന്ധിത യോഗ്യതയാണ്. 

hospital administration

പി.ജി., എം.ബി.എ. പഠനത്തിന് പുറമെ വിവിധ സർവകലാശാലകളും സ്ഥാപനങ്ങളും ഹോസ്പിറ്റൽ മാനേജ്‌മെന്റിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, കറസ്‌പോണ്ടൻസ് കോഴ്‌സുകൾ ഡിസ്റ്റന്റായി നൽകി വരുന്നുണ്ട്. 

  • അതേപോലെ ഇന്ത്യൻ സൊസൈറ്റി ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ അഥവാ ഐ.എസ്.എച്ച്.എ. ഹോസ്പിറ്റൽ മാനേജ്‌മെന്റിൽ ഒരു വർഷത്തെ ഡിസ്റ്റൻസ് ലേണിങ് പ്രോഗ്രാം സംഘടിപ്പിച്ച് വരുന്നുണ്ട്. 
  • തമിഴ്‌നാട് ഓപ്പൺ യൂണിവേഴ്‌സിറ്റി നടത്തുന്ന 2 ഇയർ എം.ബി.എ. ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ
  • ഇന്ത്യൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിങിന്റെ, ‘എക്‌സിക്യുട്ടീവ് എം.ബി.എ. ഇൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അഥവാ ഇ.എം.ബി.എ.
  • അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അഥവാ എ.ഡി.എച്ച്.എം. തുടങ്ങിയ ഡിസ്റ്റന്റ് കോഴ്സുകളുണ്ട്. 

കൂടാതെ പോണ്ടിച്ചേരി സർവകലാശാല, മദ്രാസ് സർവകലാശാല, ഭാരതീയാർ സർവകാലാശാല, അണ്ണാമലൈ സർവകലാശാല തുടങ്ങിയ യൂണിവേഴ്സിറ്റികൾ നടത്തിവരുന്ന എം.എച്ച്.എ. കോഴ്സുകളും നിലവിലുണ്ട്. 

അഡ്മിഷൻ

പ്ലസ്ടു മാർക്ക്, എൻട്രൻസ് എക്‌സാം, ഗ്രൂപ്പ് ഡിസ്‌കഷൻ, ഇന്റർവ്യൂ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ബാച്ചിലർ ഓഫ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കോഴ്സിന് അഡ്മിഷൻ ലഭിക്കുക. ബാംഗ്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മാനേജ്‌മെന്റ് റിസർച്ച് (ഐ.എച്ച്.എം.ആർ.) നടത്തുന്ന ഹോസ്പിറ്റൽ മാനേജ്‌മെന്റ് പി.ജി. (പി.ജി.പി.എച്ച്.എം.) പ്രോഗ്രാമുകൾക്ക് പക്ഷെ ഇന്റർവ്യൂ പാസായാൽ അഡ്മിഷൻ ലഭിക്കും. എം.ബി.എ. കോഴ്‌സുകൾക്കായുള്ള കോമൺ എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടിയവർക്ക് എം.ബി.എ. ഇൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കോഴ്‌സിനും ചേരാം.

മൂന്നുവർഷമാണ് ബി.എച്ച്.എം. കോഴ്‌സിന്റെ കാലാവധി. ഡിപ്ലോമ/എം.ബി.എ./മാസ്‌റ്റേഴ്‌സ് ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ/മാനേജ്‌മെന്റ് കോഴ്‌സിന്റെ കാലാവധി രണ്ടുവർഷവും, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രൊഫഷനൽ പ്രോഗ്രാം ഇൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കോഴ്‌സിന് 11 മാസവും ഇ.എം.ബി.എ., പി.ജി.ഡി.എച്ച്.എം., എ.ഡി.എച്ച്.എം. കോഴ്‌സുകൾക്ക് ഒരു വർഷവുമാണ് കാലാവധി.

hospital administration

ടോപ് ഇൻസ്റ്റിറ്റ്യുട്ട്സ് ഇൻ ഇന്ത്യ

  • സിംബിയോസിസ് സെന്റർ ഓഫ് ഹെൽത്ത് കെയർ, പൂനെ
  • ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ്, പിലാനി
  • അപ്പോളോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, ഹൈദരാബാദ്
  • ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, മുംബൈ
  • മണിപ്പാൽ യൂണിവേഴ്‌സിറ്റി, മണിപ്പാൽ തുടങ്ങിയവ ഇന്ത്യയിലെ തന്നെ മികച്ച സ്ഥാപനങ്ങളാണ്. 

ടോപ് ഇൻസ്റ്റിറ്റ്യുട്ട്സ് ഇൻ കേരള

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അരണാട്ടുകരയിലെ ഡോ. ജോൺ മത്തായി സെന്ററിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സ് പഠിക്കാൻ 50 ശതമാനം മാർക്കോട് കൂടിയ ബിരുദമാണ് യോഗ്യത. 
  • എം.ജി. സർവകലാശാലയുടെ കീഴിലുള്ള യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സുണ്ട്. 20 സീറ്റുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. 
  • കേരളസർവകലാശാലയുടെ വിദൂരവിദ്യഭ്യാസവിഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റന്റ് എജ്യുക്കേഷൻ മൂന്നുവർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, ഒരുവർഷത്തെ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, എന്നീ കോഴ്‌സുകൾ സംഘടിപ്പിക്കുന്നുണ്ട്. ഡിഗ്രിയാണ് യോഗ്യത. ഈ കോഴ്‌സിന് കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും സ്റ്റഡിസെന്ററുകളുമുണ്ട്.
  • അങ്കമാലിയിലെ ലിറ്റിൽ ഫ്‌ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ചിൽ എം.എച്ച്.എ. കോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്.
  • കൊച്ചിയിലെ അമൃത സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസ് ക്യാമ്പസിലും എം.എച്ച്.എ. കോഴ്‌സ് നടക്കുന്നുണ്ട്.

ഇതൊന്നും കൂടാതെ തമിഴ്‌നാട്ടിലെയും കർണാടകയിലെയും വിവിധ യൂണിവേഴ്സിറ്റികളുടെ സ്റ്റഡിസെന്ററുകൾ വഴിയും കേരളത്തിൽ എം.എച്ച്.എ. കോഴ്‌സ് പഠിക്കാവുന്നതാണ്. അങ്ങനെ ഈ കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഈ കോഴ്സുകളൊക്കെ കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുണ്ടോ എന്നുള്ളതാണ്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ പഠിച്ചാൽ പണികിട്ടാനുള്ള എല്ലാ സാധ്യതകളുമുണ്ട്. സർട്ടിഫിക്കറ്റിന്‌ മൂല്യമുണ്ടാവില്ല എന്നത് തന്നെ കാര്യം. 

ഹോസ്പിറ്റൽ അഡ്മിനിസ്ട്രഷൻ രംഗത്ത് ലഭിച്ചുവരുന്ന ശരാശരി വാർഷിക വരുമാനം നാലര ലക്ഷം രൂപയാണ്. ഈ പറയുന്നത് ശരാശരിയാണ്. ഇതിൽ കൂടുതലും കുറവും കിട്ടുന്നവരുണ്ടാകാം. അതുകൊണ്ടാണ് ശരാശരി സാലറി പറയുന്നത്. വിദേശത്തേക്ക് എത്തുമ്പോൾ വാർഷിക ശരാശരി 14 ലക്ഷം രൂപ വരെയാണ്. കഴിയും യോഗ്യതയും കൂടുന്നതിനനുസരിച്ച് സാലറിയും അഡ്മിനിസ്‌ട്രേറ്റീവ് മേഖലയിലെ പൊസിഷനും കൂടും. സാധ്യതകൾ നിരവധിയാണ്. താല്പര്യമുള്ളവർ കോഴ്സും സ്ഥാപനവും തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണം. സ്ഥാപനങ്ങൾക്ക് അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ ഇൻവെസ്റ്റ് ചെയ്ത പണവും സമയവും ഭാവിയും വെള്ളത്തിലാകും. അതുകൊണ്ട് തീരുമാനങ്ങൾ സുരക്ഷിതമായിരിക്കുവാൻ ശ്രദ്ധിക്കുക. `