സാമൂഹികപ്രസക്തിയുള്ള ഒട്ടനവധി പ്രവർത്തനങ്ങളിലൂടെ വളരെയധികം ജനശ്രദ്ധയാർജ്ജിച്ച സോഷ്യൽ സർവീസ് സ്‌കീം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. തിരക്കുപിടിച്ച പുത്തൻകാലത്തു നന്മയുടെ പൊൻകതിർവീശിക്കൊണ്ട് സോഷ്യൽ സർവീസ് സ്കീം അവരുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നു. അതിൽ ഏറെ ജനപിന്തുണ നേടിയ പ്രവർത്തനമായിരുന്നു കഴിഞ്ഞ ദിവസം തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്നത്.
തൃശൂർ ചിന്മയ മിഷൻ കോളേജിലെ 65 വിദ്യാർത്ഥികൾ ഗ്രൂപ്പ് ലീഡറായ മധുമാഷിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം സോഷ്യൽ സർവീസ് സ്കീമിന് കൂടുതൽ ജനസമ്മതി നേടിക്കൊടുക്കുന്ന ഒന്നായിരുന്നു. മെന്റൽ ഹോസ്പിറ്റൽ ഡ്യൂട്ടി സൂപ്രണ്ട് ആയ Dr. സ്നേഹജയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
ആശുപത്രിയും പരിസരവും ശുചിയാക്കിയായിരുന്നു പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നിമിഷ നേരം കൊണ്ട് ആശുപത്രി പരിസരം ക്ലീൻ. ശേഷം ആശുപത്രിയിലെ രോഗികൾക്കും മറ്റുള്ളവർക്കും സഹായകരമായ പ്രവർത്തനങ്ങളും സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ നടത്തുകയുണ്ടായി. ആശുപത്രിയെപ്പറ്റിയും അതിന്റെ അവസ്ഥയെപ്പറ്റിയും പഠിച്ച് ശാസ്ത്രീയമായി റിപ്പോർട്ട് തയ്യാറാക്കി പരിഹാരനടപടികളിലേക്ക് നയിക്കുന്ന കർമ്മപദ്ധതി തയ്യാറാക്കാനും അതിലേക്കുള്ള പ്രവർത്തനങ്ങൾ കൈക്കൊള്ളാനുമാണ് ചിൻമയ മിഷൻ കോളേജ് സോഷ്യൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ തീരുമാനം.
ആശുപത്രി ജീവനക്കാരും രോഗികളും ജനപ്രതിനിധികളും നാട്ടുകാരുമെല്ലാം വിദ്യാർത്ഥികളെ ഒന്നടങ്കം അഭിനന്ദിച്ചു. സോഷ്യൽ സർവീസ് സ്‌കീമിന്റെ ഇത്തരം പ്രവർത്തനങ്ങൾ മറ്റുള്ളവർക്കും സാമൂഹിക കാര്യങ്ങളിൽ ഇടപെടാനും പ്രവർത്തങ്ങൾ നടത്താനും പ്രചോദനമാകുമെന്നും സ്ഥലത്തെത്തിയവർ അഭിപ്രായപ്പെട്ടു.
ഇത്തരം നന്മനിറഞ്ഞ പ്രവർത്തങ്ങൾ ചെയ്യുന്ന സോഷ്യൽ സർവീസ് സ്‌കീം കലാലയങ്ങൾക്കും യുവതലമുറയ്ക്കും മാതൃകയാണ്. തൃശ്ശൂർ ചിന്മയ മിഷൻ കോളേജിനും മധുമാഷിനും മറ്റ് അംഗങ്ങൾക്കും നൗനെക്സ്റ്റിന്റെ ഒരു ബിഗ് സല്യൂട്ട്.